ADVERTISEMENT

മഡ്രിഡ് ∙ ‘അപരാജിത റെക്കോർഡ്’ വീട്ടിൽ വച്ചിട്ടു വന്നാൽ മതി എന്നാണ് അത്‌ലറ്റിക്കോ ലിവർപൂളിനോടു പറഞ്ഞത്; മത്സരശേഷം ലിവർപൂൾ അതു തന്നെ തിരിച്ചു പറഞ്ഞു: ഞങ്ങളുടെ വീട്ടിലേക്കു വാ, കാണിച്ചു തരാം..! സോൾ നിഗ്വേസ് നേടിയ ഒറ്റ ഗോളിന് നിലവിലെ ചാംപ്യൻമാരെ വീഴ്ത്തി അത്‌ലറ്റിക്കോ ചാംപ്യൻസ് ലീഗിൽ വീണ്ടും തങ്ങളുടെ വില തെളിയിച്ചു. ലിവർപൂളിന്റെ സർവാക്രമണത്തെ തങ്ങളുടെ സ്വതസിദ്ധമായ ‘ഡിഫൻസീവ് ഫുട്ബോളിൽ’ പിടിച്ചിട്ടാണു ഡിയേഗോ സിമിയോണിയുടെ ടീം പ്രീക്വാർട്ടറിൽ നേരിയ മുൻതൂക്കം നേടിയത്. ജർമനിയിലേക്കു പോയ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും ലിവർപൂളിനു കിട്ടിയതുപോലൊരു അടി കിട്ടി. ടീനേജ് താരം എർലിങ് ഹാലൻഡിന്റെ 2 ഗോളിൽ ബൊറൂസിയ ഡോർട്മുണ്ട് അവരെ 2–1നു വീഴ്ത്തി. 2–ാം പാദം സ്വന്തം മൈതാനത്താണെന്നതു ലിവർപൂളിനും പിഎസ്ജിക്കും ആശ്വാസമാണ്. മാർച്ച് 11നാണു 2–ാം പാദ മത്സരങ്ങൾ. 

ഹാ...ലൻഡ് !

ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഗോളുകൾ എന്ന തന്റെ ‘തനിഗുണം’ ഡോർട്മുണ്ട് താരം ഹാലൻഡ് ചാംപ്യൻസ് ലീഗിലും കാണിച്ചു. 75–ാം മിനിറ്റിൽ നെയ്മറുടെ സമനില ഗോളിൽ പിഎസ്ജി ഒന്നാശ്വസിച്ചു നിൽക്കുമ്പോഴാണു ഹാലൻഡിന്റെ കിടിലൻ ഷോട്ട് ഗോൾവലയും ഫ്രഞ്ച് ക്ലബ്ബിന്റെ നെഞ്ചും കിടുക്കിയത്. 69–ാം മിനിറ്റിൽ നേടിയ ആദ്യ ഗോൾ വീണു കിട്ടിയ അവസരം മുതലെടുത്തായിരുന്നെങ്കിൽ ഇത്തവണ അവസരം തന്നെ ഹാലൻഡ് സൃഷ്ടിച്ചെടുത്തു. നോർവെ താരമായ ഹാലൻഡും ഫ്രാൻസ് താരമായ കിലിയൻ എംബപ്പെയും തമ്മിലുള്ള ‘പോരാട്ടമായി’ വാഴ്ത്തപ്പെട്ട മത്സരത്തിൽ എംബപ്പെയും മോശമാക്കിയില്ല. 

നെയ്മറുടെ ഗോൾ എംബപ്പെ തന്റെ അതിവേഗം കൊണ്ടു സൃഷ്ടിച്ചെടുത്ത അസിസ്റ്റിൽ നിന്നായിരുന്നു. എന്നാൽ ഹാലൻഡ് – സാഞ്ചോ കൂട്ടുകെട്ട് പോലെ അപകടകാരികളായില്ല നെയ്മറും എംബപ്പെയും.

10 ഗോൾ

ഒരു ചാംപ്യൻസ് ലീഗ് സീസണിൽ 10 ഗോൾ തികയ്ക്കുന്ന ആദ്യ കൗമാര താരമായി പത്തൊൻപതുകാരനായ ഹാലൻഡ്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർഗിനായി കളിച്ച ഹാലൻഡ് 8 ഗോളുകൾ നേടിയിരുന്നു. കിലിയൻ എംബപ്പെയ്ക്കു ശേഷം ചാംപ്യൻസ് ലീഗിൽ 10 ഗോളുകൾ തികയ്ക്കുന്ന ആദ്യ ടീനേജ് താരവുമായി ഈ നോർവെക്കാരൻ. 

