ADVERTISEMENT

കൊൽക്കത്ത∙ എടികെ–മോഹൻ ബഗാൻ ലയനത്തോടെ ചരിത്രമാകാൻ പോകുന്ന കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ മോഹൻ ബഗാന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബഗാൻ ഈസ്റ്റ് ബംഗാളിനെ തകർത്തത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ബഗാന്റെ ജയം. ജോസെബ ബെയ്ടിയ (18), സെനഗൽ താരം ബാബ ദിയാവര (65) എന്നിവരാണ് ബഗാനായി ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ മാർക്ക് ജിമെനസ് (71) നേടി.

വിജയത്തോടെ എട്ടു കളികളിൽനിന്ന് 17 പോയിന്റുമായി മോഹൻ ബഗാൻ പോയിന്റ് പട്ടികയിലെ മേധാവിത്തം ഊട്ടിയുറപ്പിച്ചു. ഈസ്റ്റ് ബംഗാളാകട്ടെ ഏഴു കളികളിൽനിന്ന് എട്ടു പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു. ഇന്നു ജയിച്ചിരുന്നെങ്കിൽ ഈസ്റ്റ് ബംഗാളിന് ബഗാനു പിന്നിൽ രണ്ടാമതെത്താമായിരുന്നു. കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള 10 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെയുമായി ലയനം പ്രഖ്യാപിച്ചതിനാൽ അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ ക്ലബ് നിലവിലുണ്ടാകില്ല. ഈ സാഹചര്യത്തിൽ ഐ ലീഗിൽ പ്രശസ്തമായ കൊൽക്കത്ത ഡാർബിയും ചരിത്രമാവുകയാണ്. ഈ സീസണിൽ ഇനി മാർച്ച് 15ന് ഒരിക്കൽക്കൂടി ഇരു ടീമുകളും മുഖാമുഖം വരും. അതോടെ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ വ്യക്തമായ സ്ഥാനമുള്ള കൊൽക്കത്ത ഡാർബി ചരിത്രമാകും.

English Summary: Leaders Mohun Bagan Beat East Bengal 2-1 In Intense Kolkata Derby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com