ADVERTISEMENT

ഡോർട്മുണ്ട് ∙ ബൊറൂസിയ ഡോർട്മുണ്ടിന്റെ സിഗ്നൽ ഇദൂന സ്റ്റേഡിയം പൊട്ടിത്തെറിക്കേണ്ട മത്സരമായിരുന്നു ഇത്! സൂപ്പർ താരം എർലിങ് ഹാലൻ‍ഡിന്റെ ആദ്യ ഗോൾ, റാഫേൽ ഗ്വുറെയ്റോയുടെ ഇരട്ടഗോളുകൾ, ചിരവൈരികളായ ഷാൽക്കെയ്ക്കെതിരെ 4–0 ജയം! പക്ഷേ, എന്തു ചെയ്യാം; ഇതു കൊറോണക്കാലമായിപ്പോയി!

ലോക്ഡൗൺ കഴിഞ്ഞ് പുനരാരംഭിക്കുന്ന ആദ്യ പ്രധാന ഫുട്ബോൾ ലീഗ് എന്ന ബഹുമതിയോടെ ജർമനിയിലെ ബുന്ദസ്‌ ലിഗയിൽ പന്തുരുണ്ടപ്പോൾ ആദ്യ അഞ്ചു കളികളിൽ പിറന്നത് 12 ഗോളുകൾ. ഡോർട്ട്മുണ്ടിനു പുറമേ ഹെർത്ത ബെർലിനും മിന്നുന്ന ജയം. ഹൊഫെൻഹൈമിനെതിരെ 3–0ന്. വോൾവ്സ്ബർഗ് 2–1ന് ഓഗ്സ്ബർഗിനെ തോൽപിച്ചു. ലൈപ്സീഗ്–ഫ്രെയ്ബർഗ് (1–1), ദസ്സൽഡോർഫ്–പാഡെർബോൺ (0–0) മത്സരങ്ങൾ സമനില.

∙ ആദ്യ ഗോൾ: ഹാലൻഡ്

കൊറോണക്കാലത്തെ ആദ്യഗോൾ വീണത് ഡോർട്മുണ്ടിന്റെ നോർവെ താരം എർലിങ് ഹാലൻഡിന്റെ ബൂട്ടിൽ നിന്ന്. വലതു വിങ്ങിൽ നിന്ന് തോർഗൻ ഹസാഡിന്റെ ക്രോസ് ഹാലൻഡ് ഗോളിലേക്കു തട്ടിയിടുമ്പോൾ കളി സമയം 28 മിനിറ്റ്. മറ്റു മൂന്നു കളികളിലും അപ്പോൾ ഗോൾ പിറന്നിട്ടുണ്ടായിരുന്നില്ല. യോഗാ പോസിലുള്ള പതിവ് ആഘോഷം മാറ്റിവച്ച് ‘സോഷ്യൽ ഡിസ്റ്റൻസിങ്’ സ്റ്റൈലിൽ ഹാലൻഡിന്റെ സെലിബ്രേഷൻ. ഹാഫ്ടൈമിനു നിമിഷങ്ങൾ ശേഷിക്കെ ഗ്വുറെയ്റോ ഡോർട്മുണ്ടിന്റെ ലീഡുയർത്തി.

കൈമുട്ടുകൾ കൂട്ടിയിടിച്ചായിരുന്നു പോർച്ചുഗീസ് താരത്തിന്റെ ഗോളാഘോഷം. 48–ാം മിനിറ്റിൽ തോർഗൻ ഹസാഡും 63–ാം മിനിറ്റിൽ ഗ്വുറെയ്റോയും ഡോർട്മുണ്ടിന്റെ ഗോളടി പൂർത്തിയാക്കി. മത്സരശേഷം പ്രതീകാത്മകമായി സ്റ്റേഡിയത്തിലെ ‘യെലോ വാൾ’ എന്നറിയപ്പെടുന്ന സൗത്ത് സ്റ്റാൻഡിനെ അഭിവാദ്യം ചെയ്താണു ഡോർട്മുണ്ട് താരങ്ങൾ മടങ്ങിയത്.

∙ സബ്സ്റ്റിറ്റ്യൂഷൻ, സാനിറ്റേഷൻ

ഫിഫയുടെ താൽക്കാലിക നിയമം അനുസരിച്ചുള്ള 5 സബ്സ്റ്റിറ്റ്യൂഷൻ ഷാൽക്കെ പൂർണമായും നടപ്പിലാക്കി. എന്നാൽ ഡോർട്മുണ്ട് 4 പകരക്കാരെ മാത്രമാണ് ഇറക്കിയത്. ഇടവേളയിൽ പന്തുകൾ അണുവിമുക്തമാക്കി. പകരക്കാരെല്ലാം മാസ്ക് ധരിച്ച്, അകലം പാലിച്ചാണു മൈതാനവരയ്ക്കു പുറത്തിരുന്നത്.

football-cleaning
മത്സരത്തിനിടെ പന്ത് അണുവിമുക്തമാക്കുന്നു.
wash-your-hands
കൈകഴുകാനുള്ള നിർദ്ദേശവുമായി ഗാലറിയിലെ ബോർഡ്
post-match-interview
സാമൂഹിക അകലം പാലിച്ച് പോസ്റ്റ് മാച്ച് അഭിമുഖങ്ങൾ.
social-distancing
ഡഗ്ഔട്ടിലും ഗാലറിയിലുമായി സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ഇരിക്കുന്ന താരങ്ങൾ.
cleaning-ball

English Summary: Dortmund use five subs, airplane stairs separate bench players at Leipzig in surreal Bundesliga return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com