ADVERTISEMENT

നല്ല തട്ടുപൊളിപ്പൻ തമിഴ് പടം പോലെ തന്നെയാണു ചെന്നൈയുടെ ഫുട്ബോൾ. ഗോളു കൂടലും ആളു കുറയലുമെല്ലാം കളിക്കിടെ സാധാരണം. ഈ ‘ദീപാവലി ബ്രാൻഡ്’ വെടിക്കെട്ട് ഫുട്ബോളുമായിട്ടാണു ചെന്നൈ 2 വട്ടം ഐഎസ്എൽ കിരീടം ചൂടിയത്.

∙ യൂറോപ്യൻ കരുത്ത്

ഇന്ത്യൻ ഇന്റർ‌നാഷനൽ ജെജെ ലാൽപെഖ്‌ലുവയെയും ലിത്വാനിയൻ സ്ട്രൈക്കർ നെരിജസ് വാൽസ്ക്സിനെയും വിറ്റ ചെന്നൈ 2 വിദേശതാരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്: സ്ലൊവാക്യൻ ഫോർവേഡ് യാക്കൂബ് സിൽവസ്റ്ററും ബോസ്നിയൻ സെന്റർ ബായ്ക്ക് എനെസ് സിപ്‌വോയികും. വാൽസ്ക്സിനു പകരമാണു ചെന്നൈ സിൽവസ്റ്ററെ കാണുന്നത്. ക്ലബ് വിട്ട മുൻ ക്യാപ്റ്റൻ ലൂസിയൻ ഗോയന്റെ സ്ഥാനത്താകും സിപ്‌വോയിക് കളിക്കുക.

∙ ഏഷ്യയാണ് തുടിപ്പ്

തജിക്കിസ്ഥാൻ താരമായ ഫത്ഖുലോ ഫത്ഖുലോവാണു ചെന്നൈയുടെ ക്യാപ്റ്റൻ. ലാൽചുവാൻമാവിയ, ലാൽറിൻസുവാല, അനിരുദ്ധ് ഥാപ്പ, ജെറി ലാൽറിൻസുവാല, കരൺജിത് സിങ്... നല്ല പ്രായത്തിലുള്ള ഇന്ത്യൻ താരങ്ങളും ചെന്നെയ്ക്കു കരുത്തേകും. ബ്രസീലിയൻ താരങ്ങളായ റാഫേൽ ക്രിവെല്ലെറോ, മെമോ, എലി സാബിയ എന്നിവരും കൂടി ചേരുമ്പോൾ 4 വൻകരകളിൽ ചെന്നൈയ്ക്ക് ആളായി.

∙ മിറക്കിൾ മാസ്റ്റർ

റുമേനിയക്കാരനായ പരിശീലകൻ സബ ലാസ്‌ലോ പേരുകേട്ടത് ആഫ്രിക്കയിലാണ്. യുഗാണ്ടയെ ഫിഫ റാങ്കിങ്ങിൽ 181ൽ നിന്ന് 91ൽ എത്തിച്ചതോടെ അദ്ദേഹത്തിനു പേരു വീണു– അദ്ഭുത മനുഷ്യൻ. ചെന്നൈ ലാസ്‌ലോയിൽനിന്നു പ്രതീക്ഷിക്കുന്നതു പക്ഷേ, സിംപിളായ കാര്യമാണ്: കൂടുതൽ ഗോളുകൾ സ്വന്തം വലയിൽ വന്നു വീഴരുത്. കഴിഞ്ഞ തവണ ലീഗ് ഘട്ടത്തിൽ 32 ഗോളുകൾ അടിച്ചെങ്കിലും 26 എണ്ണം തിരിച്ചു വാങ്ങിയ ടീമാണു ചെന്നൈ.

English Summary: Chennaiyin FC, ISL 2020-21 - Team Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com