ADVERTISEMENT

കൊൽക്കത്ത ∙ കേരളത്തിന്റെ ഭാഗ്യമണ്ണാണ് കൊൽക്കത്ത! സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ വീഴ്ത്തിയതിന്റെ ആഘോഷമടങ്ങും മുൻപേ ഐ ലീഗിൽ ഗോകുലം കേരള എഫ്സി ഈസ്റ്റ് ബംഗാളിനെ തകർത്തു വിട്ടു. കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3–1നാണ് ഗോകുലത്തിന്റെ ഉജ്വല ജയം. ഹെൻറി കിസേക്ക (21’), ക്യാപ്റ്റൻ മാർക്കസ് ജോസഫ് (65’) എന്നിവരാണ് ഗോകുലത്തിന്റെ ഗോളുകൾ നേടിയത്. ഈസ്റ്റ് ബംഗാൾ താരം മാർട്ടി ക്രെസ്പി (46’) സെൽഫ് ഗോളും സമ്മാനിച്ചു. കാസിം എയ്ദാരയാണ് (27’) ആതിഥേയരുടെ ആശ്വാസഗോൾ നേടിയത്. മാർക്കസാണ് മാൻ ഓഫ് ദ് മാച്ച്.

ഇതോടെ, കഴിഞ്ഞ സീസണിലെ രണ്ടു മത്സരങ്ങളിലും ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവിക്ക് ഗോകുലം അവരുടെ തട്ടകത്തിൽത്തന്നെ മധുര പ്രതികാരം ചെയ്തു. മൂന്നു മത്സരങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഗോകുലം ലീഗിൽ വിജയവഴിയിൽ തിരികെയെത്തുന്നത്. വിജയത്തോടെ ആറു മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കു കയറി. മൂന്നാമതുള്ള ചർച്ചിൽ ബ്രദേഴ്സിനും 10 പോയിന്റാണെങ്കിലും ഗോൾശരാശരിയാണ് ഗോകുലത്തിനു മേൽ അവർക്ക് മേൽക്കൈ നൽകുന്നത്. ഈസ്റ്റ് ബംഗാളാകട്ടെ ആറു മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുമായി ആറാം സ്ഥാനത്തേക്കു പതിച്ചു.

ചെന്നൈ സിറ്റിക്കെതിരായ മത്സരത്തിൽ നിന്ന് ആറു മാറ്റങ്ങളുമായിട്ടാണ് ഗോകുലം കോച്ച് സാന്തിയാഗോ വരേല ടീമിനെ ഇറക്കിയത്. നാലാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരം യുവാൻ മേര ഗോൺസാലസിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് തട്ടികയറ്റി ഗോൾകീപ്പർ സി.കെ ഉബൈദ് ഗോകുലത്തെ കാത്തു. പിന്നാലെ ഗോകുലം ആക്രമണം തുടങ്ങി.

മകന് അസുഖമായതു മൂലം സ്പെയിനിലേക്കു മടങ്ങിയ സെന്റർ ബായ്ക്ക് ബോർജ ഗോമസിന്റെ അസാന്നിധ്യം ഈസ്റ്റ് ബംഗാളിനെ വലച്ചു. ഗോൾകീപ്പർ ലാൽതുവാൻമാവിയ റാൾട്ടെയുടെ സേവുകൾ ആദ്യം അവരെ രക്ഷിച്ചെങ്കിലും 21–ാം മിനിറ്റിൽ കിസേക്ക ഗോകുലത്തെ മുന്നിലെത്തിച്ചു. നവോച്ച സിങ്ങിന്റെ കട്ട് പാസ് സ്വീകരിച്ച്, ബോക്സിൽ ഈസ്റ്റ് ബംഗാൾ ഡിഫൻഡറെ കബളിപ്പിച്ച് കൂൾ ഫിനിഷ്. ആറു മിനിറ്റിനകം ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ചു. ക്യാപ്റ്റൻ ലാൽറിന്ദിക റാൾട്ടെയുടെ ഫ്രീകിക്കിൽ നിന്നുള്ള അഷീർ അക്‌തറിന്റെ ഹെഡർ ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു. എന്നാൽ വന്നു വീണത് കാസിം എയ്ദാരയുടെ കാൽക്കൽ. ഗോൾ.

ഒപ്പത്തിനൊപ്പം ഇടവേളയ്ക്കു പിരിയുമെന്നു കരുതിയിരിക്കെ ഗോകുലത്തിനു സമ്മാനമായി സെൽഫ് ഗോൾ. ബോക്സിൽ അങ്കലാപ്പോടെ കളിച്ച ഈസ്റ്റ് ബംഗാൾ താരം ക്രെസ്പി മാർക്കസ് ജോസഫിന്റെ ഷോട്ട് ക്ലിയർ ചെയ്തത് സ്വന്തം വലയിലേക്കു തന്നെ. അപ്രതീക്ഷിതമായി കിട്ടിയ ലീഡ് ഗോകുലത്തിന് ആവേശമായി. 65–ാം മിനിറ്റിൽ കിസേക്കയുടെ പാസിൽ നിന്ന് മാർക്കസ് തന്നെ കളിയും ഈസ്റ്റ് ബംഗാളിന്റെ കഥയും തീർത്തു.

English Summary: Gokulam FC vs East Bengal in I–League Match at Kolkata, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com