ADVERTISEMENT

ബാർസിലോന ∙ ഒടുവിൽ ലൂയി സ്വാരെസ് ബാർസിലോനയുമായുള്ള 6 വർഷത്തെ ബന്ധം വേർപെടുത്തി! പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ ഇഷ്ടക്കാരുടെ നിരയിൽ തന്റെ പേരുണ്ടാവില്ലെന്ന് ഉറപ്പായ യുറഗ്വായ് താരം സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുമായി ഒരു വർഷം കൂടി ബാക്കിയുണ്ടായിരുന്ന കരാർ റദ്ദാക്കി. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡുമായി സ്വാരെസ് 2 വർഷത്തെ കരാറിനു ധാരണയിലെത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

മുപ്പത്തിമൂന്നുകാരനായ സ്വാരെസിനെ ബാർസിലോയുടെ കഴിഞ്ഞ 3 ഒരുക്ക മത്സരങ്ങളിലും കോച്ച് കൂമാൻ കളിപ്പിച്ചിരുന്നില്ല. ഇറ്റാലിയൻ ക്ലബ് യുവെന്റസിലേക്കു സ്വാരെസ് മാറുമെന്നു ശക്തമായ പ്രചാരണമുണ്ടായിരുന്നെങ്കിലും താരത്തിന് യൂറോപ്യൻ പാസ്പോർട്ട് ലഭിക്കാൻ വൈകിയതിനാൽ അതു മുടങ്ങി. ഈ സീസണിൽ സ്വാരെസ് യുവെയിലുണ്ടാകില്ലെന്ന് കോച്ച് ആന്ദ്രേ പിർലോ ഞായറാഴ്ച വ്യക്തമാക്കുകയും ചെയ്തു. തുടർന്നാണ് സ്വാരെസ് അത്‌ലറ്റിക്കോ മഡ്രിഡിലേക്കു പോകാൻ തീരുമാനിച്ചത്.

2014ൽ ഇംഗ്ലിഷ് ക്ലബ് ലിവർപൂളിൽനിന്നു ബാർസിലോനയിലെത്തിയ ലൂയി സ്വാരെസ് 283 മത്സരങ്ങളിൽനിന്ന് 198 ഗോളുകൾ നേടി. ക്ലബ്ബിന്റെ ടോപ് സ്കോറർമാരിൽ 3–ാം സ്ഥാനം. മെസ്സിയാണ് ഒന്നാമത്. 

∙ വിദാലിന് മംഗളം നേർന്ന് മെസ്സി

അതേസമയം, ബാർസിലോന ക്ലബ് മാനേജ്മെന്റിന്റെ അനിഷ്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ച ചിലെ മിഡ്ഫീൽഡർ അർതുറോ വിദാൽ ഇറ്റാലിയിലേക്ക്. സീരി എ ക്ലബ് ഇന്റർ മിലാനുമായി മുപ്പത്തിമൂന്നുകാരൻ താരം കരാർ ഒപ്പിടുമെന്ന് ഉറപ്പായി. ഇന്റർ ആരാധകരെ വിദാൽ അഭിസംബോധന ചെയ്യുന്ന വിഡിയോ ഇന്നലെ ക്ലബ് ട്വിറ്ററിൽ പങ്കുവച്ചു. 2018ൽ ബയൺ മ്യൂനിക്കിൽനിന്നു ബാർസയിലെത്തിയ വിദാലിനെ കഴിഞ്ഞ സീസണൊടുവിൽ ക്ലബ്ബിൽനിന്ന് ഒഴിവാക്കാൻ ശ്രമം തുടങ്ങിയിരുന്നു. ക്ലബ് മാനേജ്മെന്റുമായും അനിഷ്ടത്തിലായിരുന്നു താരം. ഇന്റർ കോച്ച് അന്റോണിയോ കോന്റെയുമായി രണ്ടാമത്തെ ഒത്തുചേരലിനാണ് വിദാലിന് അവസരമൊരുങ്ങുന്നത്. 2011ൽ വിദാലിനെ യുവെന്റസിലേക്കു വിളിച്ചതു കോന്റെയായിരുന്നു.

വിദാലിനു യാത്രാമംഗളങ്ങൾ നേർന്ന് ബാർസിലോന ക്യാപ്റ്റൻ ലയണൽ മെസ്സിയും രംഗത്തെത്തി. ‘നമ്മൾ എതിരെ കളിച്ചിരുന്ന കാലത്തു തന്നെ താങ്കൾ ഒരു പ്രതിഭാസമാണെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നീട് നമ്മൾ ഒരു ക്ലബ്ബിൽ ഒരുമിച്ചു വന്നു. അപ്പോഴാണ് വ്യക്തിപരമായി താങ്കൾ എത്ര ഉന്നതനാണെന്നു മനസ്സിലായത്. താങ്കളുടെ സാന്നിധ്യം നമ്മുടെ ഡ്രസിങ് റൂമിലെ അന്തരീക്ഷം മികച്ചതാക്കി. പുതിയ ക്ലബ്ബിൽ എല്ലാ ഭാവുകങ്ങളും നേരുന്നു. നമ്മുടെ വഴികളിൽ ഇനിയും കണ്ടുമുട്ടാമെന്ന് എനിക്കുറപ്പുണ്ട്’ – മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com