ADVERTISEMENT

ടൂറിൻ∙ രാജ്യത്തിനും വിവിധ ക്ലബ്ബുകൾക്കുമായി 1000 മത്സരങ്ങൾ പൂർത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡിന്റെ പിൻബലമുള്ളൊരു ഗോൾതിളക്കവും. ഇറ്റാലിയൻ സെരി എയിൽ സ്പാലിനെതിരെയാണ് ക്രിസ്റ്റ്യാനോ കരിയറിലെ 1000–ാമത്തെ മത്സരത്തിന് ബൂട്ടുകെട്ടിയത്. ആദ്യ ഗോൾ റൊണാൾഡോ സ്വന്തമാക്കിയ ആവേശപ്പോരാട്ടത്തിൽ സ്പാലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് യുവെന്റസ് പട്ടികയിൽ നാലു പോയിന്റ് ലീഡും നേടി. 25 കളികളിൽനിന്ന് 60 പോയിന്റുമായാണ് യുവെ ഒന്നാമതു നിൽക്കുന്നത്. ഒരു മത്സരം കുറച്ച് കളിച്ച ലാസിയോ 56 പോയിന്റുമായി രണ്ടാമതുണ്ട്.

മത്സരത്തിന്റെ 39–ാം മിനിറ്റിലാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്. വലതുവിങ്ങിൽനിന്ന് കൊളംബിയൻ താരം യുവാൻ ക്വാഡ്രഡോ നൽകിയ ത്രൂപാസ് തകർപ്പനൊരു വോളിയിലൂടെ റൊണാൾഡോ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ ആരോൺ റാംസെയിലൂടെ യുവെ ലീഡുയർത്തി. 60–ാം മിനിറ്റിൽ പൗലോ ഡൈബാലയിൽനിന്ന് ലഭിച്ച പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചാണ് റാംസെ ലീഡുയർത്തിയത്. പെനൽറ്റിയിൽനിന്ന് ആന്ദ്രെ പെറ്റാഗ്‍നയാണ് (69) സ്പാലിന്റെ ആശ്വാസ ഗോൾ നേടിയത്.

1000 കളികളിൽനിന്ന് കരിയറിലെ 725–ാം ഗോളാണ് റൊണാൾഡോ സ്പാലിനെതിരെ നേടിയത്. സെരി എയിലെ തുടർച്ചയായ 11–ാം മത്സരത്തിലും ലക്ഷ്യം കണ്ട റൊണാൾഡോ ഇക്കാര്യത്തിൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ഫാബിയോ ക്വാഗ്ലിയാറെല്ലോ എന്നിവരുടെ റെക്കോർഡിനൊപ്പമെത്തി. സെരി എയിലെ അടുത്ത മത്സരത്തിലും ഗോളടിച്ചാൽ റൊണാൾഡോയ്ക്ക് ഈ റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാം. റൊണാൾഡോ ഇതുവരെ ആകെ കളിച്ച 1000 മത്സരങ്ങളിൽ 836 എണ്ണം ക്ലബ്ബിനായും 164 എണ്ണം രാജ്യത്തിനായുമാണ്.

∙ ചെൽസിക്കും സിറ്റിക്കും ജയം

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കരുത്തരായ ടോട്ടനം ഹോട്സ്‌പറിനെ തകർത്ത് ചെൽസിയും ലെസ്റ്റർ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിയും മുന്നോട്ട്. പ്രമുഖ താരങ്ങളുടെ പരുക്കുമൂലം കഷ്ടപ്പെടുന്ന ടോട്ടനെത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി തകർത്തത്. ലെസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തിയത്.

വിജയത്തോടെ 27 കളികളിൽനിന്ന് 44 പോയിന്റുമായി ചെൽസി നാലാമത് തുടരുന്നു. ഇത്രയും മത്സരങ്ങളിൽനിന്ന് 40 പോയിന്റുള്ള ടോട്ടനം അഞ്ചാമതുണ്ട്. 27 കളികളിൽനിന്ന് 57 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതാണ്. തോറ്റെങ്കിലും അത്രതന്നെ മത്സരങ്ങളിൽനിന്ന് 50 പോയന്റുമായി ലെസ്റ്റർ മൂന്നാമതും തുടരുന്നു.

മത്സരത്തിന്റെ ഇരുപകുതികളിലുമായി ഒലിവർ ജിറൂദ് (15), മാർക്കോസ് അലൻസോ (48) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. ടോട്ടനം താരം എറിക് ലമേലയുടെ ഷോട്ട് തടയാനുള്ള ശ്രമത്തിൽ സ്വന്തം പോസ്റ്റിൽ പന്തെത്തിച്ച ചെൽസി താരം അന്റോണിയോ റുഡിഗറാണ് ടോട്ടനത്തിന് ആശ്വാസഗോൾ സമ്മാനിച്ചത്. ഗബ്രിയേൽ ജെസ്യൂസ് 80–ാം മിനിറ്റിൽ നേടിയ ഏക ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ലെസ്റ്ററിനെ വീഴ്ത്തിയത്. മറ്റു മത്സരങ്ങളിൽ ബേൺലി ബേൺമൗത്തിനെയും (3–0), ക്രിസ്റ്റൽ പാലസ് ന്യൂകാസിലിനെയും (1–0), സതാംപ്ടൺ ആസ്റ്റൺ വില്ലയെയും (2–0) തോൽപ്പിച്ചു. ഷെഫീൽഡ് യുണൈറ്റഡും ബ്രൈറ്റണും സമനിലയിൽ (1–1) പിരിഞ്ഞു.

∙ ഹാലൻഡ് കരുത്തിൽ ബൊറൂസിയ

നിർബാധം ഗോളടി തുടരുന്ന നോർവീജിയൻ വണ്ടർ കിഡ് എർലിങ് ഹാലൻഡിന്റെ മികവിൽ ജർമൻ ബുന്ദസ് ലിഗയിൽ ബൊറൂസിയ ഡോർട്മുണ്ടിന് വിജയത്തുടർച്ച. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം ഡാൻ ആക്സൽ സഗദൗ (52), എർലിങ് ഹാലൻഡ് (66) എന്നിവരുടെ മികവിൽ വെർഡർ ബ്രമനെയാണ് ബൊറൂസിയ തകർത്തത്.

ഇതോടെ 23 കളികളിൽനിന്ന് 45 പോയിന്റുമായി ബൊറൂസിയ കിരീട പ്രതീക്ഷ നിലനിർത്തി. ഇത്രയും മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി ബയേൺ മ്യൂണിച്ചാണ് ഒന്നാമത്. ഷാൽക്കെയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത ആർബി ലെയ്പ്സിഗ് 48 പോയിന്റുമായി രണ്ടാമതുണ്ട്.

English Summary: Cristiano Ronaldo has joined Gabriel Batistuta and Fabio Quagliarella on a list of players to score in 11 straight Serie A games.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com