sections
MORE

ബ്രസീലിനെ പരിശീലിപ്പിച്ച ദുംഗ? റയലിന്റെ കോച്ച് ഹിഡിങ്ക്?: ഗോവയിൽ ആരുവരും?

dunga-hiddink-eriksson
ദുംഗ, ഗസ് ഹിഡിങ്ക്, എറിക്സൺ
SHARE

ദുംഗ? അതോ എറിക്സണോ?  ഗസ് ഹിഡിങ്ക്?  ഇവരിൽ ആരാകും ഇനി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ‘സൂപ്പർ കോച്ച്’ എന്നറിയാൻ ഇന്ത്യൻ ഫുട്ബോൾ  കാത്തിരിക്കുകയാണ്. ആദ്യ സീസണിൽ ബ്രസീൽ ഇതിഹാസം സീക്കോയെ പരിശീലക വേഷത്തിൽ ഇന്ത്യയിലെത്തിച്ചു ഞെട്ടിച്ച എഫ്സി ഗോവയാണ് ഈ ആലോചനകൾക്കു പിന്നിലെന്നതുകൂടി അറിയുമ്പോൾ പ്രതീക്ഷകൾക്കു കനമേറുന്നു.

എഎഫ്സി ചാംപ്യൻസ് ലീഗ് യോഗ്യത നേടി ചരിത്രത്തിന്റെ ഭാഗമായതിനു പിന്നാലെയാണ് എഫ്സി ഗോവ പുതിയ സീസണിൽ താരത്തിളക്കമുള്ളൊരു പരിശീലകനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഫിഫ ലോകകപ്പ് ജേതാവും മുൻ ബ്രസീൽ ക്യാപ്റ്റനുമായ കാർലോസ് ദുംഗ, ഇംഗ്ലണ്ടിന്റെ മുൻ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്സൺ, ഹോളണ്ടിന്റെയും ദക്ഷിണ കൊറിയയുടെയും വണ്ടർ പരിശീലകൻ ഗസ് ഹിഡിങ്ക് എന്നീ ലോകോത്തര മാനേജർമാരെ ഗോവ സമീപിച്ചതായാണ് വിവരം.

ഐഎസ്എല്ലിന്റെ ഈ സീസണിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി നിൽക്കുമ്പോഴാണ് എഫ്സി ഗോവ പരിശീലകൻ സെർജിയോ ലൊബേറയെ പുറത്താക്കിയത്. ലീഗ് ജേതാക്കൾക്കുള്ള പ്രഥമ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കി എഎഫ്സി ചാംപ്യൻസ് ലീഗിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ് ആകുകയും ചെയ്തു. എന്നാൽ ഐഎസ്എൽ സെമി ഫൈനലിൽ ചെന്നൈയിനോട് തോറ്റതോടെ കിരീടപ്പോരാട്ടത്തിൽ നിന്നു പുറത്തായി.

എഎഫ്സി ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കാനിറങ്ങുന്നതിനു മുന്നോടിയായാണു പരിചയസമ്പത്തും തലപ്പൊക്കവുമുള്ള പരിശീലകനെ സ്വന്തമാക്കാനുള്ള തീരുമാനം. ലോക ഫുട്ബോളിൽ ഇന്ത്യൻ ഫുട്ബോളിന്റെ വിലാസമെന്ന നിലയ്ക്കാകും എഎഫ്സി ചാംപ്യൻസ് ലീഗിലെ ഗോവയുടെ സാന്നിധ്യം അളക്കുകയെന്നതിനാൽ ലോകമറിയുന്നൊരു കോച്ചിന്റെ സാമീപ്യം സമ്മർദങ്ങളില്ലാതെ കളിക്കാൻ ടീമിനെ തുണയ്ക്കും.

ദുംഗയും ഹിഡിങ്കും എറിക്സണും മാത്രമല്ല, ഗോവ പരിഗണിക്കുന്ന പരിശീലകരുടെ നിരയിൽ ഇനിയും ശ്രദ്ധേയ താരങ്ങളുണ്ട്. സ്പാനിഷ് ടീം മുന്‍ പരിശീലകൻ ഫെർണാണ്ടോ ഹിയറോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പ്രതിരോധ ‌‌താരം ജാപ് സ്റ്റാം എന്നിവരും പ്രതീക്ഷിത നിരയിലുണ്ട്. സീക്കോയെ പോലെ ഒരു മാസ് എൻട്രിക്കാണ് ഗോവ ശ്രമിക്കുന്നതെങ്കിൽ ദുംഗയാകും ഇന്ത്യയുടെ ഓറഞ്ച് പടയെ എഎഫ്സി ലീഗിലേക്കു കൈപിടിച്ചു കയറ്റാൻ എത്തുക.

∙ വിശ്വവിജയി ദുംഗ 

അൻപത്തിയാറുകാരനായ ദുംഗ 1994ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെ ക്യാപ്റ്റനായിരുന്നു. മഞ്ഞ ജഴ്സിയിൽ 91 മത്സരങ്ങൾ കളിച്ച ദുംഗ രണ്ട് ഘട്ടങ്ങളിലായി ബ്രസീലിന്റെ പരിശീലകദൗത്യവും ഏറ്റെടുത്തിട്ടുണ്ട്. ബ്രസീൽ ടീമിന്റെ പരിശീലകന്‍ എന്ന നിലയിൽ 60 ശതമാനത്തിനു മുകളിൽ വിജയ മാർജിനുള്ള കോച്ചാണ് ദുംഗ. കോപ്പ അമേരിക്ക, ഫിഫ കോൺഫെഡറേഷൻ കപ്പ് എന്നീ നേട്ടങ്ങളിലേക്കും ദുംഗയുടെ തന്ത്രങ്ങൾ ബ്രസീലിനെ നയിച്ചു. ഈ താരമൂല്യം തന്നെയാണ് ഗോവ ലക്ഷ്യം വയ്ക്കുന്നതും.

∙ എവർഗ്രീൻ എറിക്സൺ

നീണ്ട 43 വർഷത്തെ പരിശീലന പാരമ്പര്യമുള്ള സ്വീഡിഷ് കോച്ച് സ്വെൻ ഗൊരാൻ എറിക്സൺ 2002, 2006 വര്‍‌ഷങ്ങളിലെ ഇംഗ്ലിഷ് ലോകകപ്പ് ടീമിന്റെ ചുമതലക്കാരനായിരുന്നു. എറിക്സണിലൂടെയാണ് ആദ്യമായി ഇംഗ്ലണ്ടിന്റെ പുറത്തു നിന്നൊരാൾ ഇംഗ്ലീഷ് ടീമിന്റെ പരിശീലകനാകുന്നത്. പിന്നീട് മാഞ്ചസ്റ്റർ സിറ്റിയുടെയും പരിശീലകനായിട്ടുള്ള എറിക്സൺ ഇപ്പോൾ ഫിലിപ്പീൻ‍സ് ടീമിന്റെ കോച്ചാണ്. 

∙ വണ്ടർ ഹിഡിങ്ക്

ദക്ഷിണ കൊറിയയെ ലോകകപ്പ് ഫുട്ബോൾ സെമി ഫൈനൽ വരെയെത്തിച്ചു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച പരിശീലകനാണു ഡച്ചുകാരനായ ഗസ് ഹിഡിങ്ക്. വലൻസിയ, റയൽ മഡ്രിഡ്, ചെൽസി തുടങ്ങിയ വമ്പൻ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുള്ള ഹിഡിങ്ക് ഓസ്ട്രേലിയ, റഷ്യ, തുർക്കി തുടങ്ങിയ ദേശീയ ടീമുകളുടെയും മുൻ കോച്ചാണ്. ചൈന അണ്ടർ 23 ടീമിന്റെ പരിശീലകനാണ് നിലവിൽ ഹിഡിങ്ക്.

English Summary: Brazilian World Cup winning captain and former coach Carlos Dunga, former Netherlands coach Guus Hiddink and former England team manager Sven-Goran Eriksson have shown interest in managing ISL franchise FC Goa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA