sections
MORE

മീഡിയ ബസിലെ പൊണ്ണത്തടിയൻ

chilavert
ഷിലാവർട്ട് മീഡിയ ബസിൽ
SHARE

ഫുട്ബോൾ ലോകകപ്പുകൾക്കിടെ ആകസ്മികമായി കണ്ടുമുട്ടിയ സൂപ്പർ താരങ്ങളെക്കുറിച്ച് 2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീൽ ലോകകപ്പുകൾ റിപ്പോർട്ട്  ചെയ്ത സുനിഷ് തോമസ് .....

എല്ലിൽകുത്തുന്ന തണുപ്പുള്ള ഒരു അർധരാത്രി ജൊഹാനസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിനു പുറത്തുവച്ചാണ് അയാളെ കണ്ടത്. അഞ്ചാറു ഫുട്ബോളിന്റെ വലുപ്പത്തിൽ തലമുടി, ആ തലയ്ക്കു ചേരാത്ത മെലിഞ്ഞ ഉടൽ. കാലുകൾ നിലത്തു തൊടുന്നുണ്ട്... അതില്ലായിരുന്നെങ്കിൽ ഓർക്കാപ്പുറത്തു മുന്നിലേക്കു പൊട്ടിവീണ രൂപം കണ്ട് ആരും അലറിക്കരഞ്ഞു പോയേനെ! രാത്രിയെ പകലാക്കുന്ന ചിരി ചിരിച്ച് ആളു കടന്നുപോയിക്കഴിഞ്ഞാണ് ബോധമനസ്സ് അറിയാതെ പിറുപിറുത്തത് – കൊളംബിയൻ ഫുട്ബോളിന്റെ ഇതിഹാസതാരം കാർലോസ് വാൾഡറമ! 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ മീഡിയ ടീമിന്റെ ഭാഗമായിരുന്നു, ഒരു കാലത്ത് ഗോളടിച്ചും ഗോളടിപ്പിച്ചും ആരാധകരെ കോരിത്തരിപ്പിച്ച സൂപ്പർ താരം.  

 അതൊരു തുടക്കമായിരുന്നു. ഏതെങ്കിലുമൊരു താരത്തിന്റെ ഇന്റർവ്യൂവിനോ പത്രസമ്മേളനത്തിനോ പോകുംപോലെയല്ല, അപ്രതീക്ഷിതമായി ഒരു സൂപ്പർ താരം മുന്നിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥ. എന്തെങ്കിലുമൊന്നു ചോദിക്കാൻ കഴിഞ്ഞാൽ ഭാഗ്യം; മറുപടി കിട്ടിയാൽ അതിലേറെ ഭാഗ്യം. സാന്റണിലെ മൈക്കലാഞ്ചലോ ഹോട്ടലിൽനിന്ന് ഇറങ്ങിവരികയായിരുന്ന ആറടി പൊക്കക്കാരൻ, ജർമൻ ഇതിഹാസ താരം ഫ്രാൻസ് ബെക്കൻബോവർ തന്നെയല്ലേ എന്നുറപ്പാക്കാൻ വേണ്ടിവന്നു 2 സെക്കൻഡ്. ആ സമയത്തിനകം പിടിതരാതെ കടന്നുകളയുകയും ചെയ്തു കൈസർ!

valdarama
കാർലോസ് വാൾഡറമ

2014ൽ ബ്രസീൽ ലോകകപ്പായപ്പോൾ കഥ മാറി. എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം സൂപ്പർതാരങ്ങൾ മാത്രം! റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽവച്ച് ആദ്യം കണ്ടതു ബ്രസീൽ സൂപ്പർതാരം റോബർട്ടോ കാർലോസിനെയാണ്. ബ്രസീലിലെ ഗ്ലോബോ ചാനലിന്റെ സെലിബ്രിറ്റി റിപ്പോർട്ടറായിരുന്നു അദ്ദേഹം. ജർമനി ബ്രസീലിനെ 7–1നു നശിപ്പിച്ചുകളഞ്ഞ ബെലോ ഹൊറിസോന്റിയിലെ സെമിഫൈനലിനു തൊട്ടുമുൻപാണ് ബ്രസീൽ താരവും പരിശീലകനുമായിരുന്ന ഡൂംഗയെ കണ്ടുമുട്ടിയത്. അദ്ദേഹത്തോടു സംസാരിക്കാൻ അവസരം കിട്ടാതിരുന്നതിന്റെ നിരാശ തീർന്നതു പിറ്റേന്നു രാത്രിയിൽ!

സാവോ പോളോയിലെ 2–ാം സെമിഫൈനലിൽ അർജന്റീന ഹോളണ്ടിനെ പെനൽറ്റിയിൽ വീഴ്ത്തിയതിന്റെ ആവേശമടങ്ങാതെ മീഡിയ ബസിലേക്ക് ഓടിക്കയറിയതാണ്. ബസ് ഫുള്ളാണ്. മുന്നിലെ ഒരേയൊരു സീറ്റിൽ ഇടം ബാക്കി. അതിലൊരു പൊണ്ണത്തടിയൻ നിറഞ്ഞിരിപ്പുണ്ട്. അയാളൊന്ന് അഡ്ജസ്റ്റ് ചെയ്താൽ ഒരാൾക്കു കൂടിയിരിക്കാം. ന്യൂസ് ബോയ് ക്യാപ് കൊണ്ട് മുഖംമറച്ചിരുന്ന് ഉറങ്ങുന്ന തടിയനെ ഒന്നു ഞെരുക്കി സീറ്റിലിരുന്നശേഷം തമാശയ്ക്കാണ് അദ്ദേഹത്തിന്റെ അക്രഡിറ്റേഷൻ കാർഡിലെ പേരു വായിച്ചത് – ഹോസെ ലൂയി ഷിലാവർട്ട്!

ദൈവമേ! പാരഗ്വായുടെ വട്ടൻ ഗോൾകീപ്പർ എന്നു വിളിപ്പേരുണ്ടായിരുന്ന, ഹിഗ്വിറ്റ കഴിഞ്ഞാൽ ഒരുകാലത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന സൂപ്പർ ഗോളി ഇതാ തൊട്ടരികിൽ. ഒരു നിമിഷം പാഴാക്കാതെ തോണ്ടി വിളിച്ചു. ഉറക്കം നടിക്കുകയായിരുന്ന ഷിലാവർട്ട് തൊപ്പി മാറ്റിയിട്ട് ചൂണ്ടുവിരൽ ചുണ്ടത്തു ചേർത്ത് മിണ്ടരുതെന്ന ആംഗ്യം കാട്ടി.

ആരെങ്കിലും തന്നെ തിരിച്ചറിഞ്ഞാൽ മീഡിയ ബസ് ഒരു പൂരപ്പറമ്പാകും! ബസ് നീങ്ങിത്തുടങ്ങിയപ്പോൾ അദ്ദേഹം സംസാരിച്ചു തുടങ്ങി. ഒപ്പം ചിത്രമെടുക്കാൻ അനുവദിച്ചു.അർജന്റീന കപ്പടിക്കട്ടെ എന്ന് ആശംസിച്ചു ബസിറങ്ങിപ്പോയ ഷിലാവർട്ടിനെ അടുത്ത ദിവസം കാണാൻ കഴിഞ്ഞില്ല. ഫൈനലിൽ ജർമനിയുടെ വിജയാഘോഷം തുടങ്ങും മുൻപേ, മറ്റെല്ലാ അർജന്റീന ആരാധകരെയും പോലെ അദ്ദേഹവും കളംവിട്ടിട്ടുണ്ടാകും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA