ADVERTISEMENT

മിലാൻ ∙ ഇറ്റാലിയൻ ഫുട്ബോളിന്റെ തീയിൽ കുരുത്തവർ ചാംപ്യൻസ് ലീഗിന്റെ വെയിലത്തു വാടില്ല! സ്പാനിഷ് ക്ലബ് വലെൻസിയയെ നിലത്തു നിർത്താതെ പായിച്ച് അരങ്ങേറ്റക്കാരായ ഇറ്റാലിയൻ ക്ലബ് അറ്റലാന്റ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീ–ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ഉജ്വല ജയം കുറിച്ചു (4–1). നോക്കൗട്ട് ഘട്ടത്തിൽ ആദ്യമായി കളിക്കുന്ന ജർമൻ ക്ലബ് ലൈപ്സിഷ് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ടോട്ടനം ഹോട്സ്പറിനെ അവരുടെ മൈതാനത്ത് അടിച്ചിട്ടതോടെ (1–0) ചാംപ്യൻസ് ലീഗിൽ ഇന്നലെ ‘പുത്തൻ വരവു’കാരുടെ ദിനം. രണ്ടാം പാദത്തിൽ മൂന്നു ഗോളിനെങ്കിലും ജയിച്ചാലേ വലെൻസിയയ്ക്കു മുന്നേറാനാവൂ. ടോട്ടനമിന് എതിരാളികളുടെ മൈതാനത്ത് പോയി ജയിക്കുകയും വേണം. മാർച്ച് 10നാണ് രണ്ടാം പാദ മത്സരങ്ങൾ. 

 കടമെടുത്ത മൈതാനം 

ബെർഗാമോ നഗരത്തിലെ സ്വന്തം ഗ്രൗണ്ട് യുവേഫയുടെ ‘സ്റ്റാൻഡേഡിനു ചേരാത്തതിനാൽ’ എസി മിലാൻ, ഇന്റർമിലാൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടായ സാൻസീറോയിലാണ് അറ്റലാന്റ കളിക്കാനിറങ്ങിയത്. 16–ാം മിനിറ്റിൽ ഇറ്റാലിയൻ ക്ലബ് ഗോളടി തുടങ്ങി. അലജാന്ദ്രോ ഗോമസിന്റെ ക്രോസ് ഹാറ്റെബോയർ ബാക്ക്പോസ്റ്റിൽ ഗോളിലേക്കു തൊട്ടുവിട്ടു. ഗോൾ മടക്കാൻ തുടരെ രണ്ട് അവസരങ്ങൾ വലെൻസിയയ്ക്കു കിട്ടിയെങ്കിലും രണ്ടും പിഴച്ചു. ഇടവേളയ്ക്കു മുൻപു തന്നെ ജോസിപ് ഇലിസിച്ച് അറ്റലാന്റയുടെ ലീഡുയർത്തി. ബോക്സിന് തൊട്ട് ഉള്ളിൽ നിന്നുള്ള കിടിലൻ ഡ്രൈവ് വല തുളച്ചു.

കളി ഒരു മണിക്കൂറായപ്പോൾ അറ്റലാന്റ വീണ്ടും ഗോളടിച്ചു. ഇത്തവണ സ്വിസ് താരം റെമോ ഫ്ര്യൂളറുടെ വക. 63–ാം മിനിറ്റിൽ ഹാറ്റെബോയറുടെ രണ്ടാം ഗോളും വന്നതോടെ സാൻസീറോയിലെത്തിയ അര ലക്ഷത്തോളം അറ്റലാന്റ ആരാധകർ മതിമറന്നു. അറ്റലാന്റയുടെ ആലസ്യത്തിൽ നിന്നു കിട്ടിയ അവസരത്തിൽ വലെൻസിയ താരം ഡെനിസ് ചെറിഷേവ് ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പാദത്തിലെ മൂന്നു ഗോൾ ആനുകൂല്യം അറ്റലാന്റയ്ക്കു തുണയാകും. 

 കവർന്നെടുത്ത ജയം 

ചാംപ്യൻസ് ലീഗിൽ അപ്രതീക്ഷിത ടീമുകളെ കൊണ്ട് മാജിക് കാഴ്ച വയ്ക്കാറുള്ള പരിശീലകൻ ഹോസെ മൗറീഞ്ഞോയ്ക്ക് ഇത്തവണ അതു പോലൊരു തിരിച്ചടി. നോക്കൗട്ട് ഘട്ടത്തിൽ‌ ആദ്യമായി കളിക്കുന്ന ജർമൻ ക്ലബ് ലൈപ്സിഷ് മൗറീഞ്ഞോയുടെ ടോട്ടനമിനെ വീഴ്ത്തിയത് അവരുടെ മൈതാനത്ത്.10 വർഷം മുൻപ്, എനർജി ഡ്രിങ്ക് നിർമാതാക്കളായ റെഡ്ബുൾ സ്ഥാപിച്ച ക്ലബാണ് ലൈപ്സിഷ്. 58–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജർമൻ താരം ടിമോ വെർണറാണ് ലൈപ്സിഷിനു വിലപിടിപ്പുള്ള എവേ ഗോളും വിജയവും സമ്മാനിച്ചത്. ഹാരി കെയ്ൻ, സൺ ഹ്യൂങ് മിൻ എന്നിവരില്ലാതെയാണ് ടോട്ടനം ഇറങ്ങിയത്. 

അല്ല പിന്നെ! 

1–0 എന്നു പറഞ്ഞാൽ 1–0 തന്നെയാണ്. അല്ലാതെ 10–0 അല്ല. ആദ്യപാദം തോറ്റിട്ടും പിന്നെ ജയിക്കുന്ന ഒട്ടേറെ ക്ലബ്ബുകളുണ്ട്. ഞങ്ങളും ജയിക്കും..

-ഹോസെ മൗറീ‍ഞ്ഞ(ടോട്ടനം പരിശീലകൻ) 

English Summary: UEFA Champions League 2020, Pre Quarter First Leg Matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com