ADVERTISEMENT

വരുന്നു. കരോലിസ് സ്കിൻകിസിന്റെ വഴിക്കുതന്നെ ഗാരി ഹൂപ്പർ വരുന്നു. വരുന്നു എന്നു സാങ്കേതികമായി പറയുമ്പോഴും വന്നു എന്നുതന്നെ അർഥം. സൂപ്പർ സ്ട്രൈക്കർ എത്തുന്നതോടെ ബർതലോമിയോ ഓഗ്ബെച്ചെ പോയതിന്റെ ക്ഷീണം ആരാധകർ മറക്കും.

ഗാരി ഹൂപ്പർ എത്തുന്നതെങ്ങനെ? 2.5 കോടി രൂപ പ്രതിഫലം ചോദിച്ചു. 1.8 കോടി തരാമെന്നു ബ്ലാസ്റ്റേഴ്സ് പറഞ്ഞു. ‘കുറച്ചുകൂടി...’ എന്നു താരത്തിന്റെ ഏജന്റ്. കേട്ടപാടെ കൂട്ടിക്കൊടുക്കാൻ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് തയാറായില്ല എന്നാണ് അറിയുന്നത്. 2.25 കോടി കിട്ടിയാൽ കരാർ ഒപ്പിടാമെന്ന നിലപാടിൽ ഹൂപ്പറുടെ ക്യാംപ്. അതാണു ധാരണയിലെത്താൻ ഇത്രയും വൈകിയത്.

ഐഎസ്എല്ലിൽനിന്നുതന്നെ ചില ക്ലബുകൾ ഹൂപ്പറിനു പിന്നാലെ ഉണ്ടായിരുന്നു. ബെംഗളൂരുവും ചെന്നൈയിനും ആണെന്നു ചില സൂചനകളുണ്ട്. അവരിലൊരു കൂട്ടർ 2.25 കോടി, അതല്ലെങ്കിൽ അതിൽക്കൂടുതൽ തുക കൊടുത്താലോ എന്നൊരാശങ്ക സ്വാഭാവികം. പക്ഷേ സ്കിൻകിസിന്റെ മനമിളക്കാൻ ആ ആശങ്കയ്ക്കും കഴിഞ്ഞില്ല. ഹൂപ്പർ പോയാൽ പോട്ടെ, വേറെ കളിക്കാരനെ നോക്കാമെന്ന രീതിയിലേക്കു സ്കിൻകിസ് മാറി. ഇക്കാര്യം കോച്ച് കിബു വിക്കൂനയുമായി ചർച്ച ചെയ്തു. സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ലീഗിൽ കളിക്കുന്നൊരു സ്ട്രൈക്കറെ നോട്ടമിട്ടുവയ്ക്കുകയും ചെയ്തു. 

30 വയസ്സുള്ളൊരു താരം. സെക്കൻഡ് ഡിവിഷനിലാണെങ്കിലും നൂറുകണക്കിനു മത്സരങ്ങളുടെ പരിചയം. നായകപട്ടം ഏൽപിച്ചുകൊടുക്കാൻ പക്വതയുള്ള താരം. ഇതിനിടെ മറ്റൊരു സംഭവമുണ്ടായി. റഷ്യയിൽനിന്നൊരു ക്ലബ് ഗാരി ഹൂപ്പറുമായി ചർച്ച തുടങ്ങി. അതോടെ സ്പാനിഷ് സ്ട്രൈക്കറുമായുള്ള ആശയവിനിമയം ഗൗരവത്തിലായി.

ഹൂപ്പർ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന ഘട്ടത്തിൽ താരത്തിന്റെ ഏജന്റ് അയഞ്ഞു. താരത്തിന് ഇന്ത്യയിൽ കളിക്കാനാണു കൂടുതൽ ഇഷ്ടമെന്നും റഷ്യയോടു താൽപര്യം കുറവാണെന്നും സൂചന. ഏതാനും ലക്ഷങ്ങൾ കൂട്ടിത്തന്നുകൂടേ എന്ന ചോദ്യം ഏജന്റ് ആവർത്തിക്കുന്നു. സ്കിൻകിസ് തുടക്കത്തിൽ വിട്ടുപറയുന്നില്ല. പക്ഷേ ബോണസ്, മറ്റു ചില അലവൻസുകൾ എന്നിങ്ങനെ കുറച്ചു കൂട്ടിത്തരാം എന്നു പിന്നാലെ അറിയിച്ചു. ഒടുവിൽ സ്കിൻകിസിന്റെ വഴിക്ക് ഹൂപ്പർ ക്യാംപ് വന്നു. 1.80 കോടിയിൽനിന്ന് ഒന്നും കൂട്ടിക്കൊടുത്തിട്ടില്ല. ബോണസ് ഉൾപ്പെടെ 1.80 കോടിയിൽകൂടുതലില്ല പ്രതിഫലം.  7–ാം സീസണിലേക്കാണു കരാർ. നീട്ടുന്നത് തൽക്കാലം ആലോചനയിൽ ഇല്ല.

എന്തുകൊണ്ടാണ് ഹൂപ്പർക്ക് 2.25 കോടി നൽകാൻ സ്കിൻകിസ് വിസമ്മതിച്ചത്? ആ തുകയുണ്ടെങ്കിൽ ഓഗ്ബെച്ചെയെ നിലനിർത്താമായിരുന്നല്ലോ എന്നാണു സ്കിൻകിസിന്റെ മറുചോദ്യം. ചെലവു ചുരുക്കുക എന്നു പറയുന്നതിന്റെ ആദ്യപാഠം നിലപാടിൽ ഉറച്ചുനിൽക്കുക എന്നതുതന്നെയെന്ന് സ്പോർട്ടിങ് ഡയറക്ടർ തെളിയിക്കുന്നു.

ഇനി തെളിയിക്കേണ്ടതു ഗാരി ഹൂപ്പറാണ്. പരുക്കുകളുടെ നിഴലിലാണു കുറച്ചു വർഷങ്ങളായി ഈ സ്ട്രൈക്കർ. കഴിഞ്ഞ സീസണിൽ എ–ലീഗിലെ അവസാന മത്സരങ്ങൾ പരുക്കുമൂലം നഷ്ടമായതും ചരിത്രം. എ–ലീഗ് പുനരാരംഭിച്ചപ്പോൾ കോവിഡ് ഭീഷണി അവഗണിച്ച് കളിക്കാൻ പറന്നെത്തിയിട്ടും കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സിനെയും ഹൂപ്പറെയും ഫുട്ബോൾ ദൈവങ്ങൾ തുണയ്ക്കട്ടെ. പരുക്ക് പടിക്കുപുറത്തു നിൽക്കട്ടെ. കരാർ ഒപ്പിടുന്നതുവരെ മറ്റു ക്ലബുകളുടെ പ്രലോഭനങ്ങളിൽനിന്നു താരം മാറിനിൽക്കട്ടെ.

മറ്റൊന്നുകൂടി: ഹൂപ്പർ വരുമെങ്കിൽ പ്രഖ്യാപനം ഇന്ന്, സെപ്റ്റംബർ 12ന് ഉണ്ടാകുമോ എന്നുള്ള ചർച്ചകളിലാണ് ആരാധകർ. ഇല്ല. ഇന്നത്തെ പ്രഖ്യാപനം സുപരിചിതനായ ഒരു ഇന്ത്യൻ താരത്തെക്കുറിച്ചുള്ളതാണ്.  ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം യുവതാരം. 

English Summary: English Footballer Gary Hooper All Set To Join KBFC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com