ADVERTISEMENT

ടൂറിൻ∙ ഇറ്റാലിയൻ ക്ലബ് യുവെന്റസിലെത്തിയ കാലത്ത് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിലെ സഹതാരങ്ങൾക്കെല്ലാം ഐമാക് വാങ്ങിനൽകിയ സംഭവം പങ്കുവച്ച് അവരുടെ പോളിഷ് ഗോൾകീപ്പർ വോജെക് ഷെസ്നി രംഗത്ത്. സഹതാരങ്ങളോടുള്ള സ്നേഹം നിമിത്തം സമ്മാനമായി നൽകിയതാണ് ആ ഐമാക് എന്ന് തെറ്റിദ്ധരിക്കരുത്. മറിച്ച്, ചുവപ്പുകാർഡ് വാങ്ങിയതിനുള്ള ശിക്ഷയെന്ന നിലയിലാണ് സൂപ്പർതാരം സഹതാരങ്ങൾക്ക് ഐമാക് നൽകേണ്ടി വന്നത്.

ഒൻപതു വർഷത്തോളം സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനു കളിച്ച റൊണാൾഡോ, 2018ലാണ് യുവെന്റസിലേക്കു കൂടുമാറിയത്. അതേവർഷം സെപ്റ്റംബറിലായിരുന്നു യുവെന്റസ് ജഴ്സിയിൽ റൊണാൾഡോയുടെ ആദ്യ യുവേഫ ചാംപ്യൻസ് ലീഗ് മത്സരം. സ്പാനിഷ് ക്ലബ് വലൻസിയയായിരുന്നു എതിരാളി.

ചാംപ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് കോടികൾ മുടക്കി യുവെന്റസ് സ്വന്തമാക്കിയ താരത്തിന്റെ ‘അരങ്ങേറ്റം’ പക്ഷേ, അത്ര നന്നായില്ല. മത്സരം ആരംഭിച്ച് അര മണിക്കൂറിനുള്ളിൽത്തന്നെ ചുവപ്പുകാർഡ് വാങ്ങി റൊണാൾഡോ പുറത്ത്! എതിർടീം ബോക്സിനുള്ളിൽ നടത്തിയ ഫൗളിനായിരുന്നു ഈ കഠിന ശിക്ഷ. അന്ന് കണ്ണീരുമായി കളംവിട്ട റൊണാൾഡോയുടെ ചിത്രം വൈറലായിരുന്നു.

പക്ഷേ, ആ ചുവപ്പുകാർഡ് റൊണാൾഡോയ്ക്ക് സമ്മാനിച്ച ‘വേദന’ അതുകൊണ്ടും തീർന്നില്ല എന്നതാണ് വാസ്തവം. അന്ന് യുവെ പരിശീലകനായിരുന്ന മാസ്സിമില്യാനോ അല്ലെഗ്രി ക്ലബ്ബിൽ വരുത്തിയ ഒരു പരിഷ്കാരമായിരുന്നു ഇതിനു കാരണം. ചാംപ്യൻസ് ലീഗിൽ ചുവപ്പുകാർഡ് വാങ്ങി ടീമിനെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന താരങ്ങൾ ടീമിലെ മറ്റു താരങ്ങൾക്കെല്ലാം ഐമാക് വാങ്ങിനൽകണം എന്നതായിരുന്നു അല്ലെഗ്രിയുടെ പരിഷ്കാരം.

അപ്രകാരം സഹതാരങ്ങൾക്ക് ഐമാക് വാങ്ങിനൽകിയ ആദ്യതാരമായിരുന്നു റൊണാൾഡോ എന്നാണ് ഷെസ്നിയുടെ വെളിപ്പെടുത്തൽ. തന്റെ ഭാഗത്തു തെറ്റില്ലെന്ന് ഏറെക്കാലം റൊണാൾഡോ നിലപാടെടുത്തെങ്കിലും ഒടുവിൽ എല്ലാവർക്കും ഐമാക് ലഭിച്ചെന്ന് ഷെസ്നി വെളിപ്പെടുത്തി.

English Summary: Cristiano Ronaldo bought iMacs for entire Juventus team after red-card booking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com