sections
MORE

ബ്രസീൽ താരം നെയ്മർ വീണ്ടും ബാർസിലോനയിലേക്ക്?

suarez-neymar-messi
ലൂയി സ്വാരെസ്, നെയ്മർ, മെസ്സി
SHARE

കരിയർ ഗോളുകളും പരുക്കുകളും ഒരേ ഗ്രാഫിലുള്ള കളിക്കാരനാണു നെയ്മർ എന്നൊരു തമാശയുണ്ട്. ബ്രസീൽ ദേശീയ ടീമിന്റെ വിളിപ്പേരായ കാനറിയെപ്പോലെ നിശബ്ദമായി ഗോൾമുഖത്തേക്കു പറക്കുന്ന പക്ഷിയായ നെയ്മറെ വീഴ്ത്താൻ വളരെ എളുപ്പമാണ്. 90 മിനിറ്റ് കളിക്കിടെ നെയ്മറുടെ വീഴ്ചകൾ എണ്ണിയാൽ തീരില്ല. സീറോ ആംഗിളിൽ വെട്ടിത്തിരിയാനും പന്തുമായി അതിവേഗം കുതിക്കാനും സാധിക്കുന്ന നെയ്മർ, ഇത്രയേറെ ‘വൾനറബിൾ’ ആയിരുന്നിട്ടും മാർക്കറ്റ് വാല്യു കുറയാത്തതിന് ഒരു കാരണമുണ്ട്. ഹാഫ് ചാൻസിൽനിന്നും ഗോളടിക്കാനുള്ള വിരുത്.

ലോകഫുട്ബോളിൽ ഇപ്പോഴും ഓരോ ബ്രസീലുകാരന്റെയും മൂല്യം അയാളുടെ കാൽപന്തു പെരുമാറ്റങ്ങളുടെ പേരിലാണ്. ഇക്കാര്യത്തി‍ൽ ഒരു പണത്തൂക്കം മുന്നിലാണ് നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ എന്ന ഇരുപത്തിയെട്ടുകാരൻ. കോവിഡാനന്തര ഫുട്ബോൾ ലോകത്ത് ജൂലൈ മുതൽ ഏറ്റവുമധികം ഉയർന്നു കേൾക്കാൻ പോകുന്ന പേരുകളിലൊന്ന് നെയ്മറിന്റേതായിരിക്കും. ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയിൽനിന്നുള്ള നെയ്മറുടെ ട്രാൻസ്ഫർ തന്നെ ചർച്ചാവിഷയം.

സ്പാനിഷ് ക്ലബ് ബാർസിലോനയിൽനിന്ന് റെക്കോർഡ് ട്രാൻസ്ഫർ തുക (222 ദശലക്ഷം യൂറോ) നൽകി നെയ്മറെ പിഎസ്ജിയിലേക്ക് കൊണ്ടുവരുമ്പോൾ ക്ലബ് ഉടമകളായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന്റെ പ്രധാനലക്ഷ്യം അവരുടെ ഷോക്കേസിൽ ഒരു ചാംപ്യൻസ് ലീഗ് കിരീടമായിരുന്നു. എന്നാൽ, താരബാഹുല്യം കൊണ്ടു നേടാൻ കഴിയുന്നതല്ല യൂറോപ്പിന്റെ ചാംപ്യൻപട്ടം എന്ന തിരിച്ചറിവിനൊപ്പം നെയ്മറുടെ പരുക്കുകൾ ക്ലബ്ബിനു തലവേദനയാവുകയും ചെയ്തു. അരനൂറ്റാണ്ട് മാത്രം പഴക്കമുള്ള പിഎസ്ജിക്ക് ചാംപ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്കു കുതിക്കാൻ നെയ്മർ എന്ന പോരാളിയെ ആവശ്യമില്ലെന്ന യാഥാർഥ്യവും ക്ലബ് മാനേജ്മെന്റ് മനസ്സിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ, കഴിഞ്ഞ സീസണിൽ തന്നെ ബാർസിലോന തുടക്കമിട്ടു കഴിഞ്ഞ ട്രാൻസ്ഫർ ഡീലിന് ഇത്തവണ പിഎസ്ജി സമ്മതിച്ചേക്കും. നെയ്മർ ടീമിൽ വേണമെന്നു ലയണൽ മെസ്സി ബാർസിലോന മാനേജ്മെന്റിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട്. നെയ്മർ ബാർസിലോനയിലേക്കു പോകുന്നതിനുള്ള കളമൊരുക്കൽ ഇരു ക്ലബ്ബുകളിലും തുടങ്ങിക്കഴിഞ്ഞതായാണു സൂചനകൾ. ജൂൺ 30ന് കരാർ അവസാനിക്കുമായിരുന്ന പിഎസ്ജി റൈറ്റ് ബായ്ക്ക് തോമസ് മൂനിയേ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിലേക്കു ചുവടുമാറിയതിനെയും നെയ്മറുടെ ബാ‍ർസിലോന ട്രാൻസ്ഫറിനെയും ബന്ധിപ്പിച്ച് കഥകളുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുപത്തെട്ടുകാരൻ ബൽജിയൻ താരം ജർമൻ ക്ലബ്ബുമായി 4 വർഷത്തെ കരാർ ഒപ്പിട്ടത്. ഇതോടെ, പിഎസ്ജി തങ്ങൾക്കു വേണ്ട ഒരു റൈറ്റ് ബായ്ക്കിനായി അന്വേഷണം തുടങ്ങി.

