sections
MORE

ഇത് കോച്ചിന്റെ ടീം: പുതിയ ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് ഐ.എം. വിജയൻ എഴുതുന്നു

kibu-vicuna
പരിശീലനത്തിനിടെ താരങ്ങൾക്ക് നിർദ്ദേശം നൽകുന്ന കിബു വിക്കൂന (കേരളാ ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഏഴാം വരവിൽ ഐഎസ്എലിനൊരു ‘സ്പെഷൽ’ പരിവേഷമാണ്. ഒന്നല്ല, ഒരു കൂട്ടം പ്രത്യേകതകളുടേതാണ് ഈ സീസൺ. കാണികളില്ല എന്നതു തന്നെ ഇതിലാദ്യം. കളിക്കാരെ സംബന്ധിച്ച് ഇതൊരു നഷ്ടമാണ്. അതോർക്കുമ്പോൾ മനസ്സിലേക്കു പഴയൊരു കളിയെത്തും. 1997ൽ കൊച്ചിയിൽ നടന്ന നെഹ്റു കപ്പിൽ ഇറാഖിനെതിരായ ഇന്ത്യയുടെ കളി. ആർത്തിരമ്പുന്ന അരലക്ഷത്തിലേറെപ്പേരുടെ പിന്തുണ കൊണ്ടുമാത്രമാണു വമ്പൻമാരായ ഇറാഖിനെതിരെ ഞങ്ങൾ അന്നു പിടിച്ചുനിന്നത്. അവർ ഒരു ചുവടു വച്ചാൽ നമ്മൾ രണ്ടു ചുവടു വയ്ക്കണമെന്ന ഊർജമായിരുന്നു ഞങ്ങൾക്കു ഗാലറിയിലെ ആ ആവേശം.

ചാംപ്യൻസ് ലീഗിന്റെയും ലാ ലിഗയുടെയുമെല്ലാം പാതയിൽ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണു കളിയെങ്കിലും ഐഎസ്എലിനു പുതുജീവൻ പകരുന്നൊരു പ്രത്യേകതയുണ്ട്; ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും വരവ്. കൊൽക്കത്ത ലീഗിന്റെ വീറും വാശിയും കൂടിയാണ് ഈ ടീമുകൾക്കൊപ്പം ഐഎസ്എലിന്റെ ഭാഗമാകുന്നത്.

7–ാം വരവിൽ ടീമുകളിലുമുണ്ടു വലിയ മാറ്റങ്ങൾ. പ്രവചിക്കാൻ നോക്കിയാലും പിടിതരുന്നില്ല ടീമുകളുടെ സാധ്യതകൾ. അതുതന്നെ ലീഗിനു ശുഭസൂചനയാണ്. ദീർഘമേറിയ യാത്രകളും തിരക്കേറിയ ഷെഡ്യൂളുമില്ലാതെ ഗോവയിൽ തന്നെയാണ് എല്ലാ മത്സരങ്ങളുമെന്നതും നല്ല കളി ഉറപ്പു തരുന്നു.

ബ്ലാസ്റ്റേഴ്സിലും ആവേശം കാണാം. നമുക്കു നല്ല ടീമുണ്ട് ഇത്തവണ. ഫുട്ബോളിൽ കടിഞ്ഞാൺ കോച്ചിന്റെ കൈകളിലാണ്. താരത്തിളക്കം ആവശ്യത്തിലേറെയുണ്ടെങ്കിലും സിനദിൻ സിദാനെപ്പോലെയുള്ള പരിശീലകർ അവർക്ക് ആവശ്യമുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടില്ലേ? കോച്ചിന്റെ ടീം എന്ന നിലയ്ക്കു കാണാം ഈ ബ്ലാസ്റ്റേഴ്സിനെ. ‘പക്കാ പ്രഫഷനൽ’ എന്നു പറയാവുന്നതായിരുന്നു ഇക്കുറി ടീമൊരുക്കം. അതിന്റെ ഗുണം കളത്തിലുണ്ടാകും. ആരാധകരുടെ കയ്യടി ‘മിസ്’ ആകുമെന്നു മാത്രം.

English Summary: I.M. Vijayan about Kerala Blasters team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA