ADVERTISEMENT

ബെർലിൻ ∙ തുടർച്ചയായ 8–ാം കിരീടമെന്ന റെക്കോർഡിലേക്ക് ബയൺ മ്യൂണിക്കിന് ഇനി സ്വപ്നദൂരം. ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ, 2–ാം സ്ഥാനക്കാരായ ബൊറൂസിയ ഡോർട്മുണ്ടിനെ അവരുടെ മൈതാനത്ത് ബയൺ 1–0നു കീഴടക്കി. 6 മത്സരങ്ങൾ ബാക്കി നിൽക്കെ ബയണിന്റെ ലീഡ് 7 പോയിന്റ്. 43–ാം മിനിറ്റിൽ ഡിഫൻസീവ് മിഡ്ഫീൽഡർ ജോഷ്വ കിമ്മിച്ച് നേടിയ ‘ബ്രില്യന്റ് ഗോളി’ലാണ്  വിജയം. കളിക്കണക്കിൽ പന്തവകാശം മുതൽ ഗോൾ ഷോട്സ് വരെ എല്ലാത്തിലും ഏറെക്കുറെ തുല്യത പാലിച്ച പോരാട്ടത്തിൽ ബയണിനു മുൻതൂക്കം നൽകിയത് ആ ഗോളായിരുന്നു.

കാണികളില്ലാതെ വിരസമായ സിഗ്നൽ ഇഡുന പാർക്കി‍ലെ മൈതാനത്ത്, ഡോർട്മുണ്ടിന്റെ ഗോൾമേഖലയിലേക്കു കുറിയ പാസുകളുമായി ബയൺ പതിയെ അടുക്കുന്നതിനിടെയാണു കിമ്മിച്ചിന്റെ കാലിൽ പന്തു കിട്ടുന്നത്. ഗോൾപോസ്റ്റിന് 20 വാര പുറത്തായിരുന്നു അപ്പോൾ കിമ്മിച്ച്. ഡോർട്മുണ്ട് ഗോളി റോമൻ ബ്യൂർകി അൽപം മുന്നോട്ടു കയറിയ അവസ്ഥയിലും. ഒറ്റനോട്ടത്തിൽ കാര്യം മനസ്സിലാക്കിയ കിമ്മിച്ച് ബോക്സിനു പുറത്തു വലത്തേയറ്റത്തുനിന്നു പോസ്റ്റിന്റെ ഇടത്തേയറ്റത്തേക്കു പന്ത് ചിപ് ചെയ്ത് ഉയർത്തിവിട്ടു. ബ്യൂർകി ഉയർന്നു ചാടിയെങ്കിലും വി‌രലുകളിൽ ഉരസ്സി പന്തു വലയിൽ കയറി (1–0). ‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗോളാണിത്. ഈ സീസണിൽ ഏറ്റവും പ്രധാനപ്പെട്ടതും’ –  കിമ്മിച്ച് മത്സരശേഷം പറഞ്ഞു.

വോൾവ്‌സ്ബർഗിനോട് 4–1നു തോറ്റ ലെവർക്യൂസൻ 3–ാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി.

മൂന്നാമത്തെ ഗോൾ

പെനൽറ്റി ബോക്സിനു പുറത്തുനിന്നു ജർമൻ രാജ്യാന്തര താരം ജോഷ്വ കിമ്മിച്ച് ഈ സീസണിൽ നേടുന്ന മൂന്നാമത്തെ ഗോൾ. ഗോൾപോസ്റ്റിന് 20 വാര പുറത്തുനിന്നായിരുന്നു കിമ്മിച്ചിന്റെ ഈ മനോഹര ചിപ് ഷോട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com