ADVERTISEMENT

ടൂറിൻ ∙ അസൂയകൊണ്ടു കണ്ണു തട്ടാതിരിക്കാൻ ഒരു പെനൽറ്റി നഷ്ടം; അത്രയേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ കിക്ക് ക്രോസ് ബാറിൽ ഇടിച്ചതിനെ യുവെന്റസ് ആരാധകർ കാണുന്നുള്ളൂ. ഗോളടിച്ചും പെനൽറ്റി നഷ്ടപ്പെടുത്തിയും റൊണാൾഡോ ‘നിറഞ്ഞുനിന്ന’ മത്സരത്തിൽ സാംപ്ദോറിയയെ 2–0നു തോൽപിച്ചതോടെ ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടം യുവെയുടെ ഷോക്കേസിലേക്ക്. ലീഗിൽ 2 കളികൾ ശേഷിക്കെ യുവെയ്ക്ക് 83 പോയിന്റ്. 7 പോയിന്റ് പിന്നിൽ 2–ാം സ്ഥാനത്തുള്ള ഇന്റർ മിലാനോ 3–ാമതുള്ള അറ്റലാന്റയ്ക്കോ ഇനി അവരെ മറികടക്കാനാവില്ല. യുവെയുടെ തുടർച്ചയായ 9–ാം ലീഗ് കിരീടമാണിത്; ചരിത്രത്തിലെ 36–ാമത്തേതും. 

ടൂറിനിലെ സ്വന്തം മൈതാനത്തു റൊണാൾഡോയ്ക്കു പുറമേ ഫെഡെറിക്കോ ബെർണാഡെസ്കിയും യുവെയ്ക്കായി ഗോൾ നേടി. മുക്കാൽ മണിക്കൂറോളം തങ്ങളെ ചെറുത്തുനിന്ന സാംപ്ദോറിയൻ പ്രതിരോധത്തെ കബളിപ്പിച്ച് ആദ്യ പകുതിയുടെ ഇൻജറി ടൈമിലായിരുന്നു റൊണാൾഡോയുടെ ഗോൾ. ബോക്സിനു തൊട്ടുപുറത്തു കിട്ടിയ ഫ്രീകിക്ക് മിറാലെം ജാനിക് നേരെ റൊണോയ്ക്കു കട്ട് ചെയ്തു നൽകി. റൊണാൾഡോയുടെ ഫീൽഡ് ഷോട്ട് വലയിൽ. ലീഗിൽ പോർച്ചുഗീസ് താരത്തിന്റെ 31–ാം ഗോൾ. 2–ാം പകുതിയുടെ തുടക്കത്തിൽ സാംപ്ദോറിയ ഒട്ടേറെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഭാഗ്യവും ഗോൾകീപ്പർ ഷെഷ്നിയുടെ സേവുകളും യുവെയ്ക്കു തുണയായി. 

67–ാം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ട് സാംപ്ദോറിയ ഗോൾകീപ്പർ എമിൽ ഒദേറോ തട്ടിയിട്ടത് പിടിച്ചെടുത്തായിരുന്നു ബെർണാഡെസ്കിയുടെ ഗോൾ. 89–ാം മിനിറ്റിൽ അലക്സ് സാന്ദ്രോ ഫൗൾ ചെയ്യപ്പെട്ടതിനു കിട്ടിയ പെനൽറ്റി കിക്കാണു റൊണാൾഡോ ക്രോസ് ബാറിലേക്കടിച്ചത്. മോർട്ടൻ തോസ്ബി ചുവപ്പു കാർഡ് കണ്ടതിനാൽ അവസാന 15 മിനിറ്റ് 10 പേരുമായാണ് സാംപ്ദോറിയ കളിച്ചത്.

കോവിഡ് ലോക്ഡൗണിനു ശേഷം ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി റൊണാൾഡോ

റോം ∙ കോവിഡ് ലോക്ഡൗണിനു ശേഷമുള്ള മത്സരങ്ങളിൽ യൂറോപ്പിലെ മേജർ ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക്ഡൗൺ കഴിഞ്ഞു മത്സരങ്ങൾ പുനരാരംഭിച്ചതിനുശേഷം ഇതുവരെ 10 ഗോളുകളാണു റൊണാൾഡോ നേടിയത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ റഹീം സ്റ്റെർലിങ്ങിനും ജർമൻ ബുന്ദസ്‌ലിഗയിൽ ബയൺ മ്യൂണിക് സ്ട്രൈക്കറായ റോബർട്ടോ ലെവൻഡോവ്സിക്കും മുന്നിൽ (ഇരുവരും 9 ഗോളുകൾ വീതം). ലീഗ് സീസണിൽ നിലവിൽ 31 ഗോളുകൾ നേടിയ മുപ്പത്തിയഞ്ചുകാരൻ റൊണാൾഡോയ്ക്ക് ഒരു ഗോൾ കൂടി നേടിയാൽ 86 വർഷം പഴക്കമുള്ള യുവെന്റസ് ക്ലബ് റെക്കോർഡ് മറികടക്കാം.

1933–34 സീസണിൽ 31 ഗോളുകൾ നേടിയ ഫെലിസ് ബോറെലിനൊപ്പമാണ് റൊണാൾഡോ ഇപ്പോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 3 ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടവും റയൽ മഡ്രിഡിനൊപ്പം 2 സ്പാനിഷ് ലീഗ് കിരീടങ്ങളും നേടിയ റൊണാൾഡോയ്ക്ക് ഇറ്റലിയിൽ യുവെന്റസിനൊപ്പം ഇത് 2–ാം കിരീടം. യുവെയ്ക്കൊപ്പം യുവേഫ ചാംപ്യൻസ് ലീഗാണു താരത്തിന്റെ അടുത്ത ലക്ഷ്യം. ഓഗസ്റ്റ് 7നു പ്രീക്വാർട്ടർ 2–ാം പാദത്തിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണിനെ നേരിടാനിരിക്കുകയാണു യുവെ. ആദ്യപാദം ലയോൺ 1–0നു ജയിച്ചിരുന്നു. 

ഹാട്രിക് ഇമ്മൊബീലെ

‌ഹെല്ലാസ് വെറോണയ്ക്കെതിരെ ഹാട്രിക്കോടെ ലാസിയോ താരം സിറോ ഇമ്മൊബീലെ തിളങ്ങി. ലീഗ് സീസണിൽ 34 ഗോളുകൾ നേടിയ ഇമ്മൊബീലെ 2 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ ടോപ് സ്കോറർ പോരാട്ടത്തിൽ റൊണാൾഡോയെക്കാൾ 3 ഗോൾ മുന്നിലാണിപ്പോൾ.  

English Summary: Cristiano Ronaldo dedicated Juventus' record-extending ninth successive Serie A title 'to the fans' as they defeated Sampdoria in Turin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com