ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക്ക് വിജയം. വാറ്റ്ഫഡിനെ 3–0നു തോൽപിച്ച യുണൈറ്റഡ് ലീഗിൽ 5–ാം സ്ഥാനത്തേക്കു കയറി. ബ്രൂണോ ഫെർണാണ്ടസ്, ആന്തണി മർത്യാൽ, മേസൻ ഗ്രീൻവുഡ് എന്നിവർ യുണൈറ്റഡിനായി ഗോളടിച്ചു. 

‘പഴയ ആശാൻ’ ഹൊസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ടോട്ടനം ഹോട്സ്പറിനെയാണു ഫ്രാങ്ക് ലാംപാർഡിന്റെ ചെൽസി സ്വന്തം മൈതാനത്ത് 2–1നു തോൽപിച്ചത്. ലെസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ ജയം 1–0ന്. 62–ാം മിനിറ്റിൽ സെർജിയോ അഗ്യൂറോ പെനൽറ്റി സ്പോട്ട് കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും പിന്നാലെ അഗ്യൂറോയ്ക്കു പകരമിറങ്ങിയ ഗബ്രിയേൽ ജിസ്യൂസിന്റെ ഗോളിലാണു സിറ്റിയുടെ വിജയം. ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 19 പോയിന്റ് ലീഡുണ്ട് (ലിവർപൂൾ – 26 കളിയിൽ 76, മാൻ. സിറ്റി – 27 കളിയിൽ 57, ലെസ്റ്റർ സിറ്റി – 27 കളിയിൽ 50, ചെൽസി – 27 കളിയിൽ 44, യുണൈറ്റഡ് – 27 കളിയിൽ 41). 

ടോട്ടനത്തോടു ജയിച്ച ചെൽസി പട്ടികയിൽ 4–ാം സ്ഥാനം ഉറപ്പാക്കി. ഒളിവർ ജിറൂദ് (15), മാർക്കസ് അലോൻസോ (48) എന്നിവരാണു നീലപ്പടയ്ക്കായി ഗോളടിച്ചത്. ലീഗിലെ ആദ്യ 4 സ്ഥാനക്കാ‍ർക്കാണ് അടുത്ത സീസൺ ചാംപ്യൻസ് ലീഗിലേക്കു നേരിട്ടു പ്രവേശനമെങ്കിലും സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ അടുത്ത 2 സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയെ യുവേഫ വിലക്കിയതിനാൽ 5–ാം സ്ഥാനക്കാർക്കും അവസരം ലഭിച്ചേക്കും. എന്നാൽ, തങ്ങളുടെ അപ്പീൽ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി അംഗീകരിക്കുമെന്ന പ്രതീക്ഷ സിറ്റിക്കുമുണ്ട്.

ഹസാഡിന് വീണ്ടും പരുക്ക്; തിരിച്ചടി

മഡ്രിഡ് ∙ പരുക്കേറ്റ് മൂന്നുമാസം പുറത്തായിരുന്ന റയൽ മഡ്രിഡ് താരം ഏഡൻ ഹസാഡിന് വീണ്ടും പരുക്ക്. ശനിയാഴ്ച ലെവാന്തെയോട് 1–0ന് റയൽ മഡ്രിഡ് തോറ്റ കളിക്കിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ ബൽജിയം താരത്തിന് 2 മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ, അടുത്തയാഴ്ചത്തെ റയൽ – ബാർസിലോന എൽ ക്ലാസിക്കോ, യുവേഫ ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയുള്ള മത്സരം ഇവ നഷ്ടമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com