ADVERTISEMENT

മഡ്രി‍ഡ്∙ ഐതിഹാസിക വിജയത്തോടെ ബാർസിലോനയും അപ്രതീക്ഷിത തോൽവിയോടെ റയൽ മഡ്രിഡും ‘ഞെട്ടിച്ച’ മത്സരങ്ങൾക്കൊടുവിൽ സ്പാനിഷ് ലാ ലിഗയിലെ പോയിന്റ് പട്ടികയുടെ തലപ്പത്ത് മാറ്റം. സൂപ്പർതാരം ലയണൽ മെസ്സി ഹാട്രിക് സഹിതം നാലു ഗോളുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ഐബറിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ബാർസ തകർത്തത്. തൊട്ടുപിന്നാലെ നടന്ന മറ്റൊരു മത്സരത്തിൽ ലെവാന്തെയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ റയൽ മഡ്രിഡ് ലീഗിലെ ഒന്നാം സ്ഥാനം ബാർസയ്ക്കു മുന്നിൽ അടിയറവു വച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെവാന്തെ റയലിനെ ഞെട്ടിച്ചത്.

ഐബറിനെതിരായ വിജയത്തോടെ ബാർസിലോനയ്ക്ക് 25 മത്സരങ്ങളിൽനിന്ന് 55 പോയിന്റായി. ലെവാന്തെയോടു തോറ്റ റയലിന് ഇത്രതന്നെ മത്സരങ്ങളിൽനിന്ന് 53 പോയിന്റേയുള്ളൂ. ഇടക്കാലത്ത് ബാർസയിൽനിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്ത് കുതിക്കുകയായിരുന്ന റയലിന് കഴിഞ്ഞ മത്സരത്തിൽ സെൽറ്റ വിഗോയോട് വഴങ്ങിയ സമനിലയും (2–2) ലെവാന്തെയ്‌ക്കെതിരായ തോൽവിയുമാണ് വിനയായത്.

∙ ഗോൾവരൾച്ചയ്ക്ക് വിരാമമിട്ട് മെസ്സി

സ്പാനിഷ് ലീഗ് ഉൾപ്പെടെ വിവിധ ടൂർണമെന്റുകളിലായി 398 മിനിറ്റു നീണ്ട അപ്രതീക്ഷിത ഗോൾവരൾച്ചയ്ക്കാണ് ഐബറിനെതിരെ ഗോൾമഴ പെയ്യിച്ച് ലയണൽ മെസ്സി പരിഹാരം കണ്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 14, 37, 40 മിനിറ്റുകളിലായി മെസ്സി ഹാട്രിക് പൂർത്തിയാക്കിയിരുന്നു. പതിവു ഫോമിലേക്ക് എത്തിയില്ലെങ്കിലും ലയണൽ മെസ്സിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ ആദ്യ പകുതിയിൽ ബാർസ 3–0ന് ലീഡു പിടിക്കുകയും ചെയ്തു.

സ്വാരസിന് പകരം പ്രത്യേക അനുമതിയോടെ ബാർസ ടീമിലെടുത്ത ഡെൻമാർക്ക് താരം മാർട്ടിൻ ബ്രാത്‌വയ്റ്റിന്റെ പാസിൽനിന്ന് 87–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ നാലാം ഗോൾ. 89–ാം മിനിറ്റിൽ ബ്രസീലിയൻ താരം ആർതർ ബാർസയുടെ ഗോൾപട്ടിക പൂർത്തിയാക്കി. പകരക്കാരനായി രണ്ടാം പകുതിയിൽ കളത്തിലെത്തിയ ബ്രാത്‌വയ്റ്റ് ആർതറിന്റെ അഞ്ചാം ഗോളിലും പങ്കാളിയായി.

∙ വീണ്ടും ‘ഞെട്ടി’ റയൽ

ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിന്റെ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കുന്ന റയൽ മഡ്രിഡിന്റെ ആത്മവിശ്വാസമിടിക്കുന്ന തോൽവിയാണ് ലെവാന്തെയോടു പിണഞ്ഞത്. 79–ാം മിനിറ്റിൽ ക്യാപ്റ്റൻ ഹോസെ ലൂയിസ് മൊറാലസാണ് ലെവാന്തെയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ റയലിനു ലഭിച്ച ഏറ്റവും മികച്ച അവസരം നഷ്ടമാക്കിയ ബൽജിയം താരം ഏഡൻ ഹസാഡ് അധികം വൈകാതെ പരുക്കേറ്റ് തിരിച്ചുകയറിയും ടീമിനു തിരിച്ചടിയായി.

പരുക്കിൽനിന്ന് മുക്തനായി കഴിഞ്ഞ ദിവസം മാത്രം വീണ്ടും കളത്തിൽ സജീവമായ ഹസാഡ് വീണ്ടും പരുക്കേറ്റ് കയറിയത് ചാംപ്യൻസ് ലീഗിലും റയലിന്റെ പ്രകടനത്തെ ബാധിക്കും. റയലിനെതിരായ അപ്രതീക്ഷിത വിജയത്തോടെ 25 കളികളിൽനിന്ന് 32 പോയിന്റുമായി ലെവാന്തെ 10–ാം സ്ഥാനത്തേക്ക് ഉയർന്നു. മറ്റു മത്സരങ്ങളിൽ സെൽറ്റ വിഗോ ലെഗാനസിനെയും (1–0), റയൽ സോസിദാദ് വലൻസിയെയും (3–0) തോൽപ്പിച്ചു.

English Summary: Lionel Messi Scores Four as Barcelona Jump Above Defeated Real Madrid Before El Clasico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com