ADVERTISEMENT

ലണ്ടൻ ∙ ‘ബ്രിട്ടൻ ബ്രെക്സിറ്റടിച്ചു; സിറ്റി എക്സിറ്റും’– സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ ചാംപ്യൻസ് ലീഗിൽ നിന്ന് രണ്ടുവർഷ വിലക്ക് ലഭിച്ചത് ആഘോഷിക്കുകയാണ് എതിർ ടീമുകളുടെ ആരാധകർ. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ കടുത്ത നടപടിയുടെ ഞെട്ടലിലാണ് സിറ്റി ആരാധകർ. യൂറോപ്യൻ ഫുട്ബോൾ ക്ലബുകളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്എഫ്പി) ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഒന്നാം ക്ലബ് ചാംപ്യൻഷിപ്പായ ചാംപ്യൻസ് ലീഗിൽ നിന്ന് വിലക്ക് വന്നത്. 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴയും സിറ്റി അടക്കണം.

ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷനും അന്വേഷണം നടത്തി യുവേഫയുടെ പാത പിന്തുടരുകയാണെങ്കിൽ നിലവിലെ പ്രീമിയർ ലീഗ് സീസണിൽ സിറ്റിക്ക് ‘പോയിന്റ് പിഴ’ വരാനും സാധ്യതയുണ്ട്. പ്രീമിയർ ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് സിറ്റി. ഇപ്പോൾ നടന്നു വരുന്ന ചാംപ്യൻസ് ലീഗ് സീസണിൽ വിലക്ക് ബാധകമല്ല എന്നതു മാത്രമാണ് സിറ്റിക്കുള്ള ആശ്വാസം. നിലവിൽ പ്രീ–ക്വാർട്ടർ ഫൈനലിൽ റയൽ മഡ്രിഡിനെ നേരിടാനിരിക്കുകയാണ് ഇംഗ്ലിഷ് ക്ലബ്. 

നടപടിക്കെതിരെ രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് സിറ്റി അറിയിച്ചു. ‘‘തികച്ചും മുൻവിധികളോടെയുള്ള നടപടിയാണിത്. കേസ് കണ്ടെത്തിയതും യുവേഫ. അന്വേഷണം നടത്തിയതും യുവേഫ. വിധി പ്രഖ്യാപിച്ചതും യുവേഫ..’’–സിറ്റി  അറിയിച്ചു. തീരുമാനത്തിൽ നിരാശയുണ്ടെന്നും എന്നാൽ അപ്രതീക്ഷിതമല്ലെന്നും ക്ലബിന്റെ പത്രക്കുറിപ്പിൽ പറയുന്നു. അന്വേഷണം തുടങ്ങും മുൻപെ ക്ലബിനുള്ള ശിക്ഷ യുവേഫ തീരുമാനിച്ചിരുന്നതായും സിറ്റി ആരോപിച്ചു. 2018 നവംബറിൽ സിറ്റിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച രേഖകൾ ജർമൻ മാസികയായ ‘ദെർ സ്പീഗൽ’ പുറത്തു വിട്ടിരുന്നു. 2012–2016 കാലയളവിൽ സിറ്റിയുടെ പല ഇടപാടുകളും യുവേഫ ചട്ടങ്ങൾ ലംഘിച്ചായിരുന്നുവെന്ന സൂചനകൾ അതിലുണ്ടായിരുന്നു. ഇതേ തുടർന്നാണ് യുവേഫ അന്വേഷണം തുടങ്ങിയത്. അബുദാബി രാജകുടുബാംഗം ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് 2008 മുതൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടകൾ. യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർലൈൻസാണ് ടീമിന്റെ മുഖ്യ സ്പോൺസർമാർ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ സിറ്റി എഫ്സിയടക്കം വിവിധ രാജ്യങ്ങളിലെ എട്ട് ക്ലബുകളിൽ സിറ്റി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. 

