ADVERTISEMENT

ടൂറിൻ∙ ‘ഞങ്ങൾക്ക് താങ്കളെ ഒട്ടും ഇഷ്ടമല്ല’ – ലോക ഫുട്ബോളിലെ മിന്നും താരമായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ‘മുഖത്തുനോക്കി’ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയുണ്ടാകും? ഉത്തരം വ്യക്തമായി അറിയണമെങ്കിൽ അങ്ങനെ പറയാൻ ധൈര്യം കാട്ടിയ ഒരാളോട് ചോദിക്കണം; കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ അർജന്റീന താരം പൗലോ ഡിബാലയോട്. യുവെന്റസിൽ തന്റെ സഹതാരമായ ക്രിസ്റ്റ്യാനോയോട് ഇപ്രകാരം പറഞ്ഞകാര്യം ഡിബാല തന്നെയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

‘ഞാൻ അദ്ദേഹത്തോടു പറഞ്ഞു; ക്രിസ്റ്റ്യാനോ, ഞങ്ങൾ അർജന്റീനക്കാർക്ക് താങ്കളെ ഇഷ്ടമല്ല, താങ്കളുടെ രീതികളും സ്വീകാര്യമല്ല. എങ്കിലും താങ്കളിലെ വ്യത്യസ്തത എന്നെ വിസ്മയിപ്പിക്കുന്നു’ – ഇതായിരുന്നു ക്രിസ്റ്റ്യാനോയോടുള്ള ഡിബാലയുടെ വാക്കുകൾ. അപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണമോ?

ഡിബാലയുടെ വാക്കുകളെ അദ്ദേഹം ചിരിച്ചുതള്ളുകയാണ് ചെയ്തത്. ‘എന്റെ രീതികൾ ഇഷ്ടമില്ലാത്ത ഒട്ടേറെപ്പേരുണ്ട്. പക്ഷേ ഇതൊക്കെയാണ് ഞാൻ’ – ഇതായിരുന്നത്രേ, ഡിബാലയോടുള്ള റൊണാൾഡോയുടെ മറുപടി!

കളത്തിലായാലും കളത്തിനു പുറത്തായാലും വളരെ നല്ല വ്യക്തിയാണ് റൊണാൾഡോയെന്നും ഡിബാല അഭിപ്രായപ്പെട്ടു. മറ്റുള്ളവരെ കേൾക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യത്തെക്കുറിച്ചും ഡിബാല അഭിമുഖത്തിൽ വാചാലനായി. ലോക ഫുട്ബോളിലെ അതികായൻമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള അപൂർവം താരങ്ങളിലൊരാളാണ് ഡിബാല. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നിലവിൽ ചികിത്സയിലാണ് അദ്ദേഹം.

English Summary: Paulo Dybala Opens Up on How Cristiano Ronaldo Reacted After He Told CR7 How They Hated Him in Argentina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com