ADVERTISEMENT

മാഞ്ചസ്റ്റർ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് 2020–21 സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അട്ടിമറിത്തോൽവി. കഴിഞ്ഞ സീസണിൽ 14–ാം സ്ഥാനക്കാരായിരുന്ന ക്രിസ്റ്റൽ പാലസാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസിന്റെ വിജയം. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ആർസനൽ വിജയവുമായി ‘രക്ഷപ്പെട്ടു’. സമനിലയിലേക്കെന്ന് കരുതിയ മത്സരത്തിൽ അവസാന നിമിഷത്തെ ഗോളിലാണ് ആർസനലിന്റെ ജയം. ഗോൾമഴ പെയ്ത മറ്റു രണ്ടു മത്സരങ്ങളിൽ എവർട്ടൻ വെസ്റ്റ് ബ്രോമിനെയും (5–2), ലീഡ്സ് യുണൈറ്റഡ് ഫുൾഹാമിനെയും (4–3) തോൽപ്പിച്ചു.

ഐവറി കോസ്റ്റ് താരം വിൽഫ്രഡ് സാഹയുടെ ഇരട്ടഗോൾ മികവിലാണ് ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തിയത്. 74–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ട സാഹ, 85–ാം മിനിറ്റിൽ ഗോൾപട്ടിക പൂർത്തിയാക്കി. സീസണിൽ സാഹയുടെ മൂന്നാം ഗോളാണിത്. ആദ്യ മത്സരത്തിൽ സതാംപ്ടണെതിരെ ക്രിസ്റ്റൽ പാലസ് ജയിച്ചത് സാഹ നേടിയ ഏക ഗോളിലായിരുന്നു. യുണൈറ്റഡിനെതിരായ രണ്ടാം മത്സരത്തിൽ ആന്ദ്രോസ് ടൗൺസെൻഡിലൂടെ ഏഴാം മിനിറ്റിൽ ക്രിസ്റ്റൽ പാലസാണ് ആദ്യം ലീഡെടുത്തത്. ഈ സീസണിൽ ടീമിലെത്തിയ ഡോണി വാൻ ഡെ ബീക്കാണ് (80) മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്. സീസണിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്റുമായി ക്രിസ്റ്റൽ പാലസ് മൂന്നാം സ്ഥാനത്തുണ്ട്.

മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെ സമനിലയിലേക്കെന്ന് കരുതിയ മത്സരത്തിലാണ് ആർസനൽ വിജയം പിടിച്ചെടുത്തത്. അലക്സാന്ദ്രെ ലക്കാസെറ്റ 25–ാം മിനിറ്റിൽ നേടിയ ഗോളിൽ ആർസനലാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 45–ാം മിനിറ്റിൽ മൈക്കൽ അന്റോണിയോ നേടിയ ഗോളിൽ വെസ്റ്റ് ഹാം സമനില പിടിച്ചു. ഒടുവിൽ പകരക്കാരനായെത്തിയ യുവതാരം എഡ്ഡി എൻകെത്യാ 85–ാം മിനിറ്റിൽ നേടിയ ഗോളിലാണ് ആർസനൽ ജയമുറപ്പിച്ചത്. തുടർച്ചയായ രണ്ടാം ജയത്തോടെ ആർസനൽ പോയിന്റ് പട്ടികയിൽ രണ്ടാമതുണ്ട്.

വെസ്റ്റ് ബ്രോമിനെ ഗോൾമഴയിൽ മുക്കിയ എവർട്ടനാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. രണ്ടാം പകുതി മുഴുവൻ 10 പേരുമായി കളിച്ച വെസ്റ്റ് ബ്രോമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് എവർട്ടൻ തോൽപ്പിച്ചത്. എവർട്ടനായി കാൽവർട്ട് ലെവിൻ ഹാട്രിക് നേടി. 31, 62, 66 മിനിറ്റുകളിലായിരുന്നു ലെവിന്റെ ഗോളുകൾ. ഹാമിഷ് റോഡ്രിഗസ് (45), മൈക്കൽ കീൻ (54) എന്നിവരുടെ വകയാണ് മറ്റു രണ്ടു ഗോളുകൾ. വെസ്റ്റ് ബ്രോമിനായി ഗ്രേഡി ഡയാംഗന (10), കോസ്റ്റ പെരേയ്‌ര (47) എന്നിവർ ഗോൾ നേടി.

രണ്ടാം ഡിവിഷനിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ലീഡ്സ് യുണൈറ്റഡ് മൂന്നിനെതിരെ നാലു ഗോളുകൾക്ക് ഫുൾഹാമിനെ തോൽപ്പിച്ചു. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ലിവർപൂളിനെ വിറപ്പിച്ച് കീഴടങ്ങിയ ലീഡ്സ്, ഇക്കുറി വിജയവുമായി മടങ്ങി. ലിവർപൂളിനോടു തോറ്റ അതേ സ്കോറിലാണ് ഇക്കുറി ഫുൾഹാമിനെതിരായ വിജയം. ലീഡ്സിനായി ഹെൽഡർ കോസ്റ്റ ഇരട്ടഗോള് (5, 57) നേടി. മത്തേയൂസ് ക്ലിച്ച് (41, പെനൽറ്റി), പാട്രിക് ബാംഫോർഡ് (50) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ.

English Summary: EPL 2020-21 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com