ADVERTISEMENT

ബെംഗളൂരു ∙ തുടരെ 8 വിജയങ്ങൾ. നേടിയത് 40 ഗോൾ; വഴങ്ങിയത് വെറും മൂന്ന്! ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ ഫൈനലിൽ ഇന്ന് മണിപ്പുർ ടീം ക്രിഫ്സയെ നേരിടുന്ന ഗോകുലം കേരള വനിതാ ടീമിന്റെ ഇതു വരെയുള്ള പ്രകടനമാണിത്. ഐ ലീഗിന്റെ വനിതാ പതിപ്പായ വിമൻസ് ലീഗിൽ ഒരു കേരള ടീം ഫൈനലിലെത്തുന്നത് ഇതാദ്യം. സെമിയിൽ നിലവിലെ ചാംപ്യൻമാരായ മധുര സേതു എഫ്സിയെ 3–0ന് തോൽപിച്ചാണ് ഗോകുലം ഫൈനലിലെത്തിയത്. എന്നാൽ എതിരാളികളായ ക്രിഫ്സയും (കാങ്ചുപ് റോഡ് യങ് ഫിസിക്കൽ ആൻഡ് സ്പോർട്സ് അസോസിയേഷൻ) ഒട്ടും മോശക്കാരല്ല. 

ഗോകുലത്തിന്റെ മന്ത്രം ആക്രമണമാണെങ്കിൽ ഉറച്ച പ്രതിരോധമാണ് മണിപ്പുർ ടീമിന്റെ കരുത്ത്. ഗ്രൂപ്പ് ഘട്ടം ഗോൾ വഴങ്ങാതെ കടന്ന ക്രിഫ്സ സെമിഫൈനലിൽ മാത്രമാണ് ഒരു ഗോൾ വഴങ്ങിയത്. ഉച്ചയ്ക്ക് രണ്ടിനാണ് മത്സരത്തിന്റെ കിക്കോഫ്. ‘ഇന്ത്യൻ ഫുട്ബോൾ ടീം’ ഫെയ്സ്‌ബുക് പേജിൽ തൽസമയം കാണാം. 

ഗോകുലത്തിനും ക്രിഫ്സയ്ക്കും തീർക്കാൻ സെമിഫൈനൽ സങ്കടങ്ങൾ ബാക്കിയുണ്ട്. കഴിഞ്ഞ വർഷം മണിപ്പുർ പൊലീസിനോട് ഗോകുലം സെമി ഫൈനലിൽ തോറ്റു. അതിനു മുൻപ് റൈസിങ് സ്റ്റുഡന്റ്സ് ക്ലബ്ബിനോട് ക്രിഫ്സയും. ഇത്തവണ ക്രിഫ്സയോട് സെമി ഫൈനൽ കളിച്ച കെംഗ്രെയെ 10–1നു തോൽപിച്ച റെക്കോർഡ് ഗോകുലത്തിനുണ്ട്. ടീമിന്റെ ഗോളടി യന്ത്രമായ നേപ്പാൾ താരം സബിത്ര ഭണ്ഡാരിയിൽ തന്നെയാണ് ഗോകുലത്തിന്റെ പ്രതീക്ഷ. ടൂർണമെന്റിൽ ഇതുവരെ മികച്ച ഡിഫൻസീവ് റെക്കോർഡുള്ള ക്രിഫ്സയുടെ സ്വീറ്റി ദേവി, ലിൽതോയിൻഗാംബി, പക്പി ദേവി എന്നിവരെ സബ്രിതയും കൂട്ടുകാരും എങ്ങനെ മറികടക്കും എന്നത് ഫൈനലിനെ ആവേശകരമാക്കും.  

English Summary: Women's League final today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com