ADVERTISEMENT

ബാർസിലോന ∙ ആളും ആരവവുമില്ലെങ്കിലും സീസണിലെ ആദ്യ എൽ ക്ലാസിക്കോ നടന്ന നൂകാംപിൽ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. കോവിഡ് മൂലം ഒഴിഞ്ഞ ഗാലറിക്കു മുന്നിൽ നടന്ന എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡിന് തകർപ്പൻ ജയം. ബാർസയുടെ തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ റയലിന്റെ ജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്. ഫെഡറിക്കോ വാൽവെർദെ (അഞ്ച്), ക്യാപ്റ്റൻ സെർജിയോ റാമോസ് (63, പെനൽറ്റി), പകരക്കാരൻ ലൂക്കാ മോഡ്രിച്ച് (90) എന്നിവരാണ് റയലിനായി ഗോൾ നേടിയത്. ബാർസയുടെ ആശ്വാസഗോൾ കൗമാര താരം അൻസു ഫാറ്റി (എട്ട്) നേടി.

സീസണിലെ നാലാം ജയത്തോടെ 13 പോയിന്റുമായി റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽനിന്ന് സീസണിലെ രണ്ടാം തോൽവി വഴങ്ങിയ ബാർസ ആകട്ടെ, ഏഴു പോയിന്റുമായി 12–ാം സ്ഥാനത്താണ്. റയൽ പരിശീലകനെന്ന നിലയിൽ നൂകാംപിലെ ആറു മത്സരങ്ങളിൽ ഒന്നുപോലും തോറ്റില്ലെന്ന റെക്കോർഡോടെയാണ് സിദാന്റെ മടക്കമെന്ന പ്രത്യേകതയുമുണ്ട്. ആറിൽ മൂന്നു മത്സരങ്ങൾ റയൽ ജയിപ്പോൾ, മൂന്നെണ്ണം സമനിലയിൽ അവസാനിച്ചു. 

സ്പാനിഷ് ലീഗ് ഫുട്ബോളിലെ വമ്പന്മ‍ാരെങ്കിലും ഒടുവിൽ കളിച്ച മത്സരങ്ങളിൽ കഴിഞ്ഞ വാരം കുഞ്ഞൻ ടീമുകളോടു തോറ്റതിന്റെ നിരാശയിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. റയൽ സ്വന്തം മൈതാനത്ത് കദിസിനോട് 0–1നു തോറ്റപ്പോൾ ബാർസ എവേ മൈതാനത്ത് ഗെറ്റാഫെയോടും അതേ സ്കോറിനു വീണു. ഇതിനു പിന്നാലെ റയൽ യുവേഫ ചാംപ്യൻസ് ലീഗിൽ യുക്രെയ്ൻ ക്ലബ്ബായ ഷക്തർ ഡോണെസ്കിനോട് 2–3നും തോറ്റിരുന്നു. ഈ നിരാശയെല്ലാം മായിച്ചാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ തകർപ്പൻ വിജയം സ്വന്തമാക്കിയത്.

ഒഴിഞ്ഞ ഗാലറിക്കു മുന്നിൽ നടക്കുന്ന എൽ ക്ലാസിക്കോ തണുപ്പനായിരിക്കുമെന്ന ധാരണകൾ പൊളിച്ചാണ് നൂകാംപിൽ പോരാട്ടത്തിന് തുടക്കമായത്. അഞ്ചാം മിനിറ്റിൽത്തന്നെ സന്ദർശകരായ റയൽ ലീഡ് നേടി. ബാർസ ബോക്സിലേക്കെത്തിയ മുന്നേറ്റത്തിനൊടുവിൽ കരിം ബെൻസേമയുടെ പാസ് പിടിച്ചെടുത്ത് വാർവെർദെയുടെ തകർപ്പൻ ഫിനിഷ്. സ്കോർ 1–0.

മൂന്നു മിനിറ്റിനുള്ളിൽത്തന്നെ ബാർസ തിരിച്ചടിച്ചു. റയൽ ഒരുക്കിയ ഓഫ്സൈഡ് കെണി വിദഗ്ധമായി തകർത്ത് ഇടതുവിങ്ങിലൂടെ ജോർഡി ആൽബയുടെ മുന്നേറ്റം. ഓട്ടത്തിനിടെ തൊടുത്ത തകർപ്പൻ ക്രോസ് പിടിച്ചെടുത്ത് ഗോളിലേക്ക് വഴി കാട്ടേണ്ട ചുമതല മാത്രം ഫാറ്റിക്ക്. സ്കോർ 1–1.

കളിയുടെ ഒഴുക്കിന് അനുസൃതമായി 63–ാം മിനിറ്റിൽ റയൽ ലീഡെടുത്തു. ഇത്തവണ പെനൽറ്റിയുടെ രൂപത്തിലാണ് ഗോളെത്തിയത്. റാമോസിനെ ബാർസ പ്രതിരോധ താരം ക്ലെമന്റ് ലാങ്‌ലെറ്റ് ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. വാർ പരിശോധിച്ച് റഫറി നൽകിയ പെനൽറ്റി റാമോസ് അനായാസം ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 2–1.

മത്സരം ഈ സ്കോറിൽ തീരുമെന്ന് കരുതിയിരിക്കെയാണ് മുഴുൻ സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപ് പകരക്കാരൻ താരം ലൂക്കാ മോഡ്രിച്ച് ലക്ഷ്യം കണ്ടത്. ആന്ദ്രെ ടെർസ്റ്റേഗനു പകരം ഗോൾവല കാത്ത നെറ്റോയുടെ പിഴവിൽനിന്നായിരുന്നു ഗോൾ. റോഡ്രിഗോ നൽകിയ പാസ് പിടിച്ചെടുത്ത് ബാർസ ബോക്സിനുള്ളിൽ നെറ്റോയെ വട്ടംകറക്കിയശേഷം മോഡ്രിച്ചിന്റെ തകർപ്പൻ വോളി നേരെ വലയിലേക്ക്. സ്കോർ 3–1.

∙ 2008 മേയ് മാസത്തിനുശേഷം ഇതാദ്യമായാണ് റയൽ മഡ്രിഡ് തുടർച്ചയായി രണ്ട് എൽ ക്ലാസിക്കോകളിൽ വിജയിക്കുന്നത്. പുതിയ പരിശീലകൻ റൊണാൾഡോ കൂമാനു കീഴിൽ ലാ ലിഗയിൽ വിജയമില്ലാതെ ബാർസിലോന പൂർത്തിയാക്കുന്ന മൂന്നാമത്തെ മത്സരമാണിതെന്ന പ്രത്യേകതയുമുണ്ട്.

∙ 2013ലെ കോപ്പ ദെൽ റേയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കു ശേഷം എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡിനായി പെനൽറ്റിയിൽനിന്ന് ഗോൾ നേടുന്ന ആദ്യ താരമാണ് സെർജിയോ റാമോസ്. അതേസമയം, ലാ ലിഗയിൽ ഇതിന് കുറച്ചുകൂടി നീണ്ട ചരിത്രമുണ്ട്. അവിടെ ഇതിനു മുന്‍പ് റയലിനായി എൽ ക്ലാസിക്കോയിൽ പെനൽറ്റിയിലൂടെ ഗോൾ പിറന്നത് 2007ലാണ്. റൂഡ് വാൻ നിസ്റ്റൽറൂയിയായിരുന്നു സ്കോറർ.

English Summary: Real Madrid beat Barcelona in an entertaining El Clasico behind closed doors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com