ADVERTISEMENT

ഹോങ്‍കോങ്∙ കൊറോണ ഭീഷണിക്കു ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും ഫുട്ബോൾ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അടച്ചിട്ട സ്റ്റേ‍ഡിയങ്ങളിൽ ആരാധകരില്ലാതെ മത്സരങ്ങൾ നടത്തുമ്പോൾ പതിവ് ആവേശം ചോരുമെന്നുറപ്പ്. ഗാലറിയിലെ ആര്‍പ്പുവിളിയിൽനിന്ന് ഊർജമുൾക്കൊണ്ട് ഗ്രൗണ്ടില്‍ താരങ്ങള്‍ എങ്ങനെ കുതിച്ചുകയറും? ഇങ്ങനെയൊരു ആശങ്ക ബാക്കി നിന്നതിനാലാണ് ആരാധകരുടെ അഭാവം കുറച്ചെങ്കിലും നികത്താൻ സംഘാടകർ പല വിധ വഴികള്‍ സ്വീകരിക്കുന്നത്.

ദക്ഷിണ കൊറിയൻ ക്ലബ് ആയ എഫ്സി സിയോൾ മത്സരങ്ങൾ തുടങ്ങിയപ്പോൾ സീറ്റുകളിൽ ആരാധകര്‍ക്കു പകരം നിരത്തിയത് സെക്സ് ഡോളുകളെയാണ്. സീറ്റുകൾ പാവകളെ ഉപയോഗിച്ചു നിറച്ചായിരുന്നു സിയോളിലെ ക്ലബ് ആരാധകരുടെ ‘കുറവ്’ നികത്തിയത്. സംഭവം വിവാദമായതോടെ ഫുട്ബോൾ ലീഗിന് വൻ തുക പിഴയും ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച ഗ്വാങ്ജു എഫ്സിയുമായുള്ള മത്സരത്തിനിടെയായിരുന്നു ക്ലബ് കൈവിട്ട നീക്കം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ എഫ്സി സിയോൾ മത്സരത്തിന്റെ ചാനൽ, ഓണ്‍ലൈൻ കാഴ്ചക്കാരോട് മാപ്പു പറഞ്ഞു തടിയൂരി. എഫ്സി സിയോളിന്റെ ജഴ്സിയും ധരിപ്പിച്ചായിരുന്നു പാവകളെ ഗാലറിയിൽ ഇരുത്തിയത്.

തയ്‍വാനിലെ ബേസ് ബോള്‍ ലീഗിൽ ആരാധകരില്ലാത്തതിനാൽ ആവേശം നിലനിർത്താൻ സംഘാടകർ സ്വീകരിച്ചതു മറ്റൊരു മാർഗമായിരുന്നു. മത്സരത്തിനിടെ ഡ്രമ്മുകൾ അടിക്കാനും മറ്റുമായി സംഘാടകർ നിയോഗിച്ചത് ഒരു കൂട്ടം റോബട്ടുകളെയായിരുന്നു. ടീമുകളുടെ ജഴ്സികൾ അണിയിച്ച് മനുഷ്യ രൂപങ്ങളെയും ഇവർ ഗാലറിയിൽ നിരത്തി. സീറ്റുകൾ നിറയ്ക്കാൻ ആരാധകരുടെ കാർഡ് ബോർഡ് കട്ട് ഔട്ടുകൾ വയ്ക്കുന്ന രീതി കൂടുതൽ ജനപ്രിയമായിട്ടുണ്ട്. ജർമൻ‌ ഫുട്ബോൾ ക്ലബ് ബൊറൂസിയ മോചൻഗ്ലാഡ്ബാഷ് ആരാധകർക്കു സ്വന്തം രൂപത്തിലുള്ള കാർഡ് ബോർഡുകൾ സീറ്റുകളിൽ സ്ഥാപിക്കുന്നതിനും അവസരം നൽകി.

ആയിരങ്ങളാണ് ലോക്ഡൗണ്‍ കാലത്തും ടീമിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഈ അവസരം വിനിയോഗിച്ചത്. ബൊറൂസിയ പാർക്ക് സ്റ്റേഡിയത്തിൽ സ്വന്തം ചിത്രങ്ങൾ സ്ഥാപിക്കാൻ ഫീസായി വേണ്ടത് 19 യൂറോ. മത്സരത്തിനിടെ ആരാധകരുടെ ആവേശം താരങ്ങൾക്ക് ‘മിസ്’ ചെയ്യാതിരിക്കാൻ ചാന്റുകളും ശബ്ദങ്ങളും റെക്കോർഡ് ചെയ്തതു ഗാലറികളിൽ നിന്ന് പ്ലേ ചെയ്യുന്നതും കോവിഡ് കാലത്തെ കൗതുകമായി. ദക്ഷിണകൊറിയൻ ഫുട്ബോൾ ലീഗായ കെ ലീഗിൽ ഫുട്ബോളിലെ ജനകീയമായ ചാന്റുകളെല്ലാം ഗാലറിയിൽ തുടർച്ചയായി കേൾപ്പിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ റൂൾസ് ഫുട്ബോൾ അടുത്ത മാസം മുതൽ നടക്കുമ്പോൾ മത്സരം ടിവിൽ കാണുന്നവർക്ക് ആരാധകരുടെ ശബ്ദവും കേൾക്കാനാകും. ദൃശ്യങ്ങളോടൊപ്പം നേരത്തേ റെക്കോർഡ് ചെയ്ത ശബ്ദവും കേൾപ്പിക്കാനാണു തീരുമാനം.

English Summary: Piped noise, robots and sex dolls: What happens in stadiums

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com