sections
MORE

‘ഇത് ശുഭസൂചന; തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ആണ് 2 തവണ ഫൈനലിലെത്തിയത്’

im-vijayan-hero
SHARE

സീസണിലെ ആദ്യമത്സരം. നിലവിലെ ജേതാക്കൾക്ക് ഏകപക്ഷീയമായ ഒരു ഗോൾ ജയം. ഐഎസ്എലിന്റെ സ്റ്റാറ്റ്സിൽ ഇതാകും ആദ്യ മത്സരത്തിന്റെ ചുരുക്കെഴുത്ത്. പക്ഷേ, ഒരു പോയിന്റുമില്ലാതെ മടങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിനു സന്തോഷിക്കാം. കാര്യമായ പ്രീസീസണും കണ്ടീഷനിങ് ക്യാംപുമൊന്നുമില്ലാതെ ആദ്യ കളിയിൽ ഇത്രയേറെ ഒത്തിണക്കം കാണിച്ചതിനു ടീം കയ്യടി അർഹിക്കുന്നു.

നിലവിലെ ഐഎസ്എൽ ജേതാക്കളും ഐ ലീഗ് ജേതാക്കളും ഒരുമിച്ചു ചേർന്നൊരു ടീമിനു മുന്നിൽ അവർ പുറത്തെടുത്തത് ഒന്നാന്തരം കളി തന്നെയാണ്. ഇഷ്ടം തോന്നിപ്പിക്കുന്ന കളി. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇങ്ങനെ കളിക്കുന്നതു ഞാനാദ്യമായി കാണുകയാണ്. ഇതിനു മുൻപു ജയത്തോടെ തുടങ്ങിട്ടുണ്ടെങ്കിലും ഇത്ര ഒഴുക്കോടെ കളിച്ചിട്ടില്ല.

ബ്ലാസ്റ്റേഴ്സിൽ പുതിയൊരു ആവേശം കാണാമെന്നു മുൻപു പറഞ്ഞതു വെറുതെയായില്ല. പ്രതിരോധത്തിലാണ് അതേറെ പ്രകടമായത്. ഗോളിനു മുന്നിൽ കോസ്റ്റയും കോനെയും നെഞ്ചു വിരിച്ചു നിൽക്കുന്ന കാഴ്ച പ്രതീക്ഷ പകരുന്നു. ആദ്യകളിയിൽതന്നെ ഇരുവരും പരസ്പര ധാരണ കാട്ടി. ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളിലെല്ലാം പോസിറ്റീവ് സമീപനം കാണാനായി. യുവതാരനിരയും ഉണർന്നു ശ്രമിച്ചു.

സഹലിന്റെ കാര്യത്തിൽ മാത്രമാണു മറിച്ചുപറയാനുള്ളത്. മത്സരത്തിൽ ഹീറോ ആകാനുള്ള 2 അവസരങ്ങളാണു സഹലിനു മുന്നിൽ തുറന്നുകിട്ടിയത്. ഇത്തരം സന്ദർഭങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ ടീമിന്റെ ഇംപാക്ട് പ്ലെയറെന്ന നിലയ്ക്കു വളരാനാകൂ. റോയ് കൃഷ്ണയുടെ ഗോൾ തന്നെ ഇതിനുദാഹരണം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ആ സ്ട്രൈക്കർ. അതിനിടെയൊരു സുവർണാവസരം വീണുകിട്ടി; അതു ഗോളുമാക്കി, കളിയും കൈക്കലാക്കി.

ഏവരെയുംപോലെ ഞാനും ബഗാൻ ജഴ്സിയിലെ സന്ദേശ് ജിങ്കാന്റെ പ്രകടനത്തിനായി കാത്തിരിക്കുകയായിരുന്നു. വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞ് ഇത്ര വലിയൊരു വേദിയിൽ തന്റെ ആദ്യ മത്സരത്തിനാണു ജിങ്കാൻ ബൂട്ടു കെട്ടിയത്. എന്നിട്ടും ജിങ്കാൻ ക്ലാസ് തെളിയിക്കുന്ന പ്രകടനമാണു പുറത്തെടുത്തത്.

ബ്ലാസ്റ്റേഴ്സിന് ഇനി ധൈര്യത്തോടെ അടുത്ത മത്സരത്തിനൊരുങ്ങാം. ഫിനിഷിങ്ങിൽകൂടി ടീമിന് അൽപം മൂർച്ച വരാനുണ്ട്. ഈ തോൽവി ഒരു ശുഭസൂചനയെന്നേ ഞാൻ പറയൂ. തോൽവി വിജയത്തിന്റെ മുന്നോടിയാണല്ലോ. ജയിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സല്ല, പരാജയം കണ്ടുതുടങ്ങിയ ബ്ലാസ്റ്റേഴ്സാണ് ഇതിനു മുൻപു 2 തവണ ഫൈനൽ വരെയെത്തിയത്.

English Summary: IM Vijayan on Kerala Blasters FC Performance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA