sections
MORE

ഇൻജറി ടൈമിലെ പെനൽറ്റി ഗോളിൽ യുവെയെ കാത്തു; ‘റെക്കോർഡ് റോണോ’!

christiano-ronaldo-celebration
ഇൻജറി ടൈമിലെ പെനൽറ്റി ഗോളിൽ യുവെന്റസിന് സമനില സമ്മാനിച്ച റൊണാൾഡോയുടെ ആഹ്ലാദം.
SHARE

മിലാൻ (ഇറ്റലി) ∙ അൽപം വിവാദത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും യുവെന്റസ് ജഴ്സിയിൽ തുടർച്ചയായ 11–ാം മത്സരത്തിലും ഗോളടിച്ച് റെക്കോർഡിന്റെ ‘നീളം കൂട്ടിയ’ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ ഇറ്റാലിയൻ കപ്പ് സെമി ഫൈനലിന്റെ ആദ്യപാദത്തിൽ ‘സമനില തെറ്റാതെ’ യുവെന്റസ്. തുടർച്ചയായ മൂന്നാം എവേ മത്സരത്തിലും തോൽവിയിലേക്കു നീങ്ങുകയായിരുന്ന യുവെന്റസിനെ, ഇൻജറി ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ‘സമ്പാദിച്ച’ പെനൽറ്റിയാണ് രക്ഷപ്പെടുത്തിയത്. മിലാനുവേണ്ടി ക്രൊയേഷ്യൻ താരം ആന്റി റെബിക് 61–ാം മിനിറ്റിൽ നേടിയ ഗോളിന് ഇൻജറി ടൈമിൽ ക്രിസ്റ്റ്യാനോയുടെ പെനൽറ്റി ഗോളിൽ മറുപടി കണ്ടെത്തിയ യുവെ, സമനിലയുമായി ആദ്യപാദം പൂർത്തിയാക്കി. സെമിയുടെ രണ്ടാം പാദം യുവെയുടെ തട്ടകമായ ടൂറിനിൽ മാർച്ച് നാലിനു നടക്കും.

71–ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട തിയോ ഹെർണാണ്ടസ് പുറത്തായതിനാൽ, 10 പേരുമായാണ് എസി മിലാൻ മത്സരം പൂർത്തിയാക്കിയത്. യുവെന്റസിന്റെ സമനിലഗോൾ വന്നതും അതിനുശേഷം തന്നെ. യുവെന്റസിന്റെ നാൽപ്പത്തിരണ്ടുകാരൻ ഗോൾകീപ്പർ ജിയാൻലൂജി ബഫണിന്റെ അസാമാന്യ പ്രകടനമാണ് മത്സരത്തിൽ യുവെന്റസിന്റെ ‘ജീവൻ’ രക്ഷിച്ചെടുത്തത്. പോസ്റ്റിനുമുന്നിൽ തകർപ്പൻ ഫോമിലായിരുന്ന ബഫൺ, ഗോളെന്നുറപ്പിച്ച അഞ്ചോളം അവസരങ്ങൾ രക്ഷപ്പെടുത്തി.

യുവെന്റസ് ബോക്സിൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയ മിലാനുള്ള സമ്മാനമായിരുന്നു റെബിക്കിന്റെ ഗോള്‍. പോസ്റ്റിനു തൊട്ടുവെളിയിൽനിന്ന് സാമു കാസ്റ്റില്ലെയോ ഉയർത്തിനൽകിയ ക്രോസിന് റെബിക് ഗോളിലേക്കു വഴികാട്ടുമ്പോൾ മുഴുനീളെ ൈഡവിലൂടെ തടയിടാൻ ബഫൺ ശ്രമിച്ചതാണ്. ഇക്കുറി പക്ഷേ, ചെറിയ വ്യത്യാസത്തിൽ പാളിപ്പോയി. 61–ാം മിനിറ്റിൽ മിലാന് ഒരു ഗോൾ ലീഡ്.

71–ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായെങ്കിലും എതിർ ടീമിന്റെ ആളെണ്ണം കുറഞ്ഞത് മുതലാക്കാനാകാതെ പോയ യുവെന്റസ് തോൽവിയുറപ്പിച്ചു നിൽക്കെയാണ് ക്രിസ്റ്റ്യാനോ രക്ഷകനായത്. ഇൻജറി ടൈമിൽ മിലാൻ ബോക്സിലേക്കെത്തിയ ക്രോസിന് ബൈസിക്കിൾ കിക്കിലൂടെ ഗോളിലേക്കു വഴികാട്ടാനുള്ള റൊണാൾഡോയുടെ ശ്രമം മിലാൻ താരം ഡേവിഡ് കലാബ്രിയയുടെ കൈകളിൽത്തട്ടി അവസാനിച്ചു. റഫറി ആദ്യം പെനൽറ്റി അനുവദിച്ചില്ലെങ്കിലും വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയ്ക്കൊടുവിൽ പെനൽറ്റി സ്പോട്ടിലേക്കു വിരൽചൂണ്ടി. കിക്കെടുത്ത റൊണാൾഡോ അനായാസം ലക്ഷ്യം കണ്ടതോടെ സമനിലയുമായി യുവെയ്ക്ക് മടക്കം. മാത്രമല്ല, 2020ൽ ഇതുവരെ കളിച്ച എട്ടു മത്സരങ്ങളിലും ഗോളടിച്ചെന്ന നേട്ടം റൊണാൾഡോയ്ക്കും സ്വന്തം.

English Summary: Cristiano Ronaldo's controversial late penalty rescued a draw for below-par Juventus in the first leg of their Coppa Italia semi-final at AC Milan.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA