ADVERTISEMENT

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശം കൊള്ളിച്ച ആ 21–ാം നമ്പർ ജഴ്സി ഇനിയില്ല. ക്ലബ്ബുമായി വഴിപിരിഞ്ഞ സന്ദേശ് ജിങ്കാനോടുള്ള ആദരസൂചകമായി 21–ാം നമ്പർ കുപ്പായം ബ്ലാസ്റ്റേഴ്സ് പിൻവലിച്ചു. ‘‘ക്ലബ്ബിനോടും പിന്തുണക്കാരോടുമുള്ള വിശ്വസ്തതയ്ക്കും അഭിനിവേശത്തിനും നന്ദി. പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും. 21–ാം നമ്പർ ജഴ്സിയും സ്ഥിരമായി വിരമിക്കുന്നു.’’ ക്ലബ് ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു.

ഐഎസ്എൽ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടായിരുന്ന ചണ്ഡിഗഡ് സ്വദേശിയായ ജിങ്കാൻ ക്ലബ് വിടുന്നതോടെ ഇനി 21–ാം നമ്പർ ജഴ്സി മറ്റൊരു താരത്തിനും നൽകില്ലെന്നാണു ക്ലബ്ബിന്റെ തീരുമാനം. ‘‘പരസ്പരം വളരാൻ സഹായിച്ചു, ഒടുവിൽ പിരിയാൻ തീരുമാനിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങളോടു ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു നന്ദി.’’– ഇരുപത്തിയാറുകാരനായ ജിങ്കാൻ പ്രതികരിച്ചു.

അതേസമയം, ബ്ലാസ്റ്റേഴ്സിൽ അടിമുടി അഴിച്ചുപണിയെന്നാണു സുചന. ക്ലബ് സിഇഒ വിരേൻ ഡിസിൽവ സ്ഥാനം ഒഴിയുന്നതായി കത്തു നൽകി.  സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദും ഒഴിഞ്ഞേക്കും.

∙ ബ്ലാസ്റ്റേഴ്സ് വിട്ടതിനു പിന്നിൽ?

സാധ്യതകൾ ഇങ്ങനെ

1. പ്രതിഫലകാര്യത്തിലുള്ള ഭിന്നത. 

2. കൂടിയ പ്രതിഫലം വാഗ്ദാനം ചെയ്ത് മറ്റു ക്ലബ്ബുകൾ. വിദേശത്തുനിന്നു ട്രയൽസിനുള്ള ക്ഷണം.

3. ജിങ്കാനെ വേണ്ടെന്നു കോച്ച് കിബു വിക്കൂനയോ സ്പോർടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസോ സൂചിപ്പിച്ചിട്ടുണ്ടാവാം.

ഒന്നു തീർച്ച: മുൻനായകനും ക്ലബ്ബും വേർപിരിയുന്നു എന്ന വാർത്ത പുറത്തായ നിമിഷത്തിൽ ജിങ്കാന്റെ പക്കൽ ആരുടെയും ‘ഓഫർ’ ഉണ്ടായിരുന്നില്ല. 

ശ്രദ്ധേയമായ മറ്റു ചില കാര്യങ്ങളുണ്ട്:

പരുക്കിനുശേഷം ചികിത്സയും താമസവും മുംബൈ സിറ്റി എഫ്സിയുടെ താവളത്തിലായിരുന്നു. തിരിച്ചുവരവിനുള്ള നാളുകളിൽ തങ്ങളുടെ സൗകര്യം ഉപയോഗിക്കാമെന്നു ബെംഗളൂരു എഫ്സി വാഗ്ദാനം ചെയ്തിരുന്നു.

കോച്ച് കിബുവിന്റെ കളിശൈലിയിലും തന്ത്രങ്ങളിലും ജിങ്കാനെപ്പോലൊരാൾക്കു സ്ഥാനമില്ലെന്ന വിലയിരുത്തൽ. അതു താരത്തെ ക്ലബ് ബോധ്യപ്പെടുത്തിക്കാണും. 

ടിരി ബ്ലാസ്റ്റേഴ്സിലേക്കു വരുന്നു എന്നു കേട്ടപ്പോൾ സമൂഹമാധ്യമങ്ങളിൽ ജിങ്കാൻ തമാശ പൊട്ടിച്ചു: ‘‘അദ്ദേഹം വരട്ടെ, പക്ഷേ എന്നെക്കൂടി ടീമിലെടുത്താൽ ഒരുമിച്ചു കളിക്കാം.’’ അറംപറ്റിയോ? അതോ, അറിഞ്ഞുകൊണ്ടു പറഞ്ഞതോ?

∙ ഈ പരുക്കിനെക്കുറിച്ച് ഞാൻ ആകുലപ്പെടുന്നില്ല. അങ്ങനെ ചെയ്താൽ, അതു ജീവിതത്തിൽ ശരിക്കും ദുരിതം അനുഭവിക്കുന്നവരോടുള്ള അനീതിയാകും.

സന്ദേശ് ജിങ്കാൻ (ഫിഫഡോട്കോമിൽ മേയ് 19നുവന്നഅഭിമുഖത്തിൽനിന്ന്)

English Summary: Sandesh Jhingan leaves Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com