ADVERTISEMENT

ബെംഗളൂരു ∙ ‘വിജയം’ എന്നതാകുന്നു ഈ ഗോകുലം ടീമിന്റെ വിളിപ്പേര്! തോൽവിയറിയാതെ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിന്റെ ഫൈനലിലേക്കു കുത്തിച്ചെത്തിയ ഗോകുലം കേരള എഫ്സി മറ്റൊരു ഉജ്വല വിജയത്തോടെ കിരീടം അങ്ങെടുത്തു. ആദ്യമായാണ് ഒരു കേരള ടീം ഇന്ത്യൻ വനിതാ ലീഗ് ജേതാക്കളാകുന്നത്. പരമേശ്വരി ദേവി (1’), കമലാ ദേവി(25’), സബിത്ര ഭണ്ഡാരി (87’) എന്നിവരാണ് ഗോകുലത്തിന്റെ ഗോളുകൾ നേടിയത്. ദാംഗ്‌മെയ് ഗ്രേസ്(33’), രത്തൻബാല ദേവി (72’) എന്നിവരുടെ ഗോളിൽ ക്രിഫ്സ പോരാട്ടവീര്യം കാണിച്ചു

ഇന്ത്യൻ സീനിയർ ടീമിലെ ഒൻപതു താരങ്ങൾ കളിക്കുന്ന ക്രിഫ്സയെ ഞെട്ടിച്ചാണ് ഗോകുലം തുടങ്ങിയത്. കളി ഒരു മിനിറ്റ് തികയുന്നതിനു മുൻപേ ആദ്യഗോൾ. സ്വന്തം പകുതിയിൽ നിന്ന് ഗോകുലം ക്ലിയർ ചെയ്ത പന്ത് കിട്ടിയതു സബിത്രയ്ക്ക്. അതിവേഗത്തിൽ ഓടിക്കയറി സബിത്ര നൽകിയ ക്രോസ് ക്ലീൻ ഫിനിഷിലൂടെ പരമേശ്വരി ദേവി വലയിലെത്തിച്ചു. 25–ാം മിനിറ്റിൽ കമലാ ദേവിയുടെ ഫ്രീകിക്ക് ക്രിപ്സ പ്രതിരോധ മതിലിൽ തട്ടി വലയിലേക്കു പോയി. ഗോൾകീപ്പർ ലിൻതോയ്ഗാംബി ദേവി കാഴ്ചക്കാരിയായി (2-0).

ഗോകുലത്തിൽ നിന്നു വീര്യമുൾക്കൊണ്ട പോലെയാണ് ക്രിഫ്സ പിന്നീടു കളിച്ചത്. 33–ാം മിനിറ്റിൽ രഞ്ജൻ ചാനുവിന്റെ ഫ്രീകിക്കിൽ നിന്നുള്ള അഞ്ജു തമാങിന്റെ ഹെഡർ ഗോകുലം ഗോൾകീപ്പർ അദിതി ചൗഹാൻ കുത്തിയകറ്റിയെങ്കിലും ശക്തി കുറഞ്ഞു പോയി. കാൽക്കൽ കിട്ടിയ പന്തിനെ ദാംഗ്‌മെയ് ഗ്രേസ് നേരെ വലയിലേക്കു തിരിച്ചുവിട്ടു.

രണ്ടാം പകുതിയിൽ വീണ്ടും ഗോൾ വന്നതോടെ ക്രിഫ്സയ്ക്കു പ്രതീക്ഷയായി. റോജ ദേവി ബോക്സിലേക്കു ചിപ് ചെയ്ത പന്ത് തടയുന്നതിനായി മുന്നോട്ടു കയറിയ അദിതിക്കു പിഴച്ചു. ഗോകുലം ഗോൾകീപ്പറെ കടന്നു പോയ പന്ത് രത്തൻബാല വലയിലേക്കു തിരിച്ചു വിട്ടു. ക്രിഫ്സ ഒപ്പം (2–2).

കളിമികവിൽ ഗോകുലം മികച്ചു നിന്നെങ്കിലും രണ്ടു ഗോൾ തിരിച്ചടിക്കാനായത് ക്രിഫ്സയ്ക്ക് ആത്മവിശ്വാസമായി. എന്നാൽ 87–ാം മിനിറ്റിൽ മനീഷ കല്യാൺ നൽകിയ പന്ത് ഗോകുലത്തിന്റെ സൂപ്പർ സ്ട്രൈക്കർ സബിത്ര ഗോളിലേക്കു തിരിച്ചു വിട്ടു. കേരളം കാത്തിരുന്ന വിജയം.

ഗോകുലത്തിന് 10 ലക്ഷം

ജേതാക്കളായ ഗോകുലത്തിന് 10 ലക്ഷം രൂപയാണ് സമ്മാനത്തുക. ക്രിഫ്സയ്ക്ക് 5 ലക്ഷം. ക്രിഫ്സയുടെ രത്തൻബാല ദേവിയാണ് ടൂർണമെന്റിന്റെ താരം (1.24 ലക്ഷം രൂപ). ഗോകുലം സ്ട്രൈക്കർ സബിത്ര ഭണ്ഡാരി 19 ഗോളുകളോടെ ടോപ് സ്കോററായി (ഒരു ലക്ഷം).

ഇതാ ആ 4 മലയാളികൾ

athulya-manju-reshma-sivisha-gokulam-fc
അതുല്യ, മഞ്ജു, രേഷ്മ, സിവിഷ

ദേശീയ വനിതാ ഫുട്ബോൾ ലീഗ് ജേതാക്കളായ ഗോകുലം ടീമിൽ മലയാളി സാന്നിധ്യമായി നാലു പേർ. കെ.വി.അതുല്യ, മഞ്ജു ബേബി, സി.സിവിഷ, സി.രേഷ്മ എന്നിവരാണു ടീമിലെ കേരള ഗേൾസ്. പ്രതിരോധനിരയിൽ കളിക്കുന്ന അതുല്യ കോഴിക്കോട് കക്കോടി സ്വദേശിനിയാണ്. വയനാട്ടുകാരിയായ മഞ്ജു പിൻനിരയുടെ കരുത്താണ്.

സിവിഷയും (കണ്ണൂർ) രേഷ്മയും (പാലക്കാട്) മധ്യനിരയിൽ കളിക്കുന്നു. പരിശീലക പി.വി.പ്രിയയെ സഹായിക്കാൻ അസിസ്റ്റന്റ് കോച്ചായി ഷരീഫ് ഖാനുണ്ട്. ആദിത്യ ദിലീപാണു ഫിസിയോ. മാനേജർ: അസ്‌ലം ഷാഫി. ടെക്നിക്കൽ ഡയറക്ടർ: ബിനോ ജോർജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com