ADVERTISEMENT

അസുൻസ്യോൻ∙ വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ അറസ്റ്റിലായ ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞോയെ രക്ഷിക്കാൻ സ്പാനിഷ് ക്ലബ് ബാർസിലോനയിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന സൂപ്പർതാരം ലയണൽ മെസ്സി അവതരിക്കുമോ? വിവിധ രാജ്യാന്തര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ അത്തരമൊരു നീക്കം അണിയറയിൽ സജീവമാണ്. അറസ്റ്റിനു ശേഷം ദിവസങ്ങളായി റൊണാൾഡീഞ്ഞോ ജയിലിൽ തുടരുന്ന സാഹചര്യത്തിൽ താരത്തിന്റെ മോചനത്തിനായി മെസ്സി ഇടപെടുന്നുവെന്നാണ് റിപ്പോർട്ട്. കേസിന്റെ നടത്തിപ്പിനായി 30 കോടിയോളം രൂപ മുടക്കി മെസ്സി പ്രത്യേകം അഭിഭാഷകനെ നിയമിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാർസിലോനയിൽ മെസ്സിയുടെ ആരംഭകാലത്ത് സഹതാരവും വഴികാട്ടിയുമായിരുന്നു റൊണാൾഡീഞ്ഞോ. ബ്രസീലിയൻ താരവുമായുള്ള അടുപ്പത്തെക്കുറിച്ച് മെസ്സി പലതവണ സൂചിപ്പിച്ചിട്ടുമുണ്ട്. അതേസമയം, റൊണാൾഡീഞ്ഞോയെ സഹായിക്കാൻ മെസ്സി ഇടപെടുന്നുവെന്ന റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിന് തലസ്ഥാന നഗരമായ അസുൻസ്യോനിലെ ഹോട്ടലിൽവച്ച് പാരഗ്വായ് പൊലീസാണ് റൊണാൾഡീഞ്ഞോയെ അറസ്റ്റ് ചെയ്തത്. സഹോദരനും ബിസിനസ് മാനേജരുമായ റോബർട്ടോ ഡി അസീസ്, ബ്രസീലിലെ മറ്റൊരു വ്യവസായി എന്നിവരും റൊണാള്‍ഡീഞ്ഞോയ്ക്കൊപ്പം അറസ്റ്റിലായിരുന്നു.

ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരായ റൊണാൾഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം നിഷേധിച്ചിരുന്നു. ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ നിർദ്ദേശിച്ച ജഡ്ജി ക്ലാര റൂയിസ് ഡയസ്, രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു  ജാമ്യം അനുവദിക്കാത്തതെന്നും പറഞ്ഞു. അതേസമയം, വ്യാജ പാസ്പോർട്ടായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും വാദം. അസുൻസ്യോനിലെ സ്പെഷ‌ലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് ഇരുവരെയും തടവിൽ പാർപ്പിച്ചിരിക്കുന്നത്. 

2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്.

English Summary: Lionel Messi to Reportedly Hire Lawyers and Spend € 4 Million to Help Get Ronaldinho Out of Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com