ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ലീഗിലെ ചിരവൈരികളായ പിഎസ്ജിയും മാഴ്സെയും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനിടെ എതിർ താരവുമായി കയ്യാങ്കളിക്കു മുതിർന്ന പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് രണ്ടു മത്സരങ്ങളിൽനിന്ന് വിലക്ക്. കയ്യാങ്കളിയിൽ പങ്കാളികളായ ഇരു ടീമുകളിലെയും അഞ്ച് താരങ്ങളെ റഫറി ചുവപ്പു കാർഡ് കാണിച്ച് പുറത്താക്കിയിരുന്നു. ഇക്കൂട്ടത്തിൽ ഒരാളാണ് നെയ്മർ. ചുവപ്പുകാർഡിന്റെ പശ്ചാത്തലത്തിൽ ഇന്നു പുലർച്ചെ എഫ്‍സി മെറ്റ്സിനെ നേരിട്ട പിഎസ്ജി സംഘത്തിൽ നെയ്മർ ഉണ്ടായിരുന്നില്ല. രണ്ടു മത്സരങ്ങളിൽനിന്ന് വിലക്കു ലഭിച്ച സാഹചര്യത്തിൽ ഞായറാഴ്ച നീസിനെതിരെ നടക്കുന്ന മത്സരവും നെയ്മറിനു നഷ്ടമാകും.

ഫ്രഞ്ച് ഫുട്ബോൾ ഭരണസമിതിയായ ദ ലീഗ് ഡി ഫുട്ബോൾ പ്രഫഷനലിന്റേതാണ് (എൽഎഫ്പി) തീരുമാനം. മാഴ്സെയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട പിഎസ്ജി താരം ലായ്വിൻ കുർസാവയ്ക്ക് ആറു മത്സരങ്ങളിൽനിന്നാണ് വിലക്ക്. മാഴ്സെ താരം ജോർദാൻ അമാവിക്ക് മൂന്നു മത്സരങ്ങളിൽനിന്ന് വിലക്ക് ലഭിച്ചു. പിഎസ്ജി താരം ലിയാൻഡ്രോ പരദെസിനും രണ്ടു മത്സരങ്ങളിൽനിന്ന് വിലക്കുണ്ട്. ചുപ്പുകാർഡ് ലഭിച്ച രണ്ടാമത്തെ മാഴ്സെ താരം ഡാരിയോ ബെനെഡെറ്റോ ഒരു മത്സരത്തിൽ പുറത്തിരുന്നാൽ മതി.

മത്സരത്തിനിടെ മാഴ്‌സെ താരം അൽ‌വാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന നെയ്മറിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാനും ലീഗ് വൺ അധികൃതർ തീരുമാനിച്ചു. ആരോപണം ഗോൺസാലസ് നിഷേധിച്ചിരുന്നു. മത്സരത്തിനിടെ ഗോൺസാലസിന്റെ മുഖത്തു തുപ്പിയെന്ന പരാതിയിൽ പിഎസ്ജി താരം എയ്ഞ്ചൽ ഡി മരിയയുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 23ന് ലീഗ് വൺ അധികൃതർക്കു മുന്നിൽ ഹാജരാകാനാണ് മരിയയ്ക്ക് നിൽദ്ദേശം നൽകിയിരിക്കുന്നത്.

∙ മത്സരത്തിൽ സംഭവിച്ചത്

ഇരുടീമുകളും പരുക്കൻ കളി പുറത്തെടുത്ത മത്സരത്തിന്റെ 2–ാം പകുതിയിൽ 10 മിനിറ്റാണു റഫറി ഇൻജറി ടൈം നൽകിയത്. പിഎസ്ജി താരം ലിയാൻഡ്രോ പരദെസ് മാഴ്സെയുടെ ദാരിയോ ബെനെഡെറ്റോയെ ഫൗൾ ചെയ്തിടത്താണു കയ്യാങ്കളിയുടെ തുടക്കം. പിഎസ്ജി താരം ലായ്വിൻ കുർസാവയും മാഴ്‍സസെ താരം ജോർദാൻ അമാവിയും ആദ്യം ചുവപ്പു വാങ്ങി. പിന്നാലെ, പരദെസിനും ബെനെഡെറ്റോയ്ക്കും 2–ാം മഞ്ഞക്കാർഡ്. അവിടെ തീരുമെന്നു കരുതിയെങ്കിലും വിഎആർ പരിശോധനയ്ക്കു പോയ റഫറി, നെയ്മർ മാഴ്സെയുടെ സ്പാനിഷ് താരം അൽവാരോ ഗോൺസാലസിനെ തള്ളിയതു കണ്ട് ബ്രസീൽ താരത്തിനും ചുവപ്പു നൽകി. നെയ്മർ ഉൾപ്പെടെ ചുവപ്പു കണ്ട മത്സരത്തിൽ‌ പിഎസ്ജി 0-1നു തോറ്റിരുന്നു. നിലവിലെ ചാംപ്യൻമാരായ പിഎസ്ജിയുടെ 2–ാം തോൽവിയായിരുന്നു അത്. 31-ാം മിനിറ്റിൽ ഫ്ലോറിയൻ തോവിനാണു മാഴ്സെയുടെ വിജയഗോൾ നേടിയത്.

∙ വീണ്ടും ചുവപ്പുകാർഡ്

അതേസമയം, സൂപ്പർതാരങ്ങൾ പുറത്തിരുന്ന ലീഗിലെ മൂന്നാം മത്സരത്തിൽ പിഎസ്ജി ഒരു ഗോൾ വിജയവുമായി കടന്നുകൂടി. മറ്റൊരു ചുവപ്പുകാർഡ് കൂടി പിറന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയുടെ വിജയം. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇൻജറി സമയത്ത് ജർമൻ താരം ജൂലിയൻ ഡ്രാക്സലറാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്. 65–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട അബ്ദു ഡിയാലോ പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് പിഎസ്ജി മത്സരം പൂർത്തിയാക്കിയത്. വിജയഗോൾ നേടിയതും അതിനുശേഷം തന്നെ. മൂന്നു മത്സരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി പട്ടികയിൽ 15–ാം സ്ഥാനത്താണ് പിഎസ്ജി.

ഈ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ച പിഎസ്ജി താരം അബ്ദു ഡിയാലോയ്ക്ക് അടുത്ത മത്സരം നഷ്ടമാകും. ഇതോടെ ലീഗിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽനിന്ന് ചുവപ്പുകാർഡ് കണ്ട പിഎസ്ജി താരങ്ങളുടെ എണ്ണം നാലായി ഉയർന്നു. അതിനു മുൻപ് പിഎസ്ജി കളിച്ച 62 മത്സരങ്ങളിൽനിന്ന് ലഭിച്ച ചുവുപ്പുകാർഡുകളുടെ എണ്ണത്തിന് തുല്യം!

English Summary: Neymar receives two-match ban as French league investigate claim he was racially abused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com