സിറ്റിയുടെ തെറ്റ്

സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന വരുമാനം പെരുപ്പിച്ചു കാട്ടി ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ തെറ്റിച്ചതിനാണ് ശിക്ഷ. ഉറവിടം വ്യക്തമല്ലാത്ത പണം സ്പോൺസർഷിപ്പ് വരുമാനത്തിനൊപ്പം ചേർത്തുകാണിച്ചു എന്നാണ് യുവേഫ ക്ലബ് ഫിനാൻഷ്യൽ കൺട്രോൾ ബോഡി (സിഎഫ്സിബി) കണ്ടെത്തിയത്. യൂറോപ്പിലെ ഫുട്ബോൾ ക്ലബ്ബുകൾ വരവിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് തടയാനാണ് യുവേഫ ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്എഫ്പി) നിയമങ്ങൾ കൊണ്ടുവന്നത്. നിരവധി യൂറോപ്യൻ കടക്കെണിയിലായതോടെ 2009ലാണ് യുവേഫ എഫ്എഫ്പി നിയമങ്ങൾ കൊണ്ടുവന്നത്. 

rui-pinto
റൂയി പിന്റോ

വീട്ടിലിരുന്നു വീഴ്ത്തി, വൻമരങ്ങളെ!

പോർച്ചുഗലിലെ തന്റെ വീട്ടിലിരുന്ന് റൂയി പിന്റോ എന്ന പോർച്ചുഗീസ് ഹാക്കർ കുലുക്കിയത് വൻ മരങ്ങളെയാണ്. പക്ഷേ, താൻ ചോർത്തിയ രേഖകൾ മാഞ്ചസ്റ്റർ സിറ്റിയെ വെട്ടിലാക്കുന്നത് റൂയി കാണുന്നത് ലിസ്ബണിലെ ജയിലിരുന്നും! 2015 മുതൽ 2019 മാർച്ചിൽ അറസ്റ്റിലാകുന്നതുവരെ ഫുട്ബോളുമായി ബന്ധപ്പെട്ട ഏഴു കോടിയോളം രേഖകളാണ് റൂയി പിന്റോ ചോർത്തിയെടുത്തത്. ഈ രേഖകളാണ് മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയുമടക്കമുള്ള ക്ലബ്ബുകളുടെ  സാമ്പത്തിക തിരിമറികൾ വെളിച്ചത്ത് കൊണ്ടുവന്നത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കോടതി കയറ്റിയതും റൂയി പുറത്തുവിട്ട രേഖകളായിരുന്നു.

ജർമൻ പത്രമായ ‘ദെ സ്പീഗ’യുമായി ചേർന്നാണ് റൂയി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിനോ പെരെസ് തുടങ്ങിയ ഫുട്ബോൾ ഭീമൻമാരുടെ ഇ മെയിലുകളും രേഖകളും ചോർത്തിയത്. എന്നാൽ ഹാക്കിങ്ങിന്റെ പേരിൽ 2019 മാർച്ചിൽ ഹംഗറിയിൽ വച്ച് റൂയി അറസ്റ്റിലായി. നിലവിൽ 90 കേസുകളാണ് റൂയിയുടെ പേരിലുള്ളത്. പത്ത് വർഷം വരെ ജയിൽ ശിക്ഷ കിട്ടിയേക്കാം. റൂയിയെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ക്യാംപയിനുകളാണ് നടക്കുന്നത്.

ബിഗ് സിറ്റി! 

‘‘മാധ്യമരംഗം അടക്കിവാഴുന്ന ഡിസ്നിക്കു സമാനമായ ഒരു ഗ്രൂപ്പ് ലോക ഫുട്ബോളിലും വരണം’’– ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിന്റെ സിഇഒയും ആയ സ്പെയിനുകാരൻ ഫെറാൻ സോറിയാനോ 20 വർഷങ്ങൾക്കു മുൻപു പറഞ്ഞ വാക്കുകൾ. മുൻപ് സ്പാനിഷ് ക്ലബ് എഫ്സി ബാർസിലോനയുടെ വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് സോറിയാനോ ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. 2014ൽ സിറ്റി ഗ്രൂപ്പ് രൂപം കൊണ്ടപ്പോൾ സൊറാനോയുടെ സ്വപ്നങ്ങൾ ശരിക്കും ട്രാക്കിലായി. അബുദാബി ഗ്രൂപ്പിന്റെ സാമ്പത്തിക പിന്തുണയോടെ സൊറാനോ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിയിൽ ആ ലക്ഷ്യം നേടുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയായി മാഞ്ചസ്റ്റർ സിറ്റിക്ക് വിലക്കു വരുന്നത്.

