sections
MORE

12 രാജ്യങ്ങളിലായി യൂറോകപ്പ്; പരിസ്ഥിതിവാദികളെ ഇളക്കി ‘കാർബൺ ഭൂതം’

euro
SHARE

ഫുട്ബോളും കാർബൺ ഡയോക്സൈഡും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലെന്നു തോന്നാം. എന്നാൽ, കാർബണിന്റെ പേരിൽ തലവേദനയിലാണു യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ ഇപ്പോൾ. അതിനു കാരണം ഒന്നേയുള്ളൂ: യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്. യൂറോ കപ്പിന്റെ 60–ാം വാർഷികമെന്ന നിലയ്ക്ക് യൂറോപ്പിലെ 12 രാജ്യങ്ങളിലായി ഇത്തവണത്തെ ടൂർണമെന്റ് നടത്താനുള്ള തീരുമാനമാണു ‘കാർബൺ ഭൂത’ത്തെ പരിസ്ഥിതിവാദികളുടെ ഇടയിലേക്കു തുറന്നുവിട്ടിരിക്കുന്നത്.

യൂറോ സ്പോൺസർമാരായി ഒരു പെട്രോളിയം കമ്പനിയെയും കാർബൺ ഫുട്പ്രിന്റിൽ തട്ടിപ്പു നടത്തിയെന്ന ആരോപണം നേരിടുന്ന വാഹനനിർമാണ കമ്പനിയെയും തിരഞ്ഞെടുത്തതിലൂടെ സെൽഫ് ഗോൾ അടിച്ച താരത്തിന്റെ അവസ്ഥയിലാണു യുവേഫ. ജൂൺ 12നാണു യൂറോയുടെ കിക്കോഫ്.

∙ കാർബൺ യാത്ര

തങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം കാണാനായി വിമാനത്തിലോ മറ്റോ ആരാധകർ യാത്ര ചെയ്യുമ്പോൾ ആയിരക്കണക്കിനു കിലോ കാർബണാകും അന്തരീക്ഷത്തിലേക്ക് എത്തുക. ഉദാഹരണത്തിന്, പോളണ്ട് ആരാധകർക്ക് തങ്ങളുടെ ടീമിന്റെ ഗ്രൂപ്പ് മത്സരങ്ങൾ കാണണമെങ്കിൽ 10 ദിവസത്തിനുള്ളിൽ 6000 കിലോമീറ്റർ ദൂരം വിമാനത്തിൽ സഞ്ചരിക്കണം. ഫൈനൽ നടക്കുന്നത് അസർബൈജാനിലെ ബാകുവിലാണ്. ലണ്ടനിൽനിന്ന് 5000 കിലോമീറ്റർ അകലെയാണ് ആ സ്ഥലം.

∙ 42.50 കോടി

കാർബൺ ഫുട്പ്രിന്റ് നോക്കിയാ‍ൽ 12 വേദികളിലായി നടക്കുന്ന യൂറോ കപ്പ് വൻ തോതിൽ കാർബൺ പുറന്തള്ളുമെന്നാണു പ്രകൃതിസ്നേഹികളുടെ കണക്ക്. യുവേഫയുടെതന്നെ കണക്കുപ്രകാരം 42,50,00000 കിലോ കാർബൺ വാതകം ഫുട്ബോൾ ആരാധകരുടെ യാത്രയിലൂടെമാത്രം പ്രകൃതിയിലേക്കെത്തും.

∙ യുവേഫ വാദം

12 രാജ്യങ്ങളിലെ വേദികളിൽ പുതുതായി ഒരെണ്ണം മാത്രമേയുള്ളൂ. സിമന്റ് ഉപയോഗിച്ചുള്ള പുതിയ നിർമാണം നടക്കാത്തതിനാൽ കാർബൺ പുറന്തള്ളൽ വളരെക്കുറവായിരിക്കും. പുതുതായി 8 സ്റ്റേഡിയങ്ങൾ നിർമിക്കുന്ന ഖത്തർ ലോകകപ്പുമായി താരതമ്യപ്പെടുത്തിയാൽ വളരെക്കുറവ്. സഞ്ചാരികളായ ആരാധകരുള്ള ഇംഗ്ലണ്ട്, ജർമനി, ഇറ്റലി, സ്പെയിൻ, ഹോളണ്ട് എന്നീ രാജ്യങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം അതതു രാജ്യങ്ങളിലാണു നടക്കുന്നത്. അതിനാൽ യാത്രമൂലമുള്ള പ്രശ്നം കുറവായിരിക്കും.

∙ മരമൊരു വരം

പരിസ്ഥിതിസൗഹൃദ വാഗ്ദാനങ്ങൾ ഒട്ടേറെ നൽകിയിട്ടുണ്ട് യുവേഫ: യൂറോ കപ്പിനു വേദിയാകുന്ന ഓരോ രാജ്യത്തും അരലക്ഷം മരത്തൈകൾ നട്ടുപിടിപ്പിക്കും. മത്സരദിവസങ്ങളിൽ കാണികൾക്കു പൊതുഗതാഗത സംവിധാനം സൗജന്യമായി ഉപയോഗിക്കാം. മാലിന്യസംസ്കരണത്തിനു പുതിയ പദ്ധതി.
‌‍
∙ കാർബൺ ഫുട്പ്രിന്റ്?

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ വർധന മനസ്സിലാക്കാൻ ഉപകരിക്കുന്ന അളവുകോലാണു കാർബൺ ഫുട്പ്രിന്റ്. കാർബൺ ഡയോക്സൈഡിന്റെ അളവു കൂടിയാൽ ഭൂമിയിൽ ചൂടുകൂടും. കാലാവസ്ഥാ വ്യതിയാനങ്ങൾ വർധിക്കും. മനുഷ്യജീവിതം ദുസ്സഹമാകും.

English Summary: Is UEFA scoring environmental own goal with Euro 2020?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA