പിഎസ്ജിയുടെ തോൽവി സഹിക്കാനായില്ല; പാരിസിൽ അക്രമം അഴിച്ചുവിട്ട് ആരാധകർ

psg-fans-clash
പിഎസ്‌ജിയുടെ തോൽവിക്കു പിന്നാലെ പാരിസിൽ ആരാധകർ വാഹനത്തിന് തീയിട്ടപ്പോൾ.
SHARE

പാരിസ്∙ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ചാംപ്യൻമാരായ പിഎസ്ജി തോറ്റതിനു പിന്നാലെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ വ്യാപക അക്രമം. പ്രിയ ടീമിന്റെ തോൽവിയിൽ ക്രുദ്ധരായ ആരാധകരാണ് ടീമിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പാരിസിൽ അക്രമം അഴിച്ചുവിട്ടത്. പ്രതിഷേധക്കാർ ഒട്ടേറെ കാറുകൾക്ക് തീയിട്ടു. സംഭവത്തിൽ ഇതുവരെ 140ൽ അധികം പേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും മത്സരം കാണാനെത്തിയ 5000ൽ അധികം വരുന്ന ആരാധകർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി. മത്സരത്തിനിടെ പലപ്പോഴു ആരാധകരും പൊലീസും നേർക്കുനേരെത്തി.

കോവിഡ് വ്യാപനത്തെ തുടർന്ന് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്ക് മാറ്റിയ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയൺ മ്യൂണിക്ക് പിഎസ്ജിയെ തോൽപ്പിച്ചത്. ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് പിഎസ്ജി ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ചത്. നെയ്മറും കിലിയൻ എംബപ്പെയും ഉൾപ്പെടുന്ന സൂപ്പർ താരനിര കിരീടം കൊണ്ടുവരുമെന്ന പ്രതീക്ഷ തകർന്നതോടെയാണ് ആരാധകർ അക്രമത്തിലേക്ക് നീങ്ങിയത്.

കോവിഡ് മൂലം ലിസ്ബണിലെ ഫൈനലിന് കാണികളെ അനുവദിക്കാത്തതിനെ തുടർന്ന് പാരിസിലെ പിഎസ്ജിയുടെ മൈതാനത്ത് 5000ൽ അധികം ആരാധകരാണ് കലാശപ്പോരാട്ടം കാണാൻ ഒത്തുകൂടിയത്. പിഎസ്ജിക്കായി ആർത്തുവിളിച്ച് കലാശപ്പോരാട്ടം ആഘോഷമാക്കിയ ആരാധക സംഘത്തിന്, ടീമിന്റെ തോൽവി അംഗീകരിക്കാനായില്ല. തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽ ആരംഭിച്ച അക്രമം പിന്നീട് തെരുവിലേക്കും പടരുകയായിരുന്നു.

റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട അക്രമികൾ, കടകളും കൊള്ളയടിച്ചു. രാത്രിയിൽ മാത്രം 148 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സെമിയിൽ ജർമൻ ക്ലബ് ആർബി ലെയ്പ്സിഗിനെ തോൽപ്പിച്ച് പിഎസ്ജി  ഫൈനലിൽ കടന്നപ്പോൾത്തന്നെ ആരാധകരുടെ ആഹ്ലാദ പ്രകടനം അക്രമത്തിന് വഴിമാറിയിരുന്നു. ഇതേ തുടർന്ന് പിഎസ്ജി കിരീടം ചൂടിയാലും ‘പക്വതയോടെ വിജയം ആഘോഷി’ക്കാൻ പാരിസ് മേയർ ആനി ഹിഡാൽഗോ ആഹ്വാനം ചെയ്തിരുന്നു.

English Summary: 148 Arrests, Cars Set Ablaze As Angry PSG Fans Clash With Police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.