ADVERTISEMENT

ബെർലിൻ ∙ ഒരു ‘ലോകകപ്പിനെന്ന’ പോലെ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്! 2 മാസത്തോളം നീണ്ട ലോക്ഡൗണിനു ശേഷം യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകളിലൊന്നിന് ഇന്നു വീണ്ടും ‘കിക്കോഫ്’. ഇന്ത്യൻ സമയം രാത്രി 7നു തുടങ്ങുന്ന 5 മത്സരങ്ങളോടെ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ ഇന്നു പുനരാരംഭിക്കും. ഡോർ‍ട്‌മുണ്ട്–ഷാൽക്കെ മത്സരമാണ് ആദ്യ ദിനത്തിലെ സൂപ്പർ പോരാട്ടം. 

നിലവിലെ ജേതാക്കളായ ബയൺ മ്യൂണിക്കിന്റെ മത്സരം നാളെയാണ്. എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ്. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് ഇന്നത്തെ മൂന്നു മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. 

തകരും, റെക്കോർഡുകൾ!

മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ തകരാൻ പോകുന്നത് റെക്കോർഡുകൾ കൂടിയാകും. ഗോളടി റെക്കോർഡുകളല്ല; ടെലിവിഷൻ സംപ്രേഷണത്തിന്റെ റെക്കോർഡുകൾ! സ്റ്റേഡിയത്തിലെത്താനാവാതെ വീർപ്പുമുട്ടുന്ന കടുത്ത ആരാധകരെല്ലാം ടിവിക്കു മുന്നിൽ കുത്തിയിരിക്കുമെന്നുറപ്പ്. യൂറോപ്പിലെ മറ്റു മേജർ ലീഗുകളൊന്നും ഇതുവരെ പുനരാരംഭിച്ചിട്ടില്ല എന്നതിനാൽ ലോകമെങ്ങുമുള്ള പ്രേക്ഷകരെയും ബുന്ദസ്‌ലിഗയ്ക്കു ലഭിക്കും.

ഉയരും, ആരവങ്ങൾ! 

സ്റ്റേഡിയങ്ങളിലെ ഉത്സവാന്തരീക്ഷത്തിൽ കളി കണ്ടുശീലിച്ച ആരാധകരെ തൃപ്തിപ്പെടുത്താൻ സ്കൈ സ്പോർട്സ് മറ്റൊരു വിദ്യയുമായെത്തുന്നു. റെക്കോർഡ് ചെയ്ത സൗണ്ട് ട്രാക്ക് തിരഞ്ഞെടുത്തു മത്സരം കാണാനുള്ള സൗകര്യമാണിത്. ഗോളടി ആരവങ്ങൾ, ടീം ഗീതങ്ങൾ എന്നിവയെല്ലാം ഇതിലുണ്ടാകും. ശൂന്യമായ സ്റ്റേഡിയത്തിലെ കളി തന്നെ കണ്ടാൽ മതി എന്നുള്ളവർക്ക് അങ്ങനെയുമാവാം. പരിശീലകരുടെ ആക്രോശങ്ങൾ, കളിക്കാരുടെ പരസ്പര നിർദേശങ്ങൾ എന്നിവയാണ് ഇവർക്ക് കിട്ടുക. ഇരിപ്പിടങ്ങളിൽ കട്ടൗട്ടുകളും സ്റ്റേഡിയത്തിൽ മ്യൂസിക്കുമായി ടീമുകളും സ്വന്തം നിലയ്ക്ക് ആഘോഷം കൊഴുപ്പിക്കും. 

dortmund
ഡോർട്മുണ്ട് താരങ്ങളായ എർലിങ് ഹാലൻഡും ജെയ്ഡൻ സാഞ്ചോയും.

‘ഗോസ്റ്റ് ’ ഡാർബി! 