ബാർസിലോനയുടെ റൈറ്റ് ബായ്ക്ക് പോർച്ചുഗീസുകാരൻ നെൽസൻ സിമിഡോയിലേക്ക് ഈ അന്വേഷണം എത്താൻ സാധ്യതയേറെ. കാരണം, ബാ‍ർസയ്ക്ക്  സിമിഡോ ടീമിൽ വേണമെന്നു നിർബന്ധമില്ല. ബാർസയുടെ ലാ മാസിയ അക്കാദമിയിൽ വളർന്ന സെർജി റോബർട്ടോ റൈറ്റ് ബായ്ക്ക് പൊസിഷനിൽ മിടുക്കോടെ കളിക്കുന്നുണ്ട്. ആ നിലയ്ക്ക് ഇരുപത്തിയാറുകാരൻ സിമിഡോയെ പിഎസ്ജിക്കു കൊടുത്താൽ ബാർസിലോനയ്ക്കു പകരമായി നെയ്മറെക്കൂടി തിരിച്ചുകിട്ടുന്ന ഒരു കരാർ മുന്നോട്ടുവയ്ക്കാം. മെസ്സിക്കും ലൂയി സ്വാരെസിനും ഒപ്പമെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മാനെക്കൂടി പിഎസ്ജിക്കു നൽകുന്ന ഒരു കരാറും ബാർസ മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്. ഫ്രഞ്ച് താരം കിലിയൻ എംബപെയ്ക്കൊപ്പം ഗ്രീസ്മാൻകൂടി വരുന്നതിൽ പിഎസ്ജിക്കു പിണക്കമുണ്ടാകില്ല!

കഴിഞ്ഞ സീസണിലെ നെയ്മർ ട്രാൻസ്ഫർ ഡീൽ നടക്കാതെ പോയതിനു പിന്നിൽ പിഎസ്ജിയുടെ പിടിവാശിയായിരുന്നു എന്നൊരു സൂചനയുണ്ട്. ബാർസിലോനയ്ക്ക് അങ്ങോട്ടു നൽകിയ അതേ പണം നെയ്മറെ തിരിച്ചു നൽകുമ്പോൾ തങ്ങൾക്കു കിട്ടണമെന്നായിരുന്നു പിഎസ്ജിയുടെ നിർബന്ധം. പതിവായി പരുക്കുമൂലം സൈഡ് ബെഞ്ചിലിരുന്ന നെയ്മർ വഴിയുണ്ടായ ‘നഷ്ടം’ നികത്താൻ കൂടിയാവാം പിഎസ്ജി അങ്ങനെയൊരു കടുംപിടിത്തം കാട്ടിയത്. നെയ്മർ തുടരുന്നതുകൊണ്ട് പിഎസ്ജിയുടെ ഭാവി മെച്ചപ്പെടില്ലെന്ന തോന്നൽ കോച്ച് തോമസ് ടൂഹലിനുണ്ട്.

ലയണൽ മെസ്സിക്കു ശേഷം ബാർസിലോനയുടെ ഐക്കൺ താരമാകുമെന്നു പ്രതീക്ഷിച്ച കളിക്കാരനായിരുന്നു നെയ്മർ. എന്നാൽ, പിഎസ്ജിയുടെ പണക്കിലുക്കത്തിൽ സർവം മറന്ന നെയ്മർ പക്ഷേ, ഇപ്പോൾ ബാ‍ർസിലോന എന്ന ഒറ്റ സ്വപ്നവുമായാണത്രേ ജീവിക്കുന്നത്. മെസ്സിയും നെയ്മറും തമ്മിൽ പതിവായി ഫോൺവിളികളും വാട്സാപ് ചാറ്റുകളുമുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 33 വയസ്സു തികഞ്ഞ മെസ്സി രണ്ടു വർഷത്തേക്കു കൂടി ബാർസിലോനയുമായി കരാർ ഒപ്പിടുമെന്നാണ് വാർത്തകൾ. കരാർ യാഥാർഥ്യമാക്കാൻ രംഗത്തുള്ള ബാർസിലോന ക്ലബ് പ്രസി‍ഡന്റ് ജോസഫ് ബാർത്‌ലോമ്യു അതിനാൽ എന്തു വിലകൊടുത്തും നെയ്മറെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നുറപ്പ്.

ഇനി ഒരു ചോദ്യം കൂടി ബാക്കി: നെയ്മർ പോകുമ്പോൾ ആ സ്ഥാനത്തേക്കു പിഎസ്ജി ആരെയാണു നോക്കുന്നത്? നെയ്മറെ കൈമാറ്റം ചെയ്യുമ്പോൾ ലഭിക്കുന്ന വലിയ തുക കൊണ്ട് ഒട്ടും മോശമല്ലാത്ത ഒരു പർച്ചേയ്സിന് പിഎസ്ജി ഒരുങ്ങുന്നതായാണ് സൂചന. പാർക് ദെസ് പ്രിൻസസിലേക്കു വരുന്ന ആ കളിക്കാരൻ ആരായിരിക്കും? മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് പോൾ പോഗ്ബയെ കൊണ്ടുവരാനാണത്രേ പിഎസ്ജിയുടെ ആലോചന!

English Summary: Neymar to Barcelona, reports

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA