ADVERTISEMENT

2016ൽ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന സന്ദർശിച്ചതിന്റെ ഓർമകളുമായി ജോമിച്ചൻ ജോസ്...

ലയണൽ മെസ്സി, നെയ്മർ, ലൂയി സ്വാരെസ്, നൂകാംപ് സ്റ്റേഡിയം... ബാർസിലോനയുടെയുടെ സ്വപ്നഭൂമിയായിരുന്നു മനസ്സു നിറയെ.  

മെസ്സിക്കൊപ്പം ഒരു സെൽഫി, നെയ്മറുടെ ഓട്ടോഗ്രാഫ്, സ്വാരെസിനൊപ്പമുള്ള പടം. മോഹങ്ങളുടെ വല നെയ്തായിരുന്നു 2016 ഒക്ടോബറിലെ ആ യാത്ര. 

ബാർസിലോനയിൽ വിമാനമിറങ്ങി ഹോട്ടലിലേക്കു പോകുമ്പോൾ പിന്നാലെ വന്ന ഔഡി കാറിൽ കറുത്ത സൺഗ്ലാസ് വച്ച് അതാ, സാക്ഷാൽ നെയ്മർ... ആദ്യമൊന്നു വേഗം കുറച്ച നെയ്മർ പിന്നീട് അതിവേഗത്തിൽ ‍ഞങ്ങളുടെ ബസിനെ മറികടന്ന് ഏതോ വഴിക്കു പോയി. ആവേശക്കാഴ്ചകൾ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ...

ആദ്യം ലാ മാസിയ. ബാർസയുടെ ഫുട്ബോൾ അക്കാദമി. മെസ്സി, ആന്ദ്രെ ഇനിയേസ്റ്റ, ചാവി ഹെർണാണ്ടസ്, കാർലോസ് പുയോൾ, പെപ് ഗ്വാർഡിയോള, ജെറാർദ് പിക്വെ എന്നിവരൊക്കെ പന്തുകളി പഠിച്ച കളരി. 

പരിശീലനഗ്രൗണ്ടിനു പുറത്ത് കറുത്ത ഔഡി കാറുകൾ നിരനിരയായി കിടപ്പുണ്ട്. ഗ്രൗണ്ടിലേക്കും തിരിച്ചും സ്വന്തം കാറുകളിലാണത്രേ സൂപ്പർതാരങ്ങളുടെ യാത്ര.

അന്തരിച്ച ബാർസ പരിശീലകൻ ടിറ്റോ വിലനോവയുടെ പേരിലുള്ള പരിശീലന മൈതാനം കാലിയാണ്.  സൂപ്പർ താരങ്ങളോടു സംസാരിക്കാനും അവർക്കൊപ്പം പടമെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും സഹായം ചെയ്യണമെന്നു മീഡിയ മാനേജർ ഓറിയോളിനോടു നേരത്തേ പറഞ്ഞിരുന്നു. ആദ്യം ഹാവിയർ മഷരാനോയും സെർജിയോ ബുസ്ക്വെറ്റ്സും പിന്നാലെ സാമുവൽ ഉംറ്റിറ്റി അടക്കമുള്ളവരും ഗ്രൗണ്ടിന്റെ എതിർവശത്തെ ഗേറ്റിലൂടെ എത്തി. 

എവിടെ മെസ്സി? എവിടെ നെയ്മറും സ്വാരെസും? ഓറിയോളിനോടു സംസാരിച്ചുകൊണ്ട് ആ ഗേറ്റിലേക്കു നോക്കിനിൽക്കെ എന്റെ തോളിൽ തൊട്ടുരുമ്മി ചിലർ ഗ്രൗണ്ടിലേക്കു പോയി. ദാ പോകുന്നു, മെസ്സിയും സ്വാരെസും നെയ്മറും. ഒന്നു തിരിഞ്ഞു നിന്നിരുന്നെങ്കിൽ ഒരു സെൽഫിയോ പടമോ ഒപ്പിക്കാമായിരുന്നു...

താരങ്ങൾ പരിശീലനത്തിൽ മുഴുകിയതോടെ ഞങ്ങൾ പുറത്തിറങ്ങി. സ്റ്റേഡിയവും പരിസരവും കറങ്ങിയശേഷം പത്രസമ്മേളന ഹാളിലേക്ക്. അവിടെ പരിശീലകൻ ലൂയി എൻറിക്വെ സംസാരിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ ഓറിയോളിനെ വീണ്ടും ഓർമിപ്പിച്ചു. എല്ലാം ശരിയാക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. ‘എംഎ‍ൻഎസ്’ ത്രയത്തിനൊപ്പം പടം, അവരുമായി ഇന്റർവ്യൂ.. അവരോടുള്ള ചോദ്യങ്ങൾ റൈറ്റിങ് പാഡിൽ കുറിച്ചു. അവർക്കൊപ്പമുള്ള പടങ്ങൾ ഫെയ്സ്ബുക്കിൽ ഇട്ടാൽ എത്ര ലൈക്ക് കിട്ടിയേക്കുമെന്നുവരെ ചിന്തിച്ചുകൂട്ടി. 

പത്രസമ്മേളനത്തിനുശേഷം മറ്റൊരു എസി മുറിയിലേക്ക്. അവിടെ മെസ്സിയെ കാത്ത് ഞങ്ങൾ ഇരുന്നു. 

ആകാംക്ഷയുടെ നിമിഷങ്ങൾ. ഒടുവിലതാ വാതിൽ തുറന്ന് ഓറിയോൾ. പിന്നാലെ, അയാൾ... അയ്യോ, അതു മെസ്സിയല്ലല്ലോ... മെസ്സിയെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ബാർസയുടെ മധ്യനിര ഭരിക്കുന്ന ക്രൊയേഷ്യക്കാരൻ ഇവാൻ റാകിട്ടിച്ച്. 

പുഞ്ചിരിയോടെ, പരിചിതരെന്ന മട്ടിൽ, മണിമണി പോലത്തെ ഇംഗ്ലിഷിൽ റാകിട്ടിച്ച് ഞങ്ങളോടു സംസാരിച്ചു. ചോദ്യങ്ങൾക്കു മറുപടി നൽകി. പടത്തിനു നിന്നു. റാകിട്ടിച്ച് പോയശേഷം ഓറിയോ‍ൾ പറഞ്ഞു: ‘മെസ്സിക്ക് ഇംഗ്ലിഷിൽ സംസാരിക്കാൻ മടിയാണ്. അദ്ദേഹം പരിശീലനം കഴിഞ്ഞ് സ്ഥലംവിട്ടു.’പിറ്റേന്നു നൂകാംപിലെത്തി ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യൂ ഉൾപ്പെടെയുള്ളവരെ കണ്ടു. രാത്രി ബാർസയുടെ മത്സരത്തിനും സാക്ഷ്യം വഹിച്ചു. 

കേരളപ്പിറവിയുടെ 60–ാം വാർഷികത്തിനു 2 ദിവസം മുൻപു നൂകാംപിനോടു വിടപറയുമ്പോൾ മനസ്സിൽ ഒരു സങ്കടം മാത്രം ബാക്കി: ആ സ്വപ്ന സെൽഫി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com