ADVERTISEMENT

ഓഗ്സ്ബർഗ്∙ കാത്തുകാത്തിരുന്ന് ജർമൻ ബുന്ദസ്‌ലിഗ നാളെ ആരംഭിക്കാനിരിക്കെ, ആദ്യ ദിനം വൂൾവ്സ്ബർഗിനെ നേരിടുന്ന ഓഗ്സ്ബർഗ് എഫ്‍സിയുടെ പരിശീലക കസേര ആദ്യ മത്സരത്തിൽ ഒഴിഞ്ഞുകിടക്കും! ലീഗ് പുനഃരാരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മുഖ്യപരിശീലകൻ ഹെയ്കോ ഹെർലിക് ക്വാറന്റീൻ ചട്ടം ലംഘിച്ചെന്ന് തെളിഞ്ഞ സാഹചര്യത്തിലാണിത്. ക്വാറന്റീൻ ചട്ടം ലംഘിച്ച് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ ടൂത്ത്പേസ്റ്റ് വാങ്ങാൻ പോയ ഹെർലിക്ക് നാളെ പുനഃരാരംഭിക്കുന്ന ലീഗിലെ ആദ്യ മത്സരത്തിൽ പുറത്തിരിക്കും. ഹെർലിക്കിന്റെ ടീമായ ഓഗ്സ്ബർഗ് എഫ്‍സി ശനിയാഴ്ച വൂൾവ്സ്ബർഗിനെ നേരിടാനിരിക്കെയാണ് സംഭവം.

ടീം ഹോട്ടലിൽനിന്ന് അനുമതിയില്ലാതെ പുറത്തുപോകുക വഴി താൻ ചട്ടം ലംഘിച്ചതായി ഹെർലിക്ക് പ്രസ്താവനയിൽ സമ്മതിച്ചു. ബുന്ദസ്‌ലിഗയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഓഗ്‍സ്ബർഗ് എഫ്‍സി ഇക്കഴിഞ്ഞ മാർച്ച് 10നാണ് ഹെർലിക്കിന്റെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. ടീമിന്റെ പരിശീലകനെന്ന നിലയിൽ ഹെർലിക്കിന്റെ ആദ്യ മത്സരമാണ് വൂൾവ്സ്ബർഗിനെതിരെ നടക്കേണ്ടിയിരുന്നത്. നിലവിൽ ലീഗിൽ 14–ാം സ്ഥാനത്താണ് ഓഗ്സ്ബർഗ്. തരംതാഴ്ത്തൽ ഭീഷണിക്ക് അഞ്ചു പോയിന്റ് മാത്രം മുകളിൽ.

‘ഹോട്ടലിൽനിന്ന് പുറത്തേക്കു പോകുമ്പോഴും തിരികെ വരുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ സമ്പൂർണ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെങ്കിലും ചട്ടം ലംഘിച്ചത് തിരുത്താനാകാത്ത പിഴവാണെന്ന് ഞാൻ അംഗീകരിക്കുന്നു. അതുവഴി എന്റെ ടീമംഗങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ മാതൃകാപരമായി പെരുമാറുന്നതിൽ ഞാൻ വീഴ്ച വരുത്തി. സംഭവിച്ചുപോയ തെറ്റ് ഞാൻ അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച നടക്കുന്ന ടീമിന്റെ പരിശീലന സെഷനിലും ശനിയാഴ്ചത്തെ മത്സരത്തിലും ഞാൻ ടീമിന്റെ പരിശീലക ചുമതലയിൽ ഉണ്ടാകില്ലെന്ന് അറിയിക്കുന്നു’ – ഹെർലിക്ക് പ്രസ്താവനയിൽ വ്യക്തമാക്കി.

∙ ബുന്ദസ്‌ലിഗ തിരിച്ചുവരുന്നു

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ തിരിച്ചു വരുന്നത്. ഇന്ത്യൻ സമയം ശനി രാത്രി ഏഴിനുള്ള ബോറൂസിയ ഡോർട്മുണ്ട്– ഷാൽക്കെ മത്സരമാണ് ആദ്യദിനത്തിലെ സൂപ്പർ പോരാട്ടം. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലിൽ തൽസമയ സംപ്രേഷണമുണ്ട്. കോവിഡ് മൂലം മത്സരങ്ങളെല്ലാം നിർത്തി വച്ച ശേഷം പുനരാരംഭിക്കുന്ന ആദ്യ മേജർ യൂറോപ്യൻ ലീഗാണ് ബുന്ദ‌സ്‌ലിഗ. കാണികളില്ലാത്ത സ്റ്റേഡിയങ്ങളിലാണ് എല്ലാ മത്സരങ്ങളും. 

എല്ലാ ടീമിനും 9 മത്സരങ്ങൾ വീതം  ശേഷിക്കെ നിലവിലെ ചാംപ്യൻമാരായ ബയൺ മ്യൂണിക്ക് തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. 25 മത്സരങ്ങളിൽ 55 പോയിന്റ്. ബെർലിനെതിരെ ഞായറാഴ്ച രാത്രി 9.30നാണ് ബയണിന്റെ കളി. ശക്തമായ വെല്ലുവിളിയുമായി ഡോർട്ട്മുണ്ട് (51), ലൈപ്സീഗ് (50) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ആദ്യ അഞ്ചു സ്ഥാനക്കാർ തമ്മിലുള്ള അകലം എട്ടു പോയിന്റ് മാത്രമാണെന്നത് ചാംപ്യൻസ് ലീഗ് ബെർത്തിനായുള്ള പോരാട്ടവും കടുപ്പമാക്കുന്നു.  ഒന്നാം സ്ഥാനത്തുള്ള ബയണിന് ടോപ് ഫോറിലുള്ള മൂന്നു ടീമുകളുമായി കളി ബാക്കിയുണ്ട്.

English Summary: Augsburg boss Heiko Herrlich breaks quarantine rules and will miss restart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com