ADVERTISEMENT

ലണ്ടൻ ∙ ലിവർപൂളിന്റെ കുതിപ്പിന് തടയിടാൻ ചുണയുള്ളവർ ഈ സീസണിൽ തൽക്കാലമില്ല! ആഫ്രിക്കൻ ഫുട്ബോളർ സാദിയോ മാനെയുടെ ഗോളിൽ ദുർബലരായ നോർവിച്ചിനെ 1–0നു തോൽപിച്ച് യൂർഗൻ ക്ലോപ്പിന്റെ ടീം ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്കുള്ള കുതിപ്പിന് വേഗം കൂട്ടി. ലീഗിൽ ഇപ്പോൾ 

ലിവർപൂളിന് 25 പോയിന്റ് ലീഡായി. 76 പോയിന്റാണ് ലിവർപൂളിന്. രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 51 പോയിന്റും.

കാരോയിലെ കടുത്ത കാറ്റിനെക്കൂടി തോൽപിച്ചാണ് ലിവർപൂൾ മുന്നേറിയത്. 30 വർഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നാം ഡിവിഷൻ കിരീടത്തിലേക്ക് ചിറകടിക്കുന്ന ടീമിന് മുന്നിൽ തകർന്നടിയുന്നത് റെക്കോർഡുകളുടെ കൊട്ടാരങ്ങളാണ്. ഇന്നലത്തെ വിജയത്തോടെ പ്രീമിയർ ലീഗിൽ 43 കളികളിൽ അപരാജിതർ എന്ന നേട്ടത്തിലെത്തി ടീം. 2003–04 സീസണിൽ ആർസനൽ 49 കളികളിൽ തോൽക്കാതെ മുന്നേറിയതാണ് നിലവിലുള്ള റെക്കോർഡ്. നാബി കെയ്റ്റയെ മധ്യനിരയിൽ പരീക്ഷിച്ച് മാനെയെ ബെഞ്ചിലിരുത്തിയാണ് ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പ് ടീമിനെ ഇറക്കിയത്. 

കളിയിൽ മേധാവിത്തമുണ്ടായിരുന്നെങ്കിലും ഗോളവസരം അധികം തുറക്കാൻ ലിവർപൂളിനായില്ല. രണ്ടാം പകുതിയിലെത്തിയതോടെ ലിവർപൂളിനു സമ്മർദവുമായി. എന്നാൽ 78–ാം മിനിറ്റിൽ മാനെ ഗോൾ നേടിയതോടെ നാളത്തെ ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ അത്‍ലറ്റിക്കോ മഡ്രിഡിനെതിരായ മത്സരത്തിനു മുൻപ് ലിവർപൂളിന് ആത്മവിശ്വാസവുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com