സിറ്റി ഫുട്ബോൾ ഗ്രൂപ്പ് 

∙ സ്ഥാപിക്കപ്പെട്ടത് 2014 

നിക്ഷേപമുള്ള ടീമുകൾ, രാജ്യം, (ശതമാനം) 

∙ മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട് (100%)

∙ ന്യൂയോർക്ക് സിറ്റി എഫ്സി, യുഎസ്എ (80%)

∙ മെൽബൺ സിറ്റി എഫ്സി, ഓസ്ട്രേലിയ (100%)

∙ യോകോഹാമ എഫ് മാരിനോസ്, ജപ്പാൻ (20%)

∙ ടോർക്ക് അത്‍ലറ്റിക്, യുറുഗ്വായ് (100%)

∙ ജിറോണ എഫ്സി, സ്പെയിൻ (44%)

∙ സിഷ്വാൻ ജിഞ്ഞ്യു, ചൈന (28%)

∙ മുംബൈ സിറ്റി എഫ്സി, ഇന്ത്യ (65%) 

മാഞ്ചസ്റ്റർ സിറ്റി

സ്ഥാപിക്കപ്പെട്ടത്: 1894

∙ നിലവിലെ ഉടമകൾ സ്വന്തമാക്കുന്നതിനു മുൻപ് സിറ്റി നേടിയിരുന്നത് രണ്ട് ലീഗ് കിരീടങ്ങളും നാല് എഫ്.എ കപ്പ് കിരീടങ്ങളും രണ്ട് ലീഗ് കപ്പ് കിരീടങ്ങളും മാത്രം. ഏറെ ക്കാലം ഇംഗ്ലണ്ടിലെ രണ്ട്, മൂന്ന് ഡിവിഷനുകളിലും കളിച്ചു.

∙ നിലവിലെ ഉടമകൾ ഏറ്റെടുത്തത് 2008ൽ. അതിനു ശേഷം നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവ സ്വന്തമാക്കി. (ക്ലബ്ബിന്റെ ആദ്യ 128 വർഷം കൊണ്ട് നേടിയതിനേക്കാൾ കൂടുതൽ അവസാന 12 വർഷം കൊണ്ട് സിറ്റി സ്വന്തമാക്കി). 

ധനനഷ്ടം, മാനഹാനി ഇനി പോയിന്റ് നഷ്ടം?

കഴിഞ്ഞ സീസണിൽ ഏകദേശം 718 കോടി രൂപയാണ് സിറ്റിക്ക് ചാംപ്യൻസ്‍ലീഗിൽ നിന്നും വരുമാനം. വിലക്ക് വരുന്നതോടെ വരുമാനത്തിൽ വൻ നഷ്ടം സംഭവിക്കുമെന്നുറപ്പാണ്. യുവേഫയുടേതിന് സമാനമായ അന്വേഷണം പ്രീമിയർ ലീഗും നടത്തുന്നുണ്ട്. ഈ അന്വേഷണത്തിലും സിറ്റി ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് കണ്ടാൽ പ്രീമിയർലീഗിലെ പോയിന്റ് വെട്ടിക്കുറയ്ക്കൽ, പിഴ തുടങ്ങിയ ശിക്ഷകൾ നേരിട്ടേക്കാം.

ഗ്വാർഡിയോള സിറ്റി വിടുമോ?

പെപ് ഗ്വാർഡിയോളയ്ക്ക് അടുത്ത സീസൺ അവസാനം വരെ സിറ്റിയുമായി കരാറുണ്ട്. സിറ്റിയുടെ ശിക്ഷ നിലനിൽക്കുകയാണെങ്കിൽ ഗ്വാർഡിയോള ക്ലബ് വിടുന്ന കാര്യം തള്ളിക്കളയാനാകില്ല. എന്നാൽ ക്ലബ് നേതൃത്വവുമായുള്ള മികച്ച ബന്ധം ഗ്വാർഡിയോളയെ ക്ലബ്ബിൽ നിലനിർത്തിയേക്കുമെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരുമാനം കുറയുന്നതോടെ ക്ലബ് ചില കളിക്കാരെ വിൽക്കാനും സാധ്യതയുണ്ട്.

English Summary: Manchester City Banned From Champions League for 2 Seasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com