ADVERTISEMENT

കോഴിക്കോട് ∙ പോസ്റ്റിന്റെ നേർരേഖയിൽനിന്ന് തൊടുക്കുന്ന കോർണർ കിക്ക്; വില്ലുപോലെ വളഞ്ഞ് വല കുലുക്കുന്ന ‘ഒളിംപിക് ഗോൾ’. ലോക ഫുട്ബോളിൽ തന്നെ അപൂർവമായ ആ കാഴ്ച കഴിഞ്ഞ ദിവസം വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറി. തൊടുത്തത് 10 വയസ്സുകാരൻ പി.കെ.ഡാനിഷ്. പ്രതിഭയുടെ കാൽസ്പർശമുള്ള ഗോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണിപ്പോൾ.

danish
ഡാനിഷ്

അഖില കേരള കിഡ്സ് അണ്ടർ 10 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിലാണു ഡാനിയുടെ സീറോ ആംഗിൾ ഗോൾ. ഫൈനലിൽ ഹാട്രിക് നേടി കോഴിക്കോട് കെഎഫ്ടിസിയെ ചാംപ്യൻമാരാക്കാനും (4–2) ഡാനിക്കു കഴിഞ്ഞു. ടൂർണമെന്റിലാകെ ഈ മിടുക്കൻ നേടിയത് 13 ഗോൾ. കോഴിക്കോട് പ്രസന്റേഷൻ സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥിയാണ്.

കോഴിക്കോട് മലയാള മനോരമയിലെ സീനിയർ ഫൊട്ടോഗ്രഫർ അബു ഹാഷിമാണ് സ്വന്തം മകന്റെ ഒളിംപിക് ഗോൾ ക്യാമറയിൽ പകർത്തിയത്. ഡാനിഷിന്റെ അമ്മ നോവിയ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയായിരുന്നു. മുൻ ഇന്ത്യൻ താരം ഐ.എം.വിജയൻ ഉൾപ്പെടെയുള്ളവർ വിഡിയോ ഷെയർ ചെയ്തു. 

ഭാഗ്യം കൊണ്ട് നേടിയ ഗോളല്ല ഡാനിയുടേത്. ഉടൻ തിയറ്ററുകളിലെത്താനിരിക്കുന്ന ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ എന്ന ചിത്രത്തിനായി ഡാനി ഒളിംപിക് ഗോൾ പല തവണ പ്രാക്ടീസ് ചെയ്തിരുന്നു. ലയണൽ മെസ്സിയെ സ്വപ്നംകണ്ടു കഴിയുന്ന 7 വയസ്സുകാരന്റെ കഥ പറയുന്ന ചിത്രത്തിൽ ഡാനിയാണു പ്രധാന കഥാപാത്രം. മെസ്സിയെപ്പോലെ ഇടതു കാലുകൊണ്ടു കളിക്കുന്ന ഡാനി ഒളിംപിക് ഗോൾ നേടിയത് വലതുകാൽ കൊണ്ടാണെന്നതും ശ്രദ്ധേയം.

എന്താണ് ഒളിംപിക് ഗോൾ?

കോർണർ കിക്കിൽനിന്നു മറ്റു കളിക്കാരുടെയൊന്നും സഹായമില്ലാതെ നേരിട്ടു നേടുന്ന ഗോളിനെയാണ് ഒളിംപിക് ഗോൾ എന്നു പറയുന്നത്. ഈയിടെ സ്പാനിഷ് സൂപ്പർ കപ്പ് സെമിയിൽ റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് വലയൻസിയയ്ക്കെതിരെ ഒളിംപിക് ഗോൾ നേടിയത് വൻ ആഘോഷമായിരുന്നു. 1924ൽ യുറഗ്വായ്ക്കെതിരെ ഒരു സൗഹൃദ മത്സരത്തിൽ അർജന്റീന താരം സെസാറിയോ ഒൻസാരിയാണ് ഇത്തരത്തിൽ ആദ്യ അംഗീകൃത ഗോൾ നേടിയത്. യുറഗ്വായ് അന്നത്തെ ഒളിംപിക് ചാംപ്യൻമാർ ആയിരുന്നതിനാലാണു ഗോളിന് ഇങ്ങനെ പേരുവീണത്. ഒളിംപിക് ഫുട്ബോളിൽ ആദ്യമായൊരു ഒളിംപിക് ഗോൾ നേടിയത് ഒരു വനിതാ താരമാണ്: 2012 ലണ്ടൻ ഒളിംപിക്സിൽ കാനഡയ്ക്കെതിരെ അമേരിക്കയുടെ മേഗൻ റപീനോ. 

English Summary: Danish olympic goal goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com