ADVERTISEMENT

ബാംബോലിം (ഗോവ) ∙ ‘ജോയ് മോഹൻ ബഗാൻ’ ടീമിനു ‘ജോയ് കൃഷ്ണ’യുടെ വിജയഗോൾ. ബാംബോലിമിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ ഫിജി താരം റോയ് കൃഷ്ണയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ എടികെ മോഹൻ ബഗാനു 7–ാം സീസണിലെ ആദ്യമത്സരത്തിൽനിന്നു 3 പോയിന്റ്. ബഗാന്റെ മികവിന്റെ തികഞ്ഞ വിജയമല്ലിത്. ബ്ലാസ്റ്റേഴ്സിന്റെ പോരായ്മകളുടെ പെരുക്കവുമല്ല.

പക്ഷേ, ലക്ഷ്യബോധമുള്ള നീക്കങ്ങളും ആക്രമണത്തിലെ മൂർച്ചയും കൂട്ടിയാലേ വരുംമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനു മുന്നേറാനാവൂ എന്നു മത്സരത്തിൽ തെളിഞ്ഞ കാര്യം. ബഗാൻ ഗോളിയെ പരീക്ഷിച്ച ഒരൊറ്റ ഷോട്ട് പോലും ഉണ്ടായില്ല എന്ന ആദ്യപാഠം ബ്ലാസ്റ്റേഴ്സിനെ ശരിക്കും ഇരുത്തിച്ചിന്തിപ്പിക്കേണ്ടത്. കഴിഞ്ഞ സീസണിലെ അവസാന മത്സരം കളിച്ച എടികെയിലെ 7 പേരുമായാണു ബഗാൻ തുടക്കമിട്ടത്. പോയ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിലെ 2 പേർ മാത്രമാണു ബ്ലാസ്റ്റേഴ്സിനായി ഇന്നലെ ബൂട്ടുകെട്ടിയത്; ജെസൽ കാർനെയ്റോയും സഹൽ അബ്ദുൽ സമദും.  

അടിമുടി പുതുമ

ലൈനപ്പിൽ സർപ്രൈസുകളുമായാണു കിബു വിക്കൂന  തുടക്കമിട്ടത്. കൂടുതൽ കാശുകൊടുത്തു കൊണ്ടുവന്ന വിങ് ബാക്ക് നിഷു കുമാറിനു സ്ഥാനം നൽകിയില്ല. പകരം മലയാളി താരം കെ.പ്രശാന്ത് വലതു വിങ്ബാക്കായി അരങ്ങേറി. കെ.പി.രാഹുൽ പകരക്കാരുടെ പട്ടികയിൽപ്പോലും ഉണ്ടായിരുന്നില്ല. പരുക്കാണു കാരണം. ഏതാനും മത്സരങ്ങൾകൂടി രാഹുലിനു നഷ്ടമാകുമെന്നു സൂചനകൾ. യുവതാരം ഋത്വിക് ദാസ് മുന്നേറ്റനിരയിലെത്തി. പ്രശാന്തിന്റെ വേഗം റോയ് കൃഷ്ണയുടെ വേഗത്തിനു കത്രികപ്പൂട്ടിടാൻ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോച്ച് എന്നതു വ്യക്തം.

പ്രശാന്തിന്റെ വാതിൽ ഒഴിവാക്കാൻ കൃഷ്ണ പലപ്പോഴും ശ്രമിച്ചു. നടുവിലൂടെ കയറാനുള്ള കൃഷ്ണയുടെ ശ്രമങ്ങളെ കോസ്റ്റയും കോനെയും ചേർന്നു വിഫലമാക്കി. സെറ്റ് പീസ് നിമിഷങ്ങളിൽ കൃഷ്ണയെന്ന ഗോളടി വീരനെ പ്രശാന്ത് വട്ടംപിടിച്ചു. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മേഖലയ്ക്കു മുൻപിൽ തുറന്നെടുക്കാമായിരുന്ന ഒരവസരത്തിൽ മുന്നോട്ടു കയറിച്ചെല്ലുന്നതിനു പകരം ലോങ്റേഞ്ചർ തൊടുക്കാനാണു കൃഷ്ണ ശ്രമിച്ചത്. ഗോളിലേക്കു പെട്ടെന്ന് എത്താനാവാത്തിന്റെ അസ്വസ്ഥത! 

മുടിയൻമാർ കലക്കി

ഏറെക്കാലത്തിനുശേഷം ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറപ്പേറിയതെന്നു തോന്നിച്ച മത്സരമായിരുന്നു. ബെക്കാരി കോനെയും കോസ്റ്റയും മുടിപറത്തി സ്വന്തം ഗോൾ മേഖലയിൽ പാഞ്ഞുനടന്ന് പ്രതിരോധക്കൊടിയുയർത്തി. പക്ഷേ, പിഴച്ചു പോയ ഒരു നിമിഷം പരാജയത്തിലേക്കുള്ള പതനമായിപ്പോയി. ടീമുകൾ രണ്ടും ‘സെറ്റ്’ ആവാത്തതിന്റെ ലക്ഷണങ്ങൾ ആദ്യപകുതിയിൽ ഉടനീളം പ്രകടമായിരുന്നു. കഴിഞ്ഞ സീസണിൽ കളിച്ച ടീമിലെ ഭൂരിഭാഗം താരങ്ങളും ഇക്കുറിയും അണിചേർന്നെങ്കിലും കൊതിച്ചൊരു തുടക്കം ബഗാനു സാധ്യമായില്ല.

