ADVERTISEMENT

താമസം പനാജിയിലെ ഡബിൾട്രീ ഹിൽട്ടൺ ഹോട്ടലിൽ. പരിശീലനം മാപുസ പെഡ്ഡെം കായിക സമുച്ചയത്തിൽ. ഹോട്ടലിൽനിന്ന് പരിശീലന വേദിയിലേക്ക് ബസ്സിൽ 40 മിനിറ്റ് യാത്ര. മത്സരവേദിയായ ബാംബൊലിം സ്റ്റേഡിയത്തിലേക്ക് വെറും 13 മിനിറ്റ്. ഐഎസ്എൽ 7–ാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ താമസം, പരിശീലനം, മത്സരവേദി എന്നിവയെക്കുറിച്ചാണു പറഞ്ഞത്.

പരിശീലന വേദിയാക്കാവുന്ന 16 മൈതാനങ്ങളുണ്ട് ഗോവയിൽ. അതിൽ സംഘാടകർ കണ്ടുബോധിച്ച് 12 എണ്ണമടങ്ങുന്ന ചുരുക്കപ്പട്ടികയുണ്ടാക്കി. അതിൽനിന്നൊരു മുൻഗണനാപ്പട്ടിക തരാൻ ക്ലബുകളോട് ആവശ്യപ്പെട്ടു. 3 ക്ലബുകൾ സംഘാടകരുടെ പട്ടികവരുംമുൻപേ സ്വന്തമായി പരിശീലനസൗകര്യം കണ്ടെത്തിയിരുന്നു; എഫ്സി ഗോവ, ബെംഗളൂരു എഫ്സി, ഹൈദരാബാദ് എഫ്‌സി എന്നിവ.

എഫ്സി ഗോവ 6–ാം സീസൺ തീരുമ്പോഴേക്ക് സാൽവദോർ ദോ മുൻഡോയിൽ പരിശീലന മൈതാനം കണ്ടെത്തുകയും പഞ്ചായത്തുമായി കരാറിലെത്തുകയും ചെയ്തിരുന്നു. ഓൾഡ് ഗോവയിലെ ഡെംപോ അക്കാദമി ഗ്രൗണ്ടാണു ബിഎഫ്സി കണ്ടുവച്ചത്. മോണ്ടെ ദെഗുരിമിലെ സെന്റ് ആന്തണീസ് ഹൈസ്കൂൾ മൈതാനം ഹൈദരാബാദ് എഫ്സി ഏർപ്പാടാക്കി.

ഇതുവരെ എല്ലാം നല്ലത്. വരും മാസങ്ങളിലും നല്ലതായി ഭവിക്കട്ടെ. കളിപ്രേമികൾക്കു സന്തോഷിക്കാം. ഇന്ത്യയുടെ ‘പ്രീമിയർ ലീഗിന്’ മികച്ച സൗകര്യങ്ങൾ ലഭിക്കുന്നു എന്നതിൽ. കേരളത്തിലെ കളിപ്രേമികൾക്ക് ഗോവയോട് അസൂയ തോന്നുന്നുണ്ടോ? അസൂയ നല്ല കാര്യമല്ല. പക്ഷേ ഇക്കാര്യത്തിൽ ഗോവയോട് അസൂയ തോന്നുന്നെങ്കിൽ അതിലൊരു തെറ്റുമില്ല.

അസൂയ കേരളത്തിന്റെ കണ്ണുതുറപ്പിക്കുമോ? വിനാശകരമായ അസൂയയെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. സ്വന്തം കണ്ണുതുറപ്പിക്കുന്ന, വീണ്ടുവിചാരമുണ്ടാക്കുന്ന, അതുപോലെ സൗകര്യങ്ങൾ ഇവിടെയും വരണം എന്ന ചിന്തയുണർത്തുന്ന അസൂയയാണെങ്കിൽ അതു ഭാവിതലമുറയ്ക്ക് അനുഗ്രഹമാകും. ‘അസൂയയിൽനിന്നു രക്ഷപ്രാപിച്ച കേരള ഫുട്ബോൾ മോഡൽ’ എന്നു ലോകം വാഴ്ത്താൻ ഇടവരട്ടെ, ഭാവിയിൽ.

കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഐഎസ്എൽ 7–ാം സീസൺ ഒറ്റസംസ്ഥാനത്തു നടത്താൻ സംഘാടകർ തീരുമാനിച്ചപ്പോൾ ആദ്യം ഗോവയ്ക്കൊപ്പം കേരളവും പരിഗണിക്കപ്പെട്ടതാണ്. 3 മത്സരവേദികൾ, 10 ടീമിനും പരിശീലിക്കാൻ ഓരോ മൈതാനങ്ങൾ, അനുബന്ധസൗകര്യങ്ങൾ, പിന്നെ പ്രത്യേക സാഹചര്യങ്ങളിൽ മാറി ഉപയോഗിക്കാൻ 2 മൈതാനങ്ങൾ അധികമായി വേണം. ഇതായിരുന്നു സംഘാടകരുടെ മനസ്സിൽ.

കേരളത്തിൽ പതിവുവേദിയായ കൊച്ചിക്കു പുറമെ തൃശൂരും കോഴിക്കോടും പരിഗണനയിൽ വന്നു. തൃശൂർ ആദ്യറൗണ്ടിലേ അടിച്ചുപോയി. കാരണം, കോർപറേഷൻ സ്റ്റേഡിയത്തിൽ സ്വാഭാവിക പുൽത്തകിടിയില്ല. നിലവാരമുള്ള പരിശീലന മൈതാനം ഒന്നുപോലുമില്ല. അതോടെ മഞ്ചേരിക്കു സാധ്യതാ വേദിയെന്ന പരിഗണന കിട്ടി. മത്സരവേദി നല്ലത്. പക്ഷേ നിലവാരമുള്ള പരിശീലന മൈതാനങ്ങൾ മൂന്നോ നാലോ വേണമെന്ന നിബന്ധനയിൽ മഞ്ചേരിയുടെ പ്രതീക്ഷകൾ പൊലിഞ്ഞു. കൊച്ചിയിലും കോഴിക്കോട്ടുമായി കളി നടത്താമെന്നുവച്ചാൽ 2 നഗരങ്ങൾ തമ്മിലുള്ള ദൂരം പ്രതികൂല ഘടകമായി. അങ്ങനെ ഗോവ ഉറപ്പിച്ചു.

കേരളത്തേക്കാൾ ചെറിയ സംസ്ഥാനമാണു ഗോവ. 2 ജില്ലയേ ഉള്ളൂ. രണ്ടുംകൂടി വലിപ്പത്തിലും ജനസംഖ്യയിലും കേരളവുമായി താരതമ്യം ചെയ്യാനില്ല. വെറും 3702 ചതുരശ്ര കിമീ ഭൂവിസ്തൃതിയുള്ള ഈ സംസ്ഥാനത്താണ് 16 പരിശീലന മൈതാനങ്ങൾ നല്ല അവസ്ഥയിലുള്ളത്.

ഗോവക്കാർ ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഫുട്ബോൾ ആസ്വദിക്കാനും ഇഷ്ടപ്പെടുന്നു. വടക്കൻ ജില്ലകളെ ഒഴിവാക്കിയാൽ കേരളത്തിലെ എത്രയിടത്തു ജില്ലാ ലീഗ് ഫുട്ബോൾ കാണാൻ 500ൽ ഏറെ ആളുണ്ടാകും? കേരളത്തിലെ എത്ര ഗ്രാമപഞ്ചായത്തുകൾക്ക് ഫുട്ബോൾ കളിക്കളങ്ങളുണ്ട്? എത്ര സ്കൂളുകളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ കെട്ടിടം നിർമിച്ചോ പാർക്കിങ് സൗകര്യമുണ്ടാക്കിയോ കളിക്കളത്തെ ഞെരുക്കിക്കളഞ്ഞു?  കളിക്കളമാക്കാവുന്ന ഇടങ്ങൾ എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംരക്ഷിക്കുന്നുണ്ട്? ചോദ്യങ്ങൾ നീണ്ടുപോവുകയേയുള്ളൂ.

ഗോവയിൽ ഫുട്ബോൾ സഞ്ചാരിയായി പോയപ്പോഴൊക്കെ ആ നാട് വിസ്മയിപ്പിച്ചിട്ടുണ്ട്. സന്തോഷം പകർന്നിട്ടുണ്ട്. തീർഥാടകരും വിനോദസഞ്ചാരികളുമായി ദിവസവും ആയിരങ്ങൾ വരുന്ന ഓൾഡ് ഗോവയിൽനിന്ന്, ആൾത്തിരക്കിൽനിന്ന് 3 കിമീ വണ്ടിയോടിച്ചു പോകുന്നതു തനി ഗ്രാമാന്തരീക്ഷത്തിലൂടെയാണ്. അങ്ങനെ പോകുമ്പോൾ അതാ കാണുന്നു ഡെംപോ അക്കാദമി. പച്ചത്തൂവാല വിരിച്ചതുപോലെ മനോഹരമായ മൈതാനം. ഉയരത്തിൽ ലോഹവേലികെട്ടി സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. നല്ല ഡ്രസിങ് റൂമുകൾ, അനുബന്ധ സൗകര്യങ്ങൾ. ഇവിടെയാണ് ബെംഗളൂരു ടീം പരിശീലിക്കാൻ പോകുന്നത്.

മഡ്ഗാവ് നഗരത്തിൽനിന്ന്  9കിമീ അകലമേയുള്ളൂ ബെറ്റാൽബാറ്റിം ബീച്ചിലേക്ക്. പക്ഷേ തികഞ്ഞ ഗ്രാമാന്തരീക്ഷം. ബീച്ചിൽ വൈകുന്നേരങ്ങളിൽപ്പോലും മുപ്പതോ നാൽപതോ ആളുകളേയുണ്ടാവൂ. ബീച്ചിലേക്കുള്ള വഴിയിൽ കളിപ്രേമികളുടെ മനസ്സുകുളിർപ്പിക്കുന്ന കാഴ്ചയാണ് ഫുട്ബോൾ ഗ്രൗണ്ട്. 2 വർഷമായില്ല, പുതിയ കളിപ്രതലം ഉണ്ടാക്കിയിട്ട്. ഒഡീഷ എഫ്സിയാണ് തത്കാലം ഇതിന്റെ അവകാശികൾ.

കൊച്ചിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലുള്ള പട്ടണമാണു മാപുസ. ഇവിടത്തെ വെള്ളിയാഴ്ച്ചന്ത ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. മാപുസ മാർക്കറ്റിൽനിന്ന് 4 കിമീ അകലെയാണു ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ഗ്രൗണ്ട്. മികച്ചൊരു സമുച്ചയമാണിത്. കേരളത്തിൽ കിട്ടുന്ന ഏതു വേദിയേക്കാളും മികച്ചത്.

പെഡ്ഡെം ഒഴികെയുള്ള മൈതാനങ്ങൾ ഗോവ സർക്കാരിന്റേതല്ല. ഗോവ ഫുട്ബോൾ അസോസിയേഷന്റേതുമല്ല. ചിലതിൽ സർക്കാർ പങ്കാളിത്തമുണ്ടെന്നു മാത്രം. സ്പോർട്സ് അതോറിറ്റി ഓഫ് ഗോവയാണു പല കളങ്ങളുടെയും ഉടമസ്ഥർ. അവർതന്നെ പരിപാലിക്കുകയും ചെയ്യുന്നു. പഞ്ചായത്തുകൾ, ക്ലബുകൾ, ഇടവകകൾ, സ്കൂളുകൾ എന്നിവയുടെ ഉടമസ്ഥതയിലാണ് മറ്റു  വേദികൾ. സർക്കാർ തലത്തിൽ അല്ലെങ്കിൽപ്പോലും പല വേദികളുടെ പിറവിയും പരിപാലനവും പൊതുജനപങ്കാളിത്തത്തോടെയാണെന്നതു ശ്രദ്ധേയം. ഇവിടെയാണു സാധാരണ ഗോവക്കാരന്റെ ഫുട്ബോൾ ആസ്വാദനം മലയാളിയുടേതിൽനിന്നു വ്യത്യസ്തമാകുന്നത്.

ഗ്രാമങ്ങൾ തമ്മിലുള്ള ഫുട്ബോൾ പോരിന് ഗോവൻ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. യൂറോപ്യൻ ലീഗുകളുടെ ടിവി സംപ്രേഷണത്തിനു മുന്നിൽ മലയാളി കണ്ണുനട്ടിരിക്കുകയും സ്വന്തം പ്രാദേശിക ലീഗുകളെ അവഗണിക്കുകയും ചെയ്യുമ്പോൾ ഗോവക്കാർ വാരാന്ത്യങ്ങളിൽ ഉച്ചതിരി‍ഞ്ഞു സ്വന്തം നാടൻ ടീമിനായി ഒരുങ്ങിയിറങ്ങുന്നു ആരവം ഉയർത്തുന്നു. ഗ്രാമങ്ങളിലെ കളിക്കളങ്ങളിൽ പുല്ല് പച്ചയാണെങ്കിലും അല്ലെങ്കിലും കളിയിൽ പച്ചപ്പുള്ള മനസ്സുകളുടെ പങ്കാളിത്തമേറെയാണ്. കേരളം കേൾക്കുന്നുണ്ടോ?  പഠിക്കുമോ ഗോവയിൽനിന്ന്...? 

English Summary: ISL 2020-21, Goa, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com