ADVERTISEMENT

ലണ്ടൻ ∙ ഫ്രാങ്ക് ലാംപാർഡ്, മിക്കൽ അർറ്റേറ്റ. എഫ്എ കപ്പ് ഫുട്ബോൾ പോരാട്ടം ഇവർ തമ്മിലാണ്! ഇംഗ്ലണ്ടിലെ മുൻനിര ക്ലബ്ബുകളാണെങ്കിലും സമീപകാലത്തു കിരീടപ്രതാപം തെല്ലൊന്നു മങ്ങിയ ചെൽസിയും ആർസനലും തമ്മിലുള്ള ഫൈനൽ യഥാർഥത്തിൽ 2 പരിശീലകർ തമ്മിലുള്ള പോരാട്ടമായി മാറിക്കഴിഞ്ഞു. ചെൽസിയുടെ മുൻതാരം കൂടിയായ ലാംപാർഡിനു പറ്റിയ എതിരാളിയാണു മുൻ ആർസനൽ താരമായ അർറ്റേറ്റ. ഇരുവരും ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ‘ചെറുപ്പക്കാരായ’ പരിശീലകർ. കോച്ചിന്റെ കുപ്പായത്തിൽ ഇരുവർക്കും ഇത് ആദ്യ സീസൺ. 2011ൽ അർറ്റേറ്റ ആർസനലിന്റെ മധ്യനിരയിലെത്തിയ കാലത്തു ചെ‍ൽസിയുടെ മിഡ്ഫീൽഡിൽ ലാംപാർഡുണ്ടായിരുന്നു. പരിശീലകരെന്ന നിലയ്ക്കു വമ്പൻ പോരാട്ടം ഇരുവരും അഭിമുഖീകരിക്കുന്നത് ഇതാദ്യം. 

കപ്പിലെ ചരിത്രം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ 139–ാം ഫൈനലിനു വേദിയാകുന്നതു ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം. എഫ്എ കപ്പ് ഏറ്റവുമധികം നേടിയ ടീം ആർസനലാണ് (13). ചെൽസിക്കു 3–ാം സ്ഥാനം (8). ഇന്നത്തെ ഫൈനൽ 2017ലെ ഫൈനലിന്റെ ആവർത്തനം; അന്ന് ആർസനൽ 2–1നു ജേതാക്കളായി. 

ഫൈനൽ വഴി

പ്രീമിയർ ലീഗിലെ 4–ാം സ്ഥാന നേട്ടവുമായി എത്തുന്ന ചെൽസി സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണു കീഴടക്കിയത്. അർറ്റേറ്റയുടെ ആശാൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസമുണ്ട് ആർസനലിന്. വമ്പൻമാരെ തോൽപിച്ചതിന്റെ ആകെ കണക്കെടുത്താൽ ചെൽസിക്കാണു മുൻതൂക്കം. 5–ാം റൗണ്ടി‍ൽ ലിവർപൂളിനെയും ക്വാർട്ടറി‍ൽ ലെസ്റ്റർ സിറ്റിയെയും നീലപ്പട കീഴടക്കി. 

പ്രവചനം 

എഫ്എ കപ്പിൽ മികച്ച റെക്കോർഡുള്ള 2 ടീമുകളാണെങ്കിലും ചെ‍ൽസിക്കു നേരിയ മുൻതൂക്കം പ്രവചിക്കുന്നവരാണ് അധികവും. പ്രീമിയർ ലീഗിൽ 8–ാം സ്ഥാനത്താണു ഫിനിഷ് ചെയ്തതെങ്കിലും ആർസനലും സമീപകാലത്തു മികച്ച വിജയങ്ങളുമായി ഫോമിലാണ്. കഴിഞ്ഞ ദിവസം പരുക്കേറ്റ ആർസനൽ ഡിഫൻഡർ ഷ്കോഡ്രൻ മുസ്തഫി ഇന്നു കളിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com