ADVERTISEMENT

കൊൽക്കത്ത ∙ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബായ കൊൽക്കത്ത മോഹൻ ബഗാനും സൗരവ് ഗാംഗുലി സഹഉടമസ്ഥനായ ഐഎസ്എൽ ഫുട്ബോൾ ക്ലബ് എടികെയും ഒന്നായി. എടികെയുടെ ഉടമസ്ഥരായ ആർപിഎസ്ജി ഗ്രൂപ്പ് മോഹൻ ബഗാൻ ക്ലബ്ബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിയതോടെയാണ് നടപടികൾ പൂർത്തിയായത്.

ഈ സീസൺ ഐഎസ്എൽ പൂർത്തിയാകുന്നതിനു പിന്നാലെ ജൂണിൽ ലയനം യാഥാർഥ്യമാകും. എടികെ – മോഹൻ ബഗാൻ എന്നോ മോഹൻ ബഗാൻ എടികെ എന്നോ ആയിരിക്കും ക്ലബ്ബിന്റെ പുതിയ പേരെന്ന് എടികെ ഉടമസ്ഥരിലൊരാളായ സഞ്ജീവ് ഗോയങ്ക പറഞ്ഞു.

ഐഎസ്എൽ ഇന്ത്യയിലെ മുൻനിര ലീഗായതോടെ ഗ്ലാമർ നഷ്ടപ്പെട്ട ഐ ലീഗിൽനിന്നു മോചനം തേടിയാണ് മോഹൻ ബഗാന്റെ ലയനം.

1889 ഓഗസ്റ്റ് 15നു കൊൽക്കത്തയിൽ ആരംഭിച്ച മോഹൻ ബഗാൻ ക്ലബ് രാജ്യത്തെ പ്രധാനപ്പെട്ട ചാംപ്യൻഷിപ്പുകളിലെല്ലാം അനേകം തവണ ജേതാക്കളായിട്ടുണ്ട്. കൽക്കട്ട ലീഗ് (30 തവണ), ഡ്യൂറൻഡ് കപ്പ് (16), റോവേഴ്സ് കപ്പ് (14), ഐഎഫ്എ ഷീൽഡ് (22), ഫെഡറേഷൻ കപ്പ് (14) എന്നിവ സ്വന്തമാക്കിയിട്ടുള്ള ടീം ഇന്ത്യൻ സൂപ്പർ കപ്പിൽ രണ്ടുതവണയും ഐ ലീഗ് ഒരുവട്ടവും അതിനുമുൻപത്തെ ദേശീയ ഫുട്ബോൾ ലീഗിൽ 3 തവണയും ജേതാക്കളായി.

ഐഎസ്എല്ലിൽ രണ്ടുവട്ടം ജേതാക്കളായിട്ടുള്ള എടികെയിൽ ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, സഞ്ജീവ് ഗോയങ്ക എന്നിവർക്കു പുറമേ ഹർഷവർധൻ നിയോറ്റിയ, ഉത്സവ് പരേഖ് എന്നിവർക്കാണ് ഓഹരിയുള്ളത്.

രണ്ടു ക്ലബ്ബുകളും ഒന്നാകുന്നതോടെ കളിക്കാരും പരിശീലകരും ഉൾപ്പെടെയുള്ളവരുടെ ഭാവി ചർച്ചയാകും. ഇന്ത്യൻ ഫുട്ബോളിന്റെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊൽക്കത്തയിൽ ഏറ്റവും അധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്നുകൂടിയാണ് മോഹൻ ബഗാൻ. കൽക്കട്ട ലീഗിലും ഐ ലീഗിലും വാശിയോടെ അരങ്ങേറാറുള്ള ഈസ്റ്റ് ബംഗാൾ – ബഗാൻ കൊൽക്കത്ത ഡാർബി പോരാട്ടത്തിനും ഇതോടെ തിരശ്ശീല വീഴും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com