ADVERTISEMENT

ലണ്ടൻ ∙ പിയേ എമെറിക് ഓബമെയാങ്! എഫ്എ കപ്പ് ഫൈനലിൽ ചെൽസിയെ കീഴടക്കിയ 2 ഗോളുകൾക്കു ശേഷം ട്രോഫി സ്വീകരിക്കാൻ മുന്നോട്ടു നടന്നപ്പോൾ ആർസനൽ ക്യാപ്റ്റന് അറിയാതെ മുട്ടുവിറച്ചിട്ടുണ്ടാകും. വെംബ്ലി സ്റ്റേഡിയത്തിലെ നിശ്ശബ്ദമായ ഗാലറിക്കു ചുവട്ടിലെ റോയൽ ബോക്സിൽ ട്രോഫി സമ്മാനിക്കാൻ വിശിഷ്ടാതിഥി വില്യം രാജകുമാരനും ഉണ്ടായിരുന്നില്ല.

പീഠത്തിൽ വച്ചിരുന്ന ട്രോഫിക്കൊപ്പം അതിന്റെ ചുവടുഭാഗം കൂടി ഇളക്കാതെ എടുത്തുകൊണ്ടു പോന്ന ഓബമെയാങ്ങിനു പിഴച്ചു. താഴ്ഭാഗം നിലത്തുവീണു. തലയിൽ കൈവച്ചു നിന്ന ഓബമെയാങ്ങിന്റെ തോളിൽത്തട്ടി ഗണ്ണേഴ്സ് കോച്ച് മിക്കൽ അർറ്റേറ്റ പറഞ്ഞു: ‘സാരമില്ല, ഇനിയും ട്രോഫികൾ സ്വീകരിക്കാൻ അവസരമുണ്ടാക്കാം, അപ്പോൾ അബദ്ധം പറ്റാതെ ശീലമായിക്കൊള്ളും’!

നാടകീയമായിരുന്നു എഫ്എ കപ്പ് ഫൈനൽ. അഞ്ചാം മിനിറ്റിൽ യുഎസ് താരം ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോളിൽ ചെൽസിക്കു ലീഡ്. വഴിയൊരുക്കിയത് ഒളിവർ ജിറൂദിന്റെ അതിമനോഹര ബായ്ക്ക് ഹീൽ പാസ്. എന്നാൽ, ഉസൈൻ ബോൾട്ടിന്റെ വേഗത്തിലോടുന്ന താരമെന്നു വാഴ്ത്തപ്പെട്ടിട്ടുള്ള ഓബമെയാങ് പലകുറി ചെൽസിയുടെ പെനൽറ്റി ബോക്സിലേക്കു ഗോൾ തേടി വന്നു. ആ വേഗക്കുതിപ്പിനു കടിഞ്ഞാണിടാൻ പറ്റില്ലെന്നുറപ്പായ നിമിഷത്തിൽ ഓബമെയാങ്ങിനെ ചെൽസി ക്യാപ്റ്റൻ സെസ്സാർ അസ്‌പിലിക്യുയേറ്റ  വലിച്ചുനിലത്തിട്ടു. റഫറി വിധിച്ചതു പെനൽറ്റി.

28–ാം മിനിറ്റിൽ സ്പോട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഗാബോൺ താരം സ്കോർ സമനിലയാക്കി(1–1). രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസിയുടെ താരപ്രമുഖൻ പുലിസിച്ചിനും ക്യാപ്റ്റൻ അസ്‌പിലിക്യുയേറ്റയ്ക്കും പരുക്ക്. ഇരുവരും മടങ്ങിയതോടെ ചെൽസിയുടെ ശക്തി ചോർന്നു. 67–ാം മിനിറ്റി‍ൽ ഓബമെയാങ്ങിന്റെ രണ്ടാം ഗോൾ. ചെൽസി കോച്ച് ഫ്രാങ്ക് ലാംപാർഡ് മത്സരശേഷം പറഞ്ഞതുപോലെ, ആ മുന്നേറ്റം ഓടിപ്പിടിക്കാൻ കെൽപുള്ളവർ ചെൽസിയിലെന്നല്ല, ലോകഫുട്ബോളിൽത്തന്നെ കുറവായിരുന്നു (2–1). 

English Summary: Arsenal, FA Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com