ADVERTISEMENT

അങ്കാറ∙ 2002ലെ ഫിഫ ലോകകപ്പിൽ തുർക്കിക്ക് മൂന്നാം സ്ഥാനം സമ്മാനിച്ച പ്രകടനത്തിലൂെട ശ്രദ്ധേയനായ ഗോൾകീപ്പർ റുസ്തു റെക്ബറിന് (46) കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഇസിൽ റെക്ബറാണ് ഇക്കാര്യം അറിയിച്ചത്. സ്പാനിഷ് വമ്പൻമാരായ ബാർസിലോനയുടെയും ഗോൾകീപ്പറായിരുന്നു. ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി ആതിഥ്യം വഹിച്ച 2002ലെ ലോകകപ്പിൽ സെമിയിൽ കടക്കാൻ തുർക്കിക്ക് തുണയായത് ഗോൾവലയ്ക്കു മുന്നിൽ റുസ്തു റെക്ബറിന്റെ മിന്നുന്ന പ്രകടനമാണ്. സെമിയിൽ കരുത്തരായ ബ്രസീലിനോടു തോറ്റാണ് തുർക്കി പുറത്തായത്. പിന്നീട് മൂന്നാം സ്ഥാന മത്സരത്തിൽ ആതിഥേയരായ ദക്ഷിണ കൊറിയയെ 3–2ന് തോൽപ്പിച്ചു.

യാതൊരു കുഴപ്പവുമില്ലാതിരുന്ന റെക്ബറിന് വളരെ പെട്ടെന്നാണ് അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടതെന്ന് ഭാര്യ പറഞ്ഞു. അതിന്റെ ഞെട്ടലിലാണ് താനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ. വളരെ വിഷമം പിടിച്ച ഘട്ടത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും ഇസിൽ റെക്ബർ വ്യക്തമാക്കി. വിദഗ്ധ പരിശോധനയിൽ തനിക്കും രണ്ടു മക്കൾക്കും അസുഖമില്ലെന്ന് വ്യക്തമായെന്നും അവർ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന റെക്ബറിനെ കാണാൻ തനിക്കോ മക്കൾക്കോ അനുവാദമില്ല. ദയവുചെയ്ത് എല്ലാവരും വളരെ കരുതലോടെയിരിക്കണമെന്നും ഇസിൽ റെക്ബർ അഭ്യർഥിച്ചു.

2002 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെ 2003ലാണ് ചെറിയൊരു കാലയളവിൽ റുസ്തു റെക്ബർ ബാർസിലോനയിൽ കളിച്ചത്. 2012ൽ വിരമിക്കുന്നതിനു മുൻപ് തുർക്കിയിലെ വമ്പൻ ക്ലബ്ബുകളായ ഫെനർബാഷെ, ബെസിക്റ്റാസ് എന്നിവർക്കും കളിച്ചു. കൊറോണ വൈറസ് ബാധ വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച തുർക്കിയിൽ ഇതുവരെ 7500ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 108 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.

English Summary: Turkish World Cup hero Recber hospitalised with coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com