sections
MORE

ബ്ലാസ്റ്റേഴ്സ് ‘പ്രകടന പത്രിക’; ആരാധകർക്ക് ‘തപാൽ വോട്ട്’

kbfc-training
കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ (കേരളാ ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഐഎസ്എൽ കിരീടമെന്ന സ്വപ്നത്തിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ‘ഗോവൻ പര്യടനത്തിന്’ ഇന്നു തുടക്കം. എതിരാളികൾ ‘സിറ്റിങ് സീറ്റ്’ നിലനിർത്താൻ കച്ച കെട്ടിയിറങ്ങുന്ന എടികെ മോഹൻ ബഗാൻ. 2 വട്ടം ഫൈനലിൽ തങ്ങളുടെ വഴി മുടക്കിയ കൊൽക്കത്ത ക്ലബ്ബിനെ ഇന്നു തോൽപിച്ചാൽ കിരീടത്തിലേക്കു ‘സത്യപ്രതിജ്ഞ’ ചെയ്തു കയറാൻ ബ്ലാസ്റ്റേഴ്സിനു മികച്ചൊരു തുടക്കം കിട്ടും. ബാംബോലിമിൽ കാണികൾക്കു പ്രവേശനമില്ലാത്ത സ്റ്റേഡിയത്തിൽ രാത്രി 7.30നാണു കിക്കോഫ്.

ബ്ലാസ്റ്റേഴ്സ് ‘പ്രകടന പത്രിക’

കരുത്ത്: കടലാസിൽ സന്തുലിത ടീം. ഓരോ പൊസിഷനിലും പകരം വയ്ക്കാനാളുണ്ട്. പ്രതിരോധം ശക്തം. ആക്രമണത്തിന്റെ കരുത്തുകൂട്ടാൻ കെൽപുള്ളവരാണു പ്രതിരോധക്കാർ. എതിരാളികൾക്കുമേൽ സമ്മർദം ഏൽപിക്കാനും പന്തു റാഞ്ചാനും പറന്നു കളിക്കുന്ന യുവതാരങ്ങൾ. കളിയുടെ മർമം അറിയുന്ന പരിശീലകൻ. യുവാക്കളിൽ വിശ്വാസമുള്ളയാൾ; അവസരം നൽകാൻ മടിയില്ല. ‘പാസിങ് ആൻഡ് പ്രസ്സിങ്’ ആണു ശൈലി. ഗോളിയി‍ൽനിന്ന് എതിർബോക്സിലേക്കു പാസുകളിലൂടെ മുന്നേറുക; എതിരാളികൾക്കു പന്തുകിട്ടുമ്പോൾ കടന്നാക്രമിച്ചു ‘പ്രസ്’ ചെയ്യുക.

പോരായ്മ: പരിചയസമ്പത്തു കുറഞ്ഞ ഗോൾകീപ്പർമാർ. പ്രീ–സീസൺ മത്സരങ്ങൾ കുറവ്. കാണികളുടെ സാന്നിധ്യമില്ല. ബെക്കാരി കോനെ പോയ സീസണിൽ കാര്യമായി കളിച്ചിട്ടില്ല.

Kerala-Blasters-7
ഗോവയിൽ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രോഹിത് കുമാറും (ഇടത്ത്) സെർജിയോ സിഡോഞ്ചയും പരിശീലനത്തിൽ.

ആരാധകർക്ക് ‘തപാൽ വോട്ട്’

ഇന്നത്തെ മത്സരം നടക്കുന്ന ബാംബോലിം ഉൾപ്പെടെ ടൂർണമെന്റിലെ 3 സ്റ്റേഡിയങ്ങളിലും കാണികൾക്കു പ്രവേശനമില്ല. പക്ഷേ, ‘നിശ്ശബ്ദ പ്രചാരണം’ പോലെ സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ്, ബഗാൻ ആരാധകർ പോർവിളി തുടങ്ങിക്കഴിഞ്ഞു.  വണ്ടി പിടിച്ച്, ആടിപ്പാടി കൊച്ചിയിലേക്കുള്ള വരവും മുഖത്തു മഞ്ഞ പൂശി സ്റ്റേഡിയം ചുറ്റിയുള്ള പ്രദക്ഷിണവും ഗാലറിയിലെ മഞ്ഞത്തിരമാലകളും കളി പ്രേമികൾ മിസ് ചെയ്യുന്നു. ‘കപ്പടിക്കണം, കലിപ്പടക്കണം’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഇക്കുറിയില്ല.

ഈ പുതിയ ടീമിൽ ഞാൻ സന്തുഷ്ടൻ. നല്ല യുവതാരങ്ങളുണ്ട്. വിദേശതാരങ്ങൾ പലരും വ്യത്യസ്ത അവസ്ഥകളിലാണ്. എന്നാലും ബഗാനെ നേരിടാൻ ഞങ്ങൾ തയാർ.

കിബു വിക്കൂന, ബ്ലാസ്റ്റേഴ്സ് കോച്ച്

പ്രതിപക്ഷം ശക്തരാണ്

ഐഎസ്എലിലെ ഏറ്റവും ശക്തമായ ടീമാണ് ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഐഎസ്എൽ ചാംപ്യൻമാരായ എടികെയും ഐ ലീഗ് ചാംപ്യൻമാരായ മോഹൻ ബഗാനും ലയിച്ചു രൂപംകൊണ്ട എടികെ മോഹൻ ബഗാനിൽ 2 ടീമിലെയും സൂപ്പർ താരങ്ങളുണ്ട്. റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ചേർന്ന മുന്നേറ്റം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വെറുതെയിരിക്കാൻ സമ്മതിക്കില്ല. ടിരിയും സന്ദേശ് ജിങ്കാനും ചേർന്ന പ്രതിരോധം ഹൂപ്പറിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിനു മുന്നിൽ മതിലാകും.

സീറ്റുകൾ ആർക്കൊക്കെ?

കളിക്കാരെ ചുമ്മാ മാറ്റി പരീക്ഷിക്കുന്നയാളല്ല ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കൂന. കൃത്യമായ ആസൂത്രണമുണ്ട്. മുൻനിരയിൽ ഖർപൻ ഉൾപ്പെടെയുള്ള യുവാക്കൾക്കു സാധ്യതയുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽനിന്ന് 7 പേർ ഫസ്റ്റ് ടീമിലെത്തി. കഴിഞ്ഞ സീസണിൽ റോയ് കൃഷ്ണയുടെ മുനയൊടിച്ച റാകിപ് ഇന്നു ടീമിലില്ല. പകരം നിഷുകുമാറാണുള്ളത്. ഫാക്കുൻഡോ പെരേരയ്ക്കു ടീമിനൊപ്പം ഏതാനും ദിവസമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ, അറ്റാക്കിങ് മിഡ്ഫീൽഡറായി സിഡോഞ്ച ഇറങ്ങാനാണു സാധ്യത. രാഹുലും നവോറെമും വിങ്ങുകളിലൂടെ ആക്രമണത്തിൽ ഗാരി ഹൂപ്പറിനു കൂട്ടാവും.

പാർട്ടി മാറിയവർ

ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കൂന കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ്. ബഗാൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ കഴിഞ്ഞ സീസൺ വരെ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ വിശ്വസ്തനും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA