ADVERTISEMENT

റിയോ ഡി ജനീറോ∙  കളത്തിലും കളത്തിനു പുറത്തും വാർത്തകൾ സൃഷ്ടിക്കുന്നതിൽ നെയ്മറിനോളം ‘മികവുള്ള’ താരങ്ങൾ അധികമില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കളിക്കളങ്ങൾ നിശ്ചലമാണെങ്കിലും നെയ്മറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അതുകൊണ്ടും അവസാനിക്കുന്നില്ല. നിലവിൽ ബ്രസീലിൽ ക്വാറന്റീനിൽ കഴിയുന്ന താരം, ചട്ടങ്ങൾ കാറ്റിൽപ്പറത്തി മകനും സുഹൃത്തുക്കൾക്കുമൊപ്പം ബീച്ച് വോളിബോൾ ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ടതാണ് പുതിയ വിവാദം. നെയ്മറിനേപ്പോലെ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട പ്രഫഷനൽ ഫുട്ബോൾ താരം ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചതിനെതിരെ ഒട്ടേറെപ്പേർ രംഗത്തെത്തി.

മകൻ ഡേവി ലൂക്കയ്ക്കും നാലു സുഹൃത്തുക്കൾക്കുമൊപ്പം ബീച്ച് വോളിബോൾ ഗ്രൗണ്ടിൽ കിടക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് താരം വിവാദത്തിൽ കുരുങ്ങിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിലുൾപ്പെടെ കായിക മത്സരങ്ങൾ റദ്ദാക്കിയതോടെയാണ് ലീഗ് വണ്ണിൽ പിഎസ്ജി താരമായ നെയ്മർ പാരിസിൽനിന്ന് ബ്രസീലിലേക്ക് മടങ്ങിയത്. സ്വദേശത്ത് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ കഴിയവെയാണ് ചട്ടലംഘനം നടത്തിയെന്ന ആക്ഷേപം ഉയരുന്നത്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള നെയ്മർ, ഇത്തരം മോശം മാതൃക നൽകുന്നതിനെതിരെയാണ് വിമർശനം.

അതേസമയം, ബീച്ച് വോളി ചിത്രം വിവാദമായതിനു പിന്നാലെ നെയ്മർ വിശദീകരണവുമായി രംഗത്തെത്തി. ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്ന വിധത്തിൽ തന്റെ ഭാഗത്തുനിന്ന് പിഴവുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മീഡിയ മാനേജർ വഴി പ്രത്യേകം പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെ നെയ്മറിന്റെ വിശദീകരണം.

‘വിവാദത്തിനു കാരണമായ പ്രസ്തുത ചിത്രത്തിൽ നെയ്മറിനൊപ്പമുള്ളത് അദ്ദേഹത്തിനൊപ്പം ക്വാറന്റീനിൽ കഴിയുന്ന സുഹൃത്തുക്കളാണ്. അവർ പാരിസിൽ നെയ്മറിനൊപ്പമുള്ളവരും അവിടെനിന്ന് ബ്രസീലിലേക്ക് ഒന്നിച്ചു യാത്ര ചെയ്തവരുമാണ്. നാട്ടിലെത്തിയശേഷം 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതിനാൽ നെയ്മർ സുഹൃത്തുക്കളെ ഒപ്പം കൂട്ടുകയായിരുന്നു. ക്വാറന്റീൻ കാലാവധി പൂർത്തിയാകുമ്പോൾ എല്ലാവരും അവരവരുടെ വീടുകളിലേക്കു മടങ്ങാം എന്ന ധാരണയോടെയാണിത്’ – പ്രസ്താവനയിൽ പറയുന്നു.

‘മറ്റുള്ളവരിൽനിന്നും സമ്പൂർണമായും ഒറ്റപ്പെട്ട സ്ഥലത്താണ് നെയ്മറും സുഹൃത്തുക്കളും ക്വാറന്റീനിൽ കഴിയുന്നത്. ശാന്തമായി പ്രതിദിന പരിശീലനം തുടരുന്നതിനുള്ള ക്രമീകരണങ്ങളോടെയാണ് അദ്ദേഹം അവിടെ തങ്ങുന്നത്. ഒപ്പം ജീവിത പങ്കാളിയും മകനും അദ്ദേഹത്തോടൊപ്പം അവിടെയുണ്ട്.’

‘അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് സന്ദർശകരെ അനുവദിക്കുന്നില്ല. പിതാവിനൊപ്പം താമസിക്കുന്നതിനായി എത്തിയിട്ടുള്ള മകൻ ഡേവി ലൂക്ക മാത്രമാണ് പുറത്തുനിന്ന് അനുവദിക്കപ്പെട്ട ഏക സന്ദർശകൻ. ബിസിനസ് യോഗങ്ങളും നിർത്തിവച്ചിരിക്കുകയാണ്. അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പമില്ല. എത്രയും വേഗം ഈ മഹാമാരിയുടെ പിടിയിൽനിന്ന് ലോകം എത്രയും വേഗം രക്ഷപ്പെടുന്നതിനുള്ള കാത്തിരിപ്പിലാണ് അദ്ദേഹം’ – പ്രസ്താവനയിൽ പറയുന്നു.

English Summary: PSG star Neymar issues statement after criticism of beach volleyball picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com