ഡോർട്‌മുണ്ട് ∙ ജർമനിയിലെ റൂർ പ്രദേശത്തുനിന്നുള്ള ടീമുകളായ ബൊറൂസിയ ഡോർട്‌മുണ്ടും ഷാൽക്കെയും തമ്മിലുള്ള മത്സരങ്ങൾ എല്ലായ്പ്പോഴും തീപാറുന്ന പോരാട്ടങ്ങളാണ്; കളിക്കളത്തിലും ഗാലറിയിലും! പക്ഷേ, ഡോർട്മുണ്ടിന്റെ സിഗ്നൽ ഇദുന പാർക്കിൽ ഇന്ന് ‘റെവിയെർ ഡാർബിക്കു’ കിക്കോഫ് മുഴങ്ങുമ്പോൾ ഇതുവരെയില്ലാത്ത അനുഭവമാകും കളിക്കാർക്കുണ്ടാവുക. അടച്ചിട്ട സ്റ്റേഡിയത്തിൽ ആരവങ്ങളില്ലാതെയാകും അവരുടെ പന്തുതട്ടൽ. സ്റ്റേഡിയം, നിശ്ശബ്ദമായ പ്രേതഭവനം പോലെയാകുമെന്നതിനാൽ ഈ വർഷത്തെ ഡാർബിക്ക് പുതിയൊരു പേര് വീണു കഴി​ഞ്ഞു: ഗോസ്റ്റ് ഡാർബി! 

പക്ഷേ, ആരാധകരുടെ പ്രചോദനങ്ങളില്ലെങ്കിലും ഡോർട്മുണ്ടിന് ഈ മത്സരം ജയിച്ചേ തീരൂ. ലീഗിൽ 9 മത്സരങ്ങൾ ശേഷിക്കെ ഒന്നാം സ്ഥാനത്തുള്ള ബയൺ മ്യൂണിക്കിനെക്കാൾ 4 പോയിന്റ് മാത്രം പിന്നിലാണവർ. ടീനേജ് താരങ്ങളായ എർലിങ് ഹാലൻഡിലും ജെയ്ഡൻ സാഞ്ചോയിലുമാണു ഡോർട്മുണ്ടിന്റെ പ്രതീക്ഷ.

കൊറോണ വൈറസ് വ്യാപനം മൂലം ലീഗ് നിർത്തിവയ്ക്കുമ്പോൾ 8 മത്സരങ്ങളിൽനിന്ന് 9 ഗോളുകളുമായി ഹാലൻഡ് ഉജ്വല ഫോമിലായിരുന്നു. സാഞ്ചോ 23 കളികളിൽ 14 ഗോളും 16 അസിസ്റ്റും നേടിക്കഴിഞ്ഞു. 

പ്രതീക്ഷയിൽ യൂറോപ്യൻ ലീഗുകൾ

ലണ്ടൻ ∙ ബുന്ദസ്‌ലിഗ ഇന്നു പുനരാരംഭിക്കാനിരിക്കെ യൂറോപ്പിലെ മറ്റു പ്രധാന ഫുട്ബോൾ ലീഗുകളും പ്രതീക്ഷയി‍ൽ. ഉടൻ സീസൺ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിൽ മിക്ക ലീഗുകളിലും ക്ലബ്ബുകൾ പരിശീലനം തുടങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ലീഗും ഡച്ച് ലീഗും റദ്ദാക്കിക്കഴിഞ്ഞു. 

∙ പ്രീമിയർ ലീഗ് – ജൂൺ

അടുത്തയാഴ്ച മുതൽ വ്യക്തിഗത പരിശീലനം നടത്താൻ താരങ്ങൾക്ക് അനുവാദം നൽകാനാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് സംഘാടകരുടെ ആലോചന. അടുത്ത മാസം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താമെന്നും സംഘാടകർ കരുതുന്നു. 

∙ ലാ ലിഗ – ജൂൺ 12

സ്പാനിഷ് ലാ ലിഗ ക്ലബ്ബുകൾ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ജൂൺ 12നു സീസൺ പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ നീക്കം. കോവിഡിനെ പേടിച്ചിരുന്നിട്ടു കാര്യമില്ലെന്ന് ബാർസ താരം ലയണൽ മെസ്സിയും പറഞ്ഞു കഴിഞ്ഞു. 

∙ സീരി എ – ജൂൺ 13

ജൂൺ 13നു സീസൺ തുടങ്ങാനാണു സീരി എ സംഘാടകരുടെ ശ്രമം. അടുത്തയാഴ്ച മുതൽ ക്ലബ്ബുകൾക്കു സംഘങ്ങളായി പരിശീലനം തുടങ്ങാം. സീസൺ തുടങ്ങുന്നതിനു മുൻപായി മുഴുവൻ ടീമുകളിലെയും താരങ്ങളെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. 

English Summary: Bundesliga season resumes Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com