വിന്റേജ് അത്‌ലറ്റിക്കോ

കഴിഞ്ഞ സീസണിൽ തങ്ങൾ കിരീടം ചൂടിയ മൈതാനമാണെങ്കിലും വ്യത്യസ്തമായ അന്തരീക്ഷമാണ് അത്‌ലറ്റിക്കോയുടെ മൈതാനമായ വാണ്ട മെട്രോപൊളിറ്റാനോയിൽ ലിവർപൂളിനെ വരവേറ്റത്. സ്വന്തം ടീമിനെ ഒന്നുണർത്താൻ ‘വെടിയും പുകയുമായി’ സ്റ്റേഡ‍ിയത്തിലെത്തിയ ആരാധകർക്കും അത്‌ലറ്റിക്കോയുടെ ജയത്തിൽ പങ്കുണ്ട്. ആരാധകരുടെ ആവേശത്തിൽ അത്‌ലറ്റിക്കോ കളിക്കാരും ഉഷാറായി. പരിശീലകൻ സിമിയോണിയുടെ ആദ്യകാലങ്ങളിൽ ക്ലബ് കാഴ്ച വച്ചിരുന്ന പഴുതടച്ച പ്രതിരോധമായിരുന്നു അവരുടെ തന്ത്രം. 4–ാം മിനിറ്റിൽ അപ്രതീക്ഷിതമായി കിട്ടിയ ഗോൾ അവർക്കു പ്രചോദനമാവുകയും ചെയ്തു. അത്‌ലറ്റിക്കോ മതിൽ തുറക്കാൻ ലിവർപൂൾ ആവതു ശ്രമിച്ചെങ്കിലും മുഹമ്മദ് സലായും ജോർദാൻ ഹെൻഡേഴ്സനും അവസരങ്ങൾ നഷ്ടപ്പെടുത്തി. ഒടുവിൽ, ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് കണ്ട സാദിയോ മാനെയെ പിൻവലിച്ച് ലിവർപൂൾ പരിശീലകൻ 2–ാം പാദത്തിനുള്ള ‘വിഭവശേഷി’ നിലനിർത്തി. 

വെല്ലുവിളിച്ച് ക്ലോപ്പ്; ‘ആൻഫീൽഡിലേക്കു സ്വാഗതം’

ലണ്ടൻ ∙ അത്‌ലറ്റിക്കോയുടെ അതിപ്രതിരോധത്തിനു മുന്നിൽ തോൽവി സമ്മതിച്ചെങ്കിലും ആൻഫീൽഡിലെ 2–ാം പാദത്തിൽ കളി മാറുമെന്നു ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ്. ‘മത്സരത്തിന്റെ ഹാഫ്ടൈമിൽ ഞങ്ങൾ 0–1നു പിന്നിലായ പോലെയേ എനിക്കു തോന്നുന്നുള്ളൂ... കളി തീർന്നിട്ടില്ല’– മത്സരശേഷം ക്ലോപ്പ് പറഞ്ഞു. ‘ഞങ്ങളവിടെയുണ്ടാകും. ടീമിന്റെ ആരാധകരുമുണ്ടാകും. അങ്ങോട്ടു വന്നാൽ മതി’ – ക്ലോപ്പ് കൂട്ടിച്ചേർത്തു. ടച്ച്‌ലൈനിനു പുറത്ത് അത്‌ലറ്റിക്കോ പരിശീലകൻ ഡിയേഗോ സിമിയോണിയുടെ ‘കാട്ടിക്കൂട്ടലുകളെ’ക്കുറിച്ച് ചോദിച്ചപ്പോൾ ക്ലോപ്പിന്റെ മറുപടിയിങ്ങനെ: ‘അങ്ങനെയൊന്നും ഞാൻ ചെയ്യേണ്ടി വരില്ല. ഞങ്ങൾ കളിച്ചു തന്നെ ജയിക്കും!’ സാദിയോ മാനെയ്ക്കു മഞ്ഞക്കാർഡ് നൽകിയതുൾപ്പെടെയുള്ള റഫറിയുടെ നടപടികളെയും ക്ലോപ്പ് വിമർശിച്ചു. പ്രീമിയർ ലീഗ് സീസണിൽ അപരാജിത കുതിപ്പു തുടരുന്ന ലിവർപൂൾ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാപ്പോളിയോടും പരാജയപ്പെട്ടിരുന്നു. 

English Summary: 2019–20 UEFA Champions League knockout phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com