ADVERTISEMENT

ഇന്ന് പെലെ ദിനം. പക്ഷേ, പെലെയുടെ ജന്മദിനമല്ല പെലെ ദിനമായി ആഘോഷിക്കുന്നത്. എന്താണ് പെലെ ദിനത്തിന്റെ പ്രസക്തി? ചരിത്രം വഴിമാറിയ ഒരു ഗോളിന്റെ ഓർമയ്ക്കായിട്ടാണ് പെലെ ദിനം ആഘോഷിക്കുന്നത്. ഫുട്ബോൾ ചക്രവർത്തി പെലെ ആയിരം ഗോളുകൾ തികച്ചതിന്റെ ഓർമ ദിനം. ആ ഓർമകൾക്ക് ഇന്ന് 51 വയസ് പൂർത്തിയാകുകയാണ്. പ്രഫഷണൽ ഫുട്ബോളിൽ ഒരു താരം ആദ്യമായി ആയിരം ഗോളുകൾ തികച്ചതും അന്നാദ്യം. 

1969 നവംബർ 19. ആയിരം ഗോളുകൾ എന്ന നാഴികകല്ലിലേക്ക് പെലെയ്ക്ക് ഒരു ഗോളിന്റെ മാത്രം ദൂരം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ പ്രശസ്തമായ മാറക്കാന സ്‌റ്റേഡിയം. കറുത്ത മുത്തിന്റെ ചരിത്രനേട്ടം നേരിൽക്കാണാനെത്തിയത് മുക്കാൽ ലക്ഷത്തോളം കാണികളാണ് എത്തിയത്. പെലെയുടെ സ്വന്തം സാന്റോസ് എഫ്സിയും വാസ്‌കോ ഡ ഗാമയും ഒരു ലീഗ് മൽസരത്തിലാണ് അന്ന് ഏറ്റുമുട്ടിയത്.  ഉച്ചമുതൽ പെയ്തുതകർത്ത ശക്‌തമായ മഴ കളിമുടക്കുമെന്നുപോലും സംശയിച്ചിരുന്നു. 

റിനെ, ഫെർണാണ്ടോ എന്നീ രണ്ടു ഡിഫൻഡർമാര്‍ തീർത്ത പ്രതിരോധം കാരണം ആദ്യത്തെ അരമണിക്കൂറിൽ പന്തു സ്‌പർശിക്കാൻപോലും പെലെയ്ക്ക് സാധിച്ചില്ല. കളിയുടെ 78–ാം മിനിട്ട്. സ്കോർ 1–1.  വാസ്‌കോയുടെ പ്രതിരോധം തകർത്തുകൊണ്ട് പെനൽറ്റി ബോക്‌സിലേക്കു പെലെയുടെ മുന്നേറ്റം. വാസ്‌കോയുടെ ബാക്ക് ഫെർണാണ്ടോയുടെ പിന്നിൽനിന്നുള്ള ‘ഡൈവിങ്ങി’ൽ പെലെ തെറിച്ചുവീണു.

റഫറിയുടെ വിസിൽ – പെനൽറ്റി.  ആയിരം ഗോൾ എന്ന നാഴികകല്ല് പെനൽറ്റിയിലൂടെ സ്വന്തമാക്കുക എന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചില്ല. പെലെ തന്നെ പന്ത് ‘സ്‌പോട്ടി’ൽ വച്ചു. ഗ്യാലറിയിൽ ആഘോഷാരവങ്ങൾ തുടങ്ങിയിരുന്നു. നിമിഷങ്ങളോളം പെലെ പന്തിനു മുന്നിൽ നിന്നു.  വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ടു കറുത്ത മുത്ത് കിക്കെടുത്തു.  അർജന്റീനക്കാരൻ എഡ്ഗാർഡോ അന്ദ്രാദേ കാവൽനിന്ന വാസ്‌കോയുടെ ഗോൾപോസ്‌റ്റിലേക്ക് പെലെയുടെ ഗോൾ. ലോകം മുഴുവൻ തനിക്കെതിരെ തിരിഞ്ഞ നിമിഷം എന്നാണ് അന്ദ്രാദേ ആ നിമിഷത്തെപ്പറ്റി പിന്നീട് പറഞ്ഞത്. ഇതോടെ പെലെയുടെ ആകെ ഗോളുകളുടെ എണ്ണം ആയിരം എന്ന മാന്ത്രികസംഖ്യയിലെത്തി. പെലെയുടെ പ്രഫഷണൽ കരിയറിലെ 909–ാമത്തെ മൽസരമായിരുന്നു അത്. ചരിത്രം പിറക്കുമ്പോൾ പെലെയ്ക്ക് പ്രായം 29 വയസ്. 

