ADVERTISEMENT

പനജി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ 21 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗോവയിൽ കുടുങ്ങിയ സുഹൃത്തിന്റെ അമ്മയ്ക്കായി സഹായം അഭ്യർഥിച്ച് മുൻ ചെൽസി ഗോൾകീപ്പറും ഇപ്പോൾ എസി മിലാൻ താരവുമായ അസ്മിർ ബെഗോവിച്ച് രംഗത്ത്. ട്വിറ്ററിലൂടെയാണ് ബെഗോവിച്ച് സഹായം തേടിയത്. ഇന്ത്യയിൽ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തന്റെ അടുത്ത സുഹൃത്തു കൂടിയായ ഏജന്റിന്റെ അമ്മ ഉൾപ്പെടെ നൂറു കണക്കിന് ബ്രിട്ടീഷ് പൗരൻമാർ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘എന്റെ ഏജന്റും അടുത്ത സുഹൃത്തുമായ വ്യക്തിയുടെ 67 വയസ്സുള്ള അമ്മ ഇന്ത്യയിലെ ഗോവയിൽ കുടുങ്ങിക്കിടക്കുകയാണ്. അവർക്കൊപ്പം നൂറു കണക്കിന് ബ്രിട്ടിഷ് പൗരൻമാരാണ് കുടുങ്ങിയിട്ടുള്ളത്. ഇന്ത്യയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതായിട്ടുണ്ട്’ – ബെഗോവിച്ച് ട്വീറ്റ് ചെയ്തു. ഇവരെ നാട്ടിൽ തിരികെയെത്തിക്കുന്നതിന് ബ്രിട്ടിഷ് സർക്കാരിന്റെ ഇടപെടലും അദ്ദേഹം തേടിയിട്ടുണ്ട്.

അതേസമയം, ബെഗോവിച്ചിന്റെ ട്വീറ്റ് വൈറലായതോടെ ഒട്ടേറെപ്പേരാണ് സഹായ ഹസ്തവുമായി രംഗത്തുള്ളത്. ഗോവയിൽ കുരുങ്ങിയ വിദേശികളെ സഹായിക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പർ സഹിതം ഗോവ പൊലീസ് ട്വീറ്റ് ചെയ്ത വിഡിയോ ചിലർ ബെഗോവിച്ചിനെ ടാഗ് ചെയ്ത് കമന്റായി ഇട്ടിട്ടുണ്ട്. ഐഎസ്എൽ ക്ലബ്ബായ എഫ്‍സി ഗോവയെ ടാഗ് ചെയ്ത് സഹായിക്കാനാകുമോ എന്ന് അന്വേഷിച്ച ആരാധകരും ഒട്ടേറെ. ഇതിനെല്ലാം പുറമെ മൊബൈൽ നമ്പർ നൽകി സഹായിക്കാൻ സന്നദ്ധരെന്ന് അറിയിച്ചവർ വേറെ!

English Summary: AC Milan goalkeeper asks for help for 67-year-old woman stuck in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com