ADVERTISEMENT

മഡ്രിഡ് ∙ ലയണൽ മെസ്സി ക്ലബ് വിടാൻ തീരുമാനിച്ച വിവാദകഥയിലെ ‘വില്ലൻ’ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം വരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇരുപതിനായിരത്തിലേറെ ക്ലബ് അംഗങ്ങൾ ഒപ്പിട്ട നിവേദനം ക്ലബ് ഓഫിസിൽ ഇന്നലെ രാത്രി ലഭിച്ചു. ബാർസ അധികൃതർ ഇതു സ്ഥിരീകരിക്കുന്നതോടെ അൻപത്തിയേഴുകാരനായ ബർതോമ്യുവിനെതിരെ അവിശ്വാസ വോട്ടെടുപ്പിന് ഔദ്യോഗിക അനുമതിയാകും. ഈ വർഷം അവസാനത്തോടെ ബർതോമ്യുവിന്റെ കസേര തെറിക്കുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി.

 ഒരു സീസണിൽത്തന്നെ ഒന്നിലേറെ ട്രോഫികൾ പതിവായി നേടിക്കൊണ്ടിരുന്ന ക്ലബ്ബിന്റെ പരിതാപകരമായ അവസ്ഥയിൽ മനംമടുത്ത ഒരുവിഭാഗം ക്ലബ് അംഗങ്ങളാണ് അവിശ്വാസ നീക്കത്തിനു പിന്നി‍ൽ. ‘ബർതോമ്യുവിന്റെ നേതൃത്വം വലിയൊരു ദുരന്തമാണെന്ന്’ കഴിഞ്ഞ ദിവസം മെസ്സി തുറന്നടിക്കുക കൂടി ചെയ്തതോടെയാണ് പ്രതിഷേധത്തിനു ശക്തി വർധിച്ചത്.

∙ നടപടി ഇങ്ങനെ

ആകെ ഒന്നരലക്ഷം അംഗങ്ങളാണു ബാർസിലോനയ്ക്കുള്ളത്. ഇരുപതിനായിരം പേരുടെ ഒപ്പു ശേഖരണമായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. സ്പെയിനിന്റെ വടക്കുകിഴക്കൻ മേഖലയായ കാറ്റലൂനിയയിൽ 130 ഇടങ്ങളിലായാണ് ഇതിനു വേണ്ടി  ബൂത്തുകൾ സ്ഥാപിച്ചത്. 

∙ ഇനിയെന്ത്?

നിവേദനങ്ങൾ ബാർസ അധികൃതർ സൂക്ഷ്മ പരിശോധന നടത്തി ആധികാരികത ഉറപ്പാക്കും. സ്വന്തം കൈപ്പടയിൽ പേരെഴുതി ഒപ്പിട്ട നിവേദനത്തിന് ഒപ്പം ഓരോ അംഗത്തിന്റെയും തിരിച്ചറിയൽ രേഖയും നിർബന്ധമാണ്. അവിശ്വാസത്തിന് അനുമതിക്ക് 16,520 പേരുടെ ഒപ്പാണ് ആവശ്യം. സുക്ഷ്മപരിശോധനയിൽ അസാധുവാകാൻ സാധ്യതയുള്ളവ മുന്നിൽക്കണ്ടാണ് പ്രതിഷേധക്കാർ 20,731 പേരുടെ ഒപ്പു ശേഖരിച്ചത്.

English Summary: Barcelona president Joseph Maria Bartomeu faces vote of no confidence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com