കോച്ച് വിക്കൂന പഠിപ്പിച്ച പാസിങ് ഗെയിമിന്റെ പ്രകടനത്തിനാണു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. പക്ഷേ, പാസിങ്ങിന്റെ സൂക്ഷ്മഘടകങ്ങൾ ‘മിസിങ്’ ആയിരുന്നു. പ്രീ–സീസൺ ആവശ്യത്തിനു ലഭിച്ചില്ല എന്നതു പാസിങ് പിഴവുകളിൽനിന്നു വ്യക്തമായിരുന്നു. ആദ്യ പകുതിയുടെ അവസാനമായപ്പോഴേക്കും കൊൽക്കത്തക്കാർ ഫൗളുകൾക്കു മുതിർന്നു. തൊട്ടതിനും പിടിച്ചതിനും ഫൗൾ. അതോടെ കളിയുടെ ഒഴുക്കും നഷ്ടമായി. 2–ാം പകുതിയിൽ മെച്ചപ്പെട്ട കളിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. പക്ഷേ, കൂടുതൽ പ്രഫഷനലിസം കൊൽക്കത്തക്കാർക്ക്. ഗോളിലേക്കുള്ള പാസ് കൊടുത്ത മൻവീർ സിങ് ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്കു കയറിയശേഷം  തിരികെ വന്നതും മധ്യത്തിലേക്കു പാസ് കൊടുത്തതും ഒരുദാഹരണം. 

പ്രതിരോധത്തിലെ മികച്ച മുഹൂർത്തങ്ങൾക്കിടയിലെ ഒരേയൊരു വീഴ്ച ബ്ലാസ്റ്റേഴ്സിനെ നിരാശയിലാഴ്ത്തിയതാണു മത്സരത്തിന്റെ 67–ാം മിനിറ്റിൽ കണ്ടത്. ബോക്സിലേക്കു വന്ന പന്തിനായി സിഡോയും വിസെന്റെ ഗോമസും ഒരുപോലെ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. ആശയക്കുഴപ്പത്തിനിടയിൽനിന്നു ഹീറോയായി റോയ് കൃഷ്ണ പന്തിലേക്കു വന്നു. ഇടങ്കാൽ ഷോട്ട്. ഗോളി ആൽബിനോ ഗോമസിന്റെ ചാരെ പന്തു വലയിലേക്ക്. കുറുകെവീണ കോസ്റ്റയ്ക്കും അതു തടയാനായില്ല. 

MAN OF THE MATCH-റോയ് കൃഷ്ണ 

തന്റെ പതിവു മികവിന് അടുത്തെത്തിയില്ലെങ്കിലും ഒരേയൊരു ഗോളിൽ മത്സരഫലം നിർണയിക്കാൻ മുപ്പത്തിമൂന്നുകാരൻ റോയ് കൃഷ്ണയ്ക്കായി. കഴിഞ്ഞ സീസണിൽ 15 ഗോളുകളുമായി എടികെയെ കിരീടത്തിലെത്തിച്ച ഫിജി താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോൾ. അപാരമായ ഫിനിഷിങ് മികവുള്ള കൃഷ്ണയെ ആദ്യ പകുതിയിൽ ചെറുക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിജയിച്ചെങ്കിലും കണ്ണു തെറ്റിയ ഒരു നിമിഷത്തിൽ കൃഷ്ണയുടെ ഷോട്ട് വലയിലെത്തി.

ഇന്ത്യൻ വംശജനായ കൃഷ്ണ ഓസ്ട്രേലിയയിലെ ഒന്നാം ഡിവിഷൻ ലീഗായ എ ലീഗിലെ ടോപ് സ്കോററായിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് എടികെയിലെത്തിയത്. 21 മത്സരങ്ങളിൽ 15 ഗോളുകളും 6 അസിസ്റ്റുകളുമായി ടീമിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ചു. എടികെയും മോഹൻ ബഗാനും ലയിച്ചപ്പോൾ ക്ലബ്ബുമായി പുതിയ കരാറിലും കൃഷ്ണ ഒപ്പുവച്ചു. 

‘മികച്ച ജീവിതാവസരങ്ങൾ തേടി എന്റെ പൂർവികർ 140 വർഷം മുൻപ് കൊൽക്കത്തയിൽ നിന്നു ഫിജിയിലേക്കു കുടിയേറി. ഇപ്പോഴിതാ, ഞാൻ അവിടേക്കു തന്നെ തിരികെയെത്തുന്നു’

– കഴിഞ്ഞ സീസണിൽ എടികെയുമായി കരാർ ധാരണയായപ്പോൾ റോയ് കൃഷ്ണ ട്വിറ്ററിൽ കുറിച്ചത്. 

MATCH STATS

ബ്ലാസ്റ്റേഴ്സ്, എടികെ 

60% പന്തവകാശം 40%

0 ഗോൾ ഷോട്ട് 2

491 ആകെ പാസുകൾ 224

15 ഫൗൾ 13

6 കോർണർ 3

0 ഓഫ്സൈഡ് 2

2 മഞ്ഞക്കാർഡ് 1

 

English Summary: Kerala Blasters Vs ATK Mohun Bagan, ISL 2020-21 Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com