ADVERTISEMENT

മ്യൂണിക്ക്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘സാമൂഹിക അകലം’ പാലിച്ച് കളിച്ച ജർമനിയിലെ ഒരു ക്ലബ്ബിന് ഫുട്ബോൾ മത്സരത്തിനൊടുവിൽ കൂറ്റൻ തോൽവി! എതിരില്ലാത്ത 37 ഗോളുകൾക്കാണ് അവർ തോൽവി വഴങ്ങിയത്. ജർമനിയിലെ അമച്വർ ലീഗുകളിലൊന്നിൽ എസ്‌വി ഹോൾഡൻസ്റ്റെത്തിനെതിരെ എസ്ജി റിപ്ഡോർഫാണ് ദയനീയ തോൽവി ‘ചോദിച്ചു വാങ്ങിയത്’. കോവിഡ് രോഗിയുമായി ഹോൾഡൻസ്റ്റെത് താരങ്ങൾക്ക് സമ്പർക്കമുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിൽ മത്സരം നീട്ടിവയ്ക്കണമെന്ന് റിപ്ഫോർഡ് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിക്കപ്പെട്ടതോടെയാണ് റിപ്ഫോർഡ് താരങ്ങൾ കളത്തിലിറങ്ങാൻ നിർബന്ധിതരായതും ‘സാമൂഹിക അകലം’ പാലിച്ച് കളിച്ച് കൂറ്റൻ തോൽവി ‘ചോദിച്ചു വാങ്ങിയതും’!

ഏതാനും ദിവസങ്ങൾക്കു മുൻപാണ് രസകരമായ ഈ മത്സരം അരങ്ങേറിയത്. ഹോൾഡൻസ്റ്റെത് ടീമിലെ താരങ്ങൾക്ക് കോവിഡ് ബാധിതനുമായി സമ്പർക്കുണ്ടായെന്ന് മത്സരത്തിനു മുന്‍പേ വ്യക്തമാക്കിയിരുന്നു. എന്നാൽ, തുടർന്ന് താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ എല്ലാവരുടെയും ഫലം നെഗറ്റീവായി. താരങ്ങൾക്ക് കോവിഡില്ലെന്നായിരുന്നു പരിശോധനാ ഫലമെങ്കിലും മത്സരവുമായി മുന്നോട്ടു പോകുന്നത് സുരക്ഷിതമല്ലെന്നായിരുന്നു റിപ്ഫോർഡ് ടീമിന്റെ നിലപാട്. എതിർ ടീം താരങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കും മുൻപാണ് പരിശോധന നടത്തിയതെന്നായിരുന്നു അവരുടെ വാദം. ഇക്കാര്യം അവർ സംഘാടകരെ അറിയിക്കുകയും ചെയ്തു.

എന്നാൽ, എതിർ ടീം താരങ്ങൾക്ക് കോവിഡില്ലെന്ന് പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിൽ മത്സരം നീട്ടിവയ്ക്കാൻ സംഘാടകർ തയാറായില്ല. മാത്രമല്ല, മത്സരത്തിൽനിന്ന് പിന്മാറുന്ന പക്ഷം റിപ്ഡോർഫ് മാനേജ്മെന്റ് 18,000 രൂപയോളം പിഴയടയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പിഴയടയ്ക്കാൻ തയാറാകാതിരുന്ന റിപ്ഡോർഫ് കളത്തിലിറങ്ങാൻ നിർബന്ധിതരായി

പാതി മനസ്സോടെ കളത്തിലിറങ്ങിയ റിപ്ഡോർഫ് അണിനിരത്തിയത് മത്സരം നടക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ താരങ്ങളായ ഏഴു പേരെ മാത്രം. മറുവശത്ത് ഹോൾഡൻസ്റ്റെത്തും സ്ഥിരം ടീമിനു പകരം രണ്ടാം നിര ടീമിനെയാണ് കളത്തിലിറക്കിയത്. മത്സരത്തിന്റെ ആരംഭത്തിൽ കളത്തിലിറങ്ങി പന്ത് എതിർ ടീമിന് പാസ് ചെയ്ത റിപ്ഡോർഫ് താരങ്ങൾ അതിനുശേഷം ഗ്രൗണ്ടിന്റെ ഒരു വശത്തേക്ക് മാറിനിന്നു. എതിരാളികൾ മാറിനിന്നതോടെ ഉഴപ്പിക്കളിച്ച ഹോൾഡൻസ്റ്റെത് താരങ്ങൾ ഇടയ്ക്കിടെ അടിച്ചു കൂട്ടിയത് 37 ഗോളുകൾ!

‘മത്സരം നീട്ടിവയ്ക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചതാണ്. പക്ഷേ, ഹോൾഡെൻസ്റ്റെത് കളിച്ചിട്ടേയുള്ളൂവെന്ന വാശിയിലായിരുന്നു. എന്തായാലും കളത്തിലിറങ്ങാൻ മനസ്സു കാട്ടിയ ഏഴു താരങ്ങളോട് ഞങ്ങൾക്ക് നന്ദിയുണ്ട്. അല്ലെങ്കിൽ കോവിഡ് പ്രതിസന്ധിക്കിടെ ഇത്രയും തുക പിഴയും ഒടുക്കേണ്ടി വരുമായിരുന്നു’ – റിപ്ഡോർഫ് പ്രതിനിധി പാട്രിക് റിസ്റ്റോ ‘ഇഎസ്പിഎന്നി’നോട് പ്രതികരിച്ചു.

‘മത്സരത്തിന്റെ തുടക്കത്തിൽ പന്ത് എതിർ ടീമിന് പാസ് ചെയ്തശേഷം ഞങ്ങളുടെ താരങ്ങൾ അരികിലേക്ക് മാറിനിന്നു. എന്നാൽ, മോശം പെരുമാറ്റത്തിന് ഞങ്ങളുടെ ക്യാപ്റ്റനെ റഫറി ശിക്ഷിച്ചു. തുടർന്ന് ഏഴു പേരും കളത്തിൽ നിരന്നെങ്കിലും പന്തിനായി ശ്രമിച്ചില്ല. ഞങ്ങളുടെ അവസ്ഥ ഹോൾഡൻസ്റ്റെത് താരങ്ങൾക്ക് മനസ്സിലായില്ല. ഞങ്ങൾക്ക് ഇത്തരമൊരു റിസ്ക് എടുക്കാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. എതിർ ടീമുമായി സാമൂഹിക അകലം പാലിച്ചു മാത്രമാണ് അവർ കളിച്ചത്’ – റിസ്റ്റോ വ്യക്തമാക്കി.

English Summary: German team socially distances by fielding seven players, beaten 37-0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com