ഗാലറി ആർത്തിരമ്പി. ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി. പത്രലേഖകരും ഫൊട്ടോഗ്രഫർമാരും ഗ്രൗണ്ടിനുള്ളിലായി. ‘1000’ എന്ന് എഴുതിയ പുതിയ ജഴ്‌സിയുമായെത്തിയ ആരാധകർ പെലെ ധരിച്ച സാന്റോസ് ജഴ്‌സി മാറ്റി പുതിയത് അണിയിച്ചു. 25 മിനിട്ടുകൾക്കുശേഷമാണ് മൽസരം വീണ്ടും ആരംഭിച്ചത്. 

സാന്റോസ് പെലെയ്‌ക്കു വിശ്രമം നൽകി. പകരക്കാരനെ ഇറക്കി. ആരാധകർ അണിയിച്ച ജഴ്‌സി സർവകാല നിധിയായി പെലെ എക്കാലവും സൂക്ഷിക്കുന്നു. പെനാൽറ്റിയിലൂടെ  ഗോൾ നേടിയ ആ പന്ത് പെലെ അപ്പോൾതന്നെ സ്വന്തമാക്കിയിരുന്നു. പിന്നെ കളിയുടെ ബാക്കി സമയം മറ്റൊരു പന്ത് ഉപയോഗിച്ചാണ് കളിച്ചത്. ആ പന്താകട്ടെ ഇന്നും സാവോ പോളോയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 

ആയിരം ഗോളുകൾ നേടി ഫുട്‌ബോൾ ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ പെലെ അന്ന് ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ‘ഈ ഗോൾ എന്റെ ബ്രസീലിലെ ഏറ്റവും പാവപ്പെട്ട കുട്ടിക്ക് ഞാൻ സമർപ്പിക്കുന്നു’.  മാറക്കാന സ്‌റ്റേഡിയത്തിൽ ആ ഗോളിന്റെ സ്‌മരണികാഫലകവും സ്‌ഥാപിച്ചു. ലോകഫുട്ബോളിന്റെ ഭാഗമായി മാറിയ ആ ഗോൾ നേടിയതിന്റെ സ്‌മരണയ്‌ക്കായി നവംബർ 19 ‘പെലെ ദിന’മായി സാന്റോസ് എല്ലാ വർഷവും ആഘോഷിക്കുന്നു. 

∙ പെലെയുടെ ഗോളുകൾ

ഫിഫയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഫിഫാ മാഗസിന്റെ കണക്കുകൾ പ്രകാരം 1363 മൽസരങ്ങളിൽനിന്ന് 1281 ഗോളുകൾ എന്നതാണു പെലെയുടെ പേരിലുള്ള റെക്കോർഡ്. ഇതിൽ ദേശീയ ടീമിനുവേണ്ടി അടിച്ചുകൂട്ടിയത് 95 ഗോളുകൾ. നാലു ലോകകപ്പുകളിൽ നിന്നായി അദ്ദേഹം നേടിയത് 12 ഗോളുകളായിരുന്നു. 1958ൽ ആറ്, 1962ൽ ഒന്ന്, 1966ൽ ഒന്ന്. 1970ൽ നാല് എന്നിങ്ങനെ. എന്നാൽ   ബ്രസീൽ ഫുട്‌ബോൾ അസോസിയേഷന്റെയും കണക്കുകളും പെലെയുടെ ആത്മകഥയിലെ (എന്റെ ജീവിതവും സുന്ദരമായ കളിയും)  ഗോൾ പട്ടികയും തമ്മിൽ നേരിയ വ്യത്യാസമുണ്ടെന്ന് കാണാം. 

English Summary: November 19 - Pele Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com