ADVERTISEMENT

ഡാക്കാർ (സെനഗൽ) ∙ കൊറോണ വൈറസ് വ്യാപനത്തിന് ഫുട്ബോൾ ലോകത്തുനിന്ന് ഒരു രക്തസാക്ഷി കൂടി. ഫ്രഞ്ച് ക്ലബ് മാഴ്സെയുടെ മുൻ പ്രസിഡന്റ് പെപ് ദിയൂഫാണ് (68) കോവിഡ് 19 ബാധിച്ച് മരിച്ചത്. വൈറസ് ബാധ സ്ഥിരകരീച്ചതിനെ തുടർന്ന് സെനഗലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഫ്രാൻസിലേക്കു കൊണ്ടുപോകാനിരിക്കെയാണ് മരണം. ദിയൂഫിന്റെ കുടുംബാംഗങ്ങളും മാഴ്സെ ക്ലബ്ബും അദ്ദേഹത്തിന്റെ അന്ത്യം സ്ഥിരീകരിച്ചു.

ആഫ്രിക്കൻ രാജ്യമായ ചാഡിൽ ജനിച്ച പെപ് ദിയൂഫിന് സെനഗൽ, ഫ്രഞ്ച് പൗരത്വമുണ്ടായിരുന്നു. യൂറോപ്പിലെ ഏതെങ്കിലും പ്രമുഖ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ കറുത്തവർഗക്കാരനാണ്. സൈനികനായി ജീവിതം തുടങ്ങിയ പെപ് ദിയൂഫ്, പിന്നീട് മാധ്യമപ്രവർത്തകനായും ഫുട്ബോൾ ഏജന്റായും പ്രവർത്തിച്ച ശേഷമാണ് മാഴ്സെയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. ഐവറി കോസ്റ്റ് താരം ദിദിയർ ദ്രോഗ്ബെയുടെ ഏജന്റായിരുന്നു.

2005–2009 കാലഘട്ടത്തിലാണ് അദ്ദേഹം മാഴ്സെ പ്രസിഡന്റായിരുന്നത്. ഈ കാലയളവിൽ മാഴ്സെ ഫ്രഞ്ച് ലീഗ് വണ്ണിൽ രണ്ടു തവണ രണ്ടാം സ്ഥാനത്തെത്തുകയും രണ്ടു തവണ ഫ്രഞ്ച് കപ്പ് ഫൈനലിൽ കടക്കുകയും ചെയ്തു. പിന്നീട് 2010ൽ 18 വർഷത്തെ ഇടവേളയ്ക്കു ശേഷം മാഴ്സെ ലീഗ് വൺ ചാംപ്യൻമാരുമായി.

‘ക്ലബ്ബിന്റെ മഹാനായ ശിൽപിയെന്ന നിലയിൽ പെപ് എക്കാലവും മാഴ്സെയുടെ ഹൃദയത്തിൽ ജീവിക്കും’ – മരണത്തിനു പിന്നാലെ മാഴ്സെ ട്വിറ്ററിൽ കുറിച്ചു. മാധ്യമപ്രവർത്തകൻ, ഏജന്റ്, മാഴ്സെ പ്രസിഡന്റ് എന്നീ നിലകളിൽ ഫുട്ബോളിനെ സേവിക്കാനായി ജീവിതം പൂർണമായും മാറ്റിവച്ച വ്യക്തിയാണ് പെപ് ദിയൂഫെന്ന് ഫ്രഞ്ച് പ്രഫഷനൽ ഫുട്ബോൾ ലീഗ് പ്രതികരിച്ചു. ഒട്ടേറെ മുൻ താരങ്ങളും പരിശീലകരും പെപ് ദിയൂഫിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

English Summary: Former Marseille boss Pape Diouf dies at 